എല്ലാം ഭദ്രമായെന്ന് കരുതരുത്
ലാന്‍ഡ്യാനെ പക്‌ഡോ എന്ന് കേട്ടിട്ടുണ്ടോ. അര്‍ധലിംഗനെ പിടിക്കൂ എന്നര്‍ഥം. ബാബരി തകര്‍ത്തതിന് തൊട്ടുപിന്നാലെയുണ്ടായ ബോംബെ കലാപത്തില്‍ മുസ്‌ലിംകളെ തേടിയിറങ്ങിയിരുന്ന ശിവസേനയുടെ കൊലവിളി മുദ്രാവാക്യമാണത്. ബോംബെയില്‍ ആയിരത്തോളം പേരാണ് 92ലെ ഒറ്റ കലാപത്തില്‍ മാത്രം കൊല്ലപ്പെട്ടത്. ബോംബെയില്‍ നടന്നത് ഒറ്റ കലാപമായിരുന്നില്ല. 80കളിലും 90കളിലും ഒന്നിനു പിറകെ ഒന്നായി കലാപങ്ങള്‍ വന്നു. കാരണമൊന്നും വേണ്ടായിരുന്നു. ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചാല്‍ ശിവസേന ക്രിക്കറ്റ് ബാറ്റുമായി തെരുവില്‍ മുസ്‌ലിംവൃദ്ധരുടെ തലതേടിയിറങ്ങും. വൃദ്ധരും കുട്ടികളുമായിരുന്നു മുംബൈയിലെ പ്രധാന ഇരകള്‍. മാസങ്ങള്‍ നീണ്ട കര്‍ഫ്യൂകാരണം ഭക്ഷണം തേടി പുറത്തിറങ്ങിയവര്‍ ശിവസേനക്കാരുടെ വെട്ടേറ്റ് മരിച്ചു. ജനല്‍തുറന്ന് പുറത്തേക്ക് തലയിട്ടവര്‍ പൊലിസിന്റെ വെടിയേറ്റ് മരിച്ചു.
മുസ്‌ലിംവീടുകള്‍ തെരഞ്ഞ് പിടിച്ച് തീകൊളുത്തുന്നതിനും കൊള്ളയടിക്കുന്നതിനും കൊല്ലുന്നതിനും ശിവസേനാ നേതാക്കള്‍ മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയെന്നും ഒരു സൈനിക മേധാവിയെപ്പോലെ നേതാവ് ബാല്‍താക്കറെ ഇതിനായി നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നുവെന്നും കലാപം അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷന്‍ റിപോര്‍ട്ടിലുണ്ട്. ഈ ശിവസേനയെയാണ് ഇപ്പോള്‍ മതേതരത്വത്തിന്റെ വാസനസോപ്പിട്ട് കുളിപ്പിച്ച് വെളുപ്പിച്ചെടുക്കാന്‍ നോക്കുന്നത്. മഹാരാഷ്ട്രയില്‍ പാതിരാവിനും പുലര്‍വെളിച്ചത്തിനുമിടയിലെ മറിമായം ജനാധിപത്യത്തിന്റെ അവസാന നാട്യങ്ങളും അവസാനിപ്പിച്ചുകൊണ്ടുള്ളതാണെന്നത് ശരിതന്നെയാണ്. എന്നാല്‍ അതിനു മറുപടി ശിവസേനയല്ലാതെ മറ്റൊന്നില്ലെന്നിടത്താണ് രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാകുന്നത്. കൂടുതല്‍ ശക്തിയുള്ള ഫാസിസത്തെ തോല്‍പിക്കാന്‍ മറ്റൊന്നിനെ കൂട്ടുപിടിക്കാമെന്ന് കരുതുന്നവരാണ് തോല്‍ക്കുന്നത്.
സുപ്രിംകോടതി ഉത്തരവിന് പിന്നാലെ ഫഡ്‌നാവിസിന്റെയും അജിത് പവാറിന്റെയും രാജിയോടെ മഹാരാഷ്ട്ര പ്രതിസന്ധി അവസാനിച്ചുവെന്ന് കരുതരുത്. രാജ്യത്ത് ഏതു പാതിരാത്രിയിലും സംഘ്പരിവാറിനായി തുറന്നിട്ടിരിക്കുന്ന ഉപജാപക ശാലകളുണ്ട്. താല്‍ക്കാലികമയൊരു തിരിച്ചടിയിലൊന്നും അതവസാനിക്കില്ല. ഒറ്റരാത്രിയില്‍ ജനമുറങ്ങുമ്പോള്‍ ജനാധിപത്യത്തിലെ അതിന്റെ മുറിയില്‍ കയറിയിരുന്നതല്ല ഫാസിസം. അതിന്റെ ഓരോ വളര്‍ച്ചയിലും ബി.ജെ.പിക്കൊപ്പം ശിവസേനയും പങ്കാളിയായിട്ടുണ്ട്. മുസ്‌ലിംവിരുദ്ധ വൈകാരികതയുടെ ഇന്ധനം അതും പങ്കുപറ്റിയിട്ടുണ്ട്. ബി.ജെ.പിയെപ്പോലെ മഹാരാഷ്ട്രയ്ക്ക് പുറത്ത് ശിവസേന വലിയൊരു ഭീഷണിയല്ലാതെ വന്നത് മറാത്താ രാഷ്ട്രവാദം അവരെ സംസ്ഥാനത്തിന്റെ നാലതിരുകളില്‍ കുരുക്കിയിട്ടത് കൊണ്ടാണ്. അല്ലായിരുന്നെങ്കില്‍ രാജ്യത്ത് അതിനെ കൂടുതല്‍ രുചിയോടെ പാകപ്പെടുത്തിയെടുക്കാനുള്ള എല്ലാ ചേരുവകളുമുണ്ട് ശിവസേനയുടെ കുശിനിയില്‍.
