'സര്‍ഗോത്സവം 18' കലാമാമാങ്കത്തിന് അനന്തപുരിയില്‍ നാളെ തിരിതെളിയും
തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ സംസ്ഥാന കലാമേളയായ സര്‍ഗോത്സവത്തിന് അനന്തപുരിയില്‍ നാളെ തിരിതെളിയും. നാളെ മുതല്‍ ഡിസംബര്‍ അഞ്ചു വരെ കനകക്കുന്നിലെ നിശാഗന്ധി, സൂര്യകാന്തി വേദികളിലായാണു സര്‍ഗോത്സവം അരങ്ങേറുക. സംസ്ഥാനത്തെ 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍നിന്നും 112 പ്രീ മെട്രിക് ഹോസ്റ്റലുകളില്‍നിന്നുമുള്ള നൂറുകണക്കിനു വിദ്യാര്‍ഥികള്‍ മൂന്നു നാള്‍ നഗരത്തിന് കലാവിരുന്നൊരുക്കും.
മൂന്നിന് രാവിലെ 11ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ കലാമേള ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷനാകും. ഇതിനു മുന്നോടിയായി വെള്ളയമ്പലത്തുനിന്ന് കനകക്കുന്നിലേക്ക് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ഥികളും രാഷ്ട്രീയ സാംസ്‌കാരിക ഗോത്ര മേഖലകളിലെ പ്രമുഖരും അണിനിരക്കും. നിശാഗന്ധിക്കും സൂര്യകാന്തിക്കും പുറമേ നീലാംബരി, നീലക്കുറിഞ്ഞി, കണിക്കൊന്ന എന്നിങ്ങനെ മൂന്ന് വേദികള്‍കൂടി സര്‍ഗോത്സവത്തിനായി ഒരുക്കിയിട്ടുണ്ട്. സീനിയര്‍ വിഭാഗത്തില്‍ 20ഉം ജീനിയര്‍ വിഭാഗത്തില്‍ 12ഉം ഇനങ്ങളിലാണു മത്സരങ്ങള്‍. നാടോടിനൃത്തം, സംഘനൃത്തം, സംഘഗാനം, മിമിക്രി, മോണോആക്ട്, നാടകം, ലളിതഗാനം, കവിതാരചന, ഉപന്യാസം, പെയ്ന്റിങ് തുടങ്ങിയവയ്ക്കു പുറമേ പരമ്പരാഗത നൃത്തം, പരമ്പരാഗത ഗാനം എന്നീ ഇനങ്ങളിലും മത്സരങ്ങളുണ്ട്. വിജയികള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അനുവദിക്കുന്ന രീതിയില്‍ത്തന്നെ ഗ്രേസ് മാര്‍ക്കും നല്‍കും. ഡിസംബര്‍ അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."