പുതിയ ഇന്ത്യ വിലക്കയറ്റത്തിലൂടെ
രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധനം ചെയ്തുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ ആദ്യ നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുന്നത് കൗതുകകരമായിരിക്കും. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇന്ത്യന്‍ ജനത കേള്‍ക്കാന്‍ തുടങ്ങിയതാണ് പുതിയ ഇന്ത്യ എന്ന മുദ്രാവാക്യം. ആ മുദ്രാവാക്യത്തിന്റെ ചുവട് പിടിച്ചാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തിയത്. പുതിയ ഇന്ത്യ ലക്ഷ്യമിട്ട് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യം നവീകരിച്ചും ശക്തിപ്പെടുത്തിയും 2022ല്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ പുതിയൊരു ഇന്ത്യ ഉടലെടുക്കുമെന്ന് പറഞ്ഞ് രാഷ്ട്രപതി പാര്‍ലമെന്റ് അംഗങ്ങളോടൊപ്പം പൊതുസമൂഹത്തെയും അത്ഭുതപ്പെടുത്തിക്കളഞ്ഞു. 2022ന് ഇനി ഏറെ ദൂരം താണ്ടാനില്ല. രാജ്യമോ നോട്ട് നിരോധനത്താലും ജി.എസ്.ടിയാലും നട്ടെല്ല് തകര്‍ന്ന് ദാരിദ്ര്യത്തിന്റെ പടുകുഴില്‍ വീണുകിടക്കുകയുമാണ്. ഇത്തരമൊരവസ്ഥയില്‍ രാഷ്ട്രപതി പറഞ്ഞ പുതിയ ഇന്ത്യ പ്രാവര്‍ത്തികമാകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. അത്രമേല്‍ രാജ്യത്തിന്റെ സാമ്പത്തികനില തകര്‍ന്നിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിനോടനുബന്ധമായി വിലക്കയറ്റവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇടക്കിടെ പ്രത്യക്ഷപ്പെട്ട് ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊന്നും തൊഴിലില്ലായ്മയും വിലക്കയറ്റവും നിയന്ത്രിക്കുവാന്‍ പര്യാപ്തമാകുന്നില്ല.
പുതിയ ഇന്ത്യ ലക്ഷ്യമിട്ട് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനം നവീകരിക്കുമെന്നും 2020നകം 35,000 കിലോമീറ്റര്‍ ദൂരം ദേശീയപാത, റെയില്‍വേ, ജലപാത, വ്യോമപാത എന്നിവയെല്ലാം മെച്ചപ്പെടുത്തി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍ അത് ജനം വിശ്വസിക്കുകയും ചെയ്തു. ഒരു രാജ്യം ഒരു നിയമം, ഒരു രാജ്യം ഒരു ജനത, ഒരു രാജ്യം ഒരു കാര്‍ഡ് എന്നിങ്ങനെ തുരുതുരാ കാര്‍ഡുകളിറക്കുന്നുവെന്നല്ലാതെ ബി.ജെ.പി സര്‍ക്കാര്‍ എല്ലാരംഗത്തും സമ്പൂര്‍ണ പരാജയമാണെന്ന് തെളിയിച്ച് കഴിഞ്ഞു. 2022ല്‍ ഇന്ത്യ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുമെന്നൊക്കെയുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെപറ്റി ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തരിവളയിട്ട് കിലുക്കാന്‍ മോഹം കൊറിക്കാന്‍ അരിമണി പോലുമില്ല എന്ന പഴഞ്ചൊല്ലാണ് ഓര്‍മ്മവരിക.
ഉള്ളിക്കും സവാളക്കും മാത്രമല്ല നിത്യോപയോഗ ഭക്ഷ്യവസ്തുക്കള്‍ക്കെല്ലാം വിലകുതിച്ചുയരുകയാണ്. ഉത്തരേന്ത്യയില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലും ജനങ്ങള്‍ അരിക്കും പയറിനുംവേണ്ടി പൊരിവെയിലില്‍ ക്യൂനില്‍ക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. ഉള്ളിക്കറി കഴിക്കാന്‍പോലും പറ്റാത്ത അവസ്ഥ. കഴിഞ്ഞ ഒരാഴ്ചയില്‍ 45 ശതമാനത്തോളമാണ് ഉള്ളിവില വര്‍ധിച്ചത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ് വിലക്കയറ്റം കഠിനമായി ബാധിച്ചുകൊണ്ടിരിക്കുന്നത്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള വസ്തുക്കള്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നും വരേണ്ടിയിരിക്കുന്നു. ചരക്ക് കൂലിയും സര്‍വിസ് ചാര്‍ജ്ജുംകൂടി ഉപഭോക്താവിനോട് കനത്ത വിലയാണ് ഈടാക്കികൊണ്ടിരിക്കുന്നത്. അരി, ഉഴുന്ന്, ചെറുപയര്‍, ഗ്രീന്‍പീസ്, കടല തുടങ്ങിയ വസ്തുക്കള്‍ക്കെല്ലാം ഇരട്ടിവിലയായിരിക്കുന്നു.
വലിയ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടായിരുന്നു ഒന്നാം ബി.ജെ.പി സര്‍ക്കാര്‍ 2014 മെയ് 26ന് അധികാരമേറ്റത്. അഛാദിന്‍ ആണ് വരാന്‍പോകുന്നതെന്ന് പറഞ്ഞ് ജനങ്ങളെ വശീകരിക്കുകയും ചെയ്തു. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി ഇവക്കെല്ലാം പരിഹാരമുണ്ടാക്കാമെന്നും സ്വിസ് ബാങ്കിലുള്ള കള്ളപ്പണം കണ്ടെത്തി ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം വരവ് വയ്ക്കുമെന്നും മെയ്ക്ക് ഇന്ത്യവഴി എല്ലാം ഇന്ത്യയില്‍തന്നെ നിര്‍മിക്കുമെന്നും ചുവപ്പ്‌നാട അഴിയും ഭരണം സമ്പൂര്‍ണമായി ജനങ്ങളിലേക്കെന്നൊക്കെ ഒന