പോളിഷ് മാതൃകയില്‍ പ്രഭാതത്തില്‍ വൃത്തിയുള്ള തെരുവുകളില്‍ അച്ചടക്കമുള്ള സൈനികരുടെ മാര്‍ച്ചിനൊപ്പം വരുന്നത് മാത്രമല്ല ഫാസിസം. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ പോലും അവകാശമില്ലാത്ത വിധം രാജ്യത്തെ ജനാധിപത്യത്തിന്റെ ഇടം ചുരുങ്ങിപ്പോയത് യാദൃശ്ചികതയല്ലെന്ന് തിരിച്ചറിയണം. ഫാസിസത്തിന്റെ കാലത്ത് ഒന്നും വളരുകയല്ല, ചുരുങ്ങുകയാണ് ചെയ്യുക. രാജ്യത്തിന്റെ സ്വാഭാവികത എന്നത് സംഘ്പരിവാര്‍ നിശ്ചയിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണെന്ന് വരുന്നത് നമ്മള്‍ ഈ ചുരുങ്ങലിലേക്ക് പാകപ്പെടുമ്പോഴാണ്. ഒരു സര്‍ക്കാരുണ്ടാക്കാനുള്ള ഭരണഘടനാ നടപടിക്രമങ്ങള്‍ പോലും ജനങ്ങള്‍ക്ക് മുന്നില്‍ സുതാര്യമായി നടത്താന്‍ മുതിരാത്ത ഒരു ഭരണകൂടത്തിനെതിരേ പ്രതിഷേധമുയര്‍ത്താത് തെരുവുകളില്‍ പട്ടാളവണ്ടികള്‍ക്ക് പൂക്കളുമായി വരിനിന്ന് അഭിവാദ്യമര്‍പ്പിച്ച നാസി കാലത്തേക്ക് നമുക്ക് ഏറെ ദൂരമില്ലെന്ന് ബോധ്യമാക്കുന്നതാണ്. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കോടതിയ്ക്ക് ബാധ്യതയുണ്ടെന്നാണ് ഇന്നലെ സുപ്രിംകോടതി വിധിയില്‍ പറഞ്ഞത്. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് അതിന് കൃത്യമായ ബോധ്യമുള്ളത് കൊണ്ടാവണം. കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷപ്പാര്‍ട്ടികളും ഏറ്റവും കൂടുതല്‍ തവണ സുപ്രിംകോടതിയെ സമീപിച്ചത് ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ നേടിയെടുക്കാനാണ്.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് മാത്രമായി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമാണെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കോടതിയില്‍ ചൂണ്ടിക്കാട്ടേണ്ടി വരുന്നത് മഹാരാഷ്ട്ര ആദ്യ സംഭവമല്ല. കര്‍ണാടകയിലും ഇതു നാം കണ്ടിട്ടുണ്ട്. സമാനമായ സാഹചര്യത്തില്‍ യെദ്യൂരപ്പ വിശ്വസവോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജിവച്ചു. മറ്റൊരു സര്‍ക്കാര്‍ വന്നു. എന്നാലിപ്പോള്‍ അവിടെ ഭരിക്കുന്നത് ഇതെ യെദ്യൂരപ്പ തന്നെയാണ്. ഭരിക്കുന്ന കക്ഷികളിലെ ഒരുവിഭാഗത്തെ കൂറുമാറ്റുന്നു.
അയോഗ്യരായാലും വീണ്ടും മത്സരിക്കാമെന്ന് വിചിത്ര വിധി കോടതിയില്‍ നിന്ന് സമ്പാദിക്കുന്നു. ഒന്നിനും നേരിയ മറ പോലും വേണ്ടെന്ന സാഹചര്യമാണ്. എം.എല്‍.എമാര്‍ ഇനിയും കൂറുമാറുകയും ജനാധിപത്യത്തെക്കുറിച്ച് സ്വാഭാവികതയോടെ നമ്മള്‍ ആശങ്കപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ എല്ലാം അവസാനിച്ചുവെന്ന് കരുതരുത്. ഫാസിസം അതിന്റെ അവസരം കാത്ത് വാതില്‍പ്പടിയില്‍ തന്നെ ചുരുണ്ടു കിടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."