കശ്മിരിലെ നിയന്ത്രണങ്ങള്‍: കേസ് വിധി പറയാന്‍ മാറ്റി
ന്യൂഡല്‍ഹി: കശ്മിരിലെ നിയന്ത്രണങ്ങള്‍ക്കെതിരായ ഹരജിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ മാറ്റി.
കശ്മിരിലെ വാര്‍ത്താവിനിമയ സൗകര്യം, സഞ്ചാര സൗകര്യം തുടങ്ങിയവ നിയന്ത്രിച്ചതിനെതിരേ കശ്മിരി ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍, കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷനേതാവുമായ ഗുലാംനബി ആസാദ്, തഹ്്‌സീന്‍ പൂനെവാല, ഷോയബ് ഖുറേഷി തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് ജസ്റ്റിസുമാരായ എന്‍.വി രമണ, ആര്‍.സുഭാഷ് റെഡ്ഢി, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് മൂന്നുമാസമെടുത്ത് വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയത്.
ഓഗസ്റ്റ് അഞ്ചു മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേ ഓഗസ്റ്റ് 13നാണ് അനുരാധ ബാസിന്‍ ഹരജി സമര്‍പ്പിച്ചത്. കശ്മിരില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് ഗുലാംനബി ആസാദിന്റെ അഭിഭാഷന്‍ കപില്‍ സിബല്‍, അനുരാധയുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ എന്നിവര്‍ ഇന്നലെ വാദത്തിനിടെ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ പുതിയ ഉത്തരവൊന്നുമില്ലെന്നും രണ്ടുമാസം മുമ്പുള്ള ഉത്തരവാണുള്ളതെന്നും ഇതു സംബന്ധിച്ച ജസ്റ്റിസ് രമണയുടെ ചോദ്യത്തിന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. ഈ ഉത്തരവ് പിന്നീട് നീട്ടിയിട്ടില്ല. രാത്രികാലങ്ങളില്‍ മാത്രമാണ് നിയന്ത്രണങ്ങളുള്ളത്. പകല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു.
രാത്രി നിയന്ത്രണം തുടരുന്നുണ്ടെങ്കില്‍ ഉത്തരവും നീട്ടിയെന്നാണര്‍ഥമെന്ന് സിബല്‍ മറുപടി നല്‍കി. ഇവിടെ സത്യവാങ്മൂലം നല്‍കിയതുകൊണ്ടും വാദിച്ചതുകൊണ്ടുമായില്ല.
വ്യക്തമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയൂ. രേഖകള്‍ പരിശോധിച്ച് അക്കാര്യം ഉറപ്പുവരുത്തണം. കഴിഞ്ഞതൊന്നും തിരുത്താന്‍ കഴിയില്ല. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ജനാധിപത്യത്തിന്റെയും ദേശസുരക്ഷയുടെയും തത്വങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കപില്‍ സിബല്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."