സഊദിയിൽ ബുദ്ധിജീവികളും എഴുത്തുകാരും തടവിലെന്നു റിപ്പോർട്ട്
ദുബായ്: സഊദിയിൽ നിരവധി പൊതുപ്രവർത്തകർ പിടിയിലായതായി റിപ്പോർട്ട്. ബുദ്ധിജീവികളും ഏഴുകാരായവരുമായ എട്ടു പേരെയാണ് സഊദി ഭരണകൂടം തടവിലാക്കിയതെന്നു റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. ലണ്ടൻ ആസ്ഥാനമായുള്ള സഊദി റൈറ്റ്സ് ഗ്രൂപ്പ് (അൽ ഖസ്ത്) നെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
അവരവരുടെ വീടുകളിൽ നിന്നും അറസ്‌റ്റു ചെയ്‌തു കൊണ്ട് പോയ ഇവർ നിലവിൽ അധികൃതരുടെ കസ്‌റ്റഡിയിലാണെന്നു സംഘടന ആരോപിച്ചു. തലസ്ഥാന നഗരിയായ റിയാദ്, ചെങ്കടൽ തീരത്തെ ജിദ്ദ നഗരി എന്നിവിടങ്ങളിലെ വീടുകളിൽ നിന്നാണ് ഇവരെ കഴിഞ്ഞയാഴ്ച്ച അറസ്‌റ്റ് ചെയ്‌തു കൊണ്ട് പോയത്. എന്നാൽ, ഇവരെ അറസ്‌റ്റ് ചെയ്യാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്നും സംഘടനാ ആരോപിച്ചു. സംഭവത്തെ കുറിച്ച് സഊദി അധികൃതർ ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അറസ്‌റ്റ് ചെയ്യപ്പെട്ടവർ രാജ്യത്തെ മുൻനിര ആക്റ്റിവിസ്റ്റുകളെന്നും ചിലർ ബുദ്ധിജീവികളും മറ്റു ചിലർ എഴുത്തുകാരുമാണെന്നാണ് റിപ്പോർട്ടുകൾ. 2017 ൽ സഊദിയിൽ നിരവധി സ്വതന്ത്ര ചിന്തകരെ അറസ്റ്റു ചെയ്‌തിരുന്നു. 2018 ൽ ഒരു ഡസനിലധികം വനിത പൊതു ആക്റ്റിവിസ്റ്റ്റുകളെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിൽ ചിലരെ വിവിധ വകുപ്പുകൾ ചുമത്തി ശിക്ഷയും വിധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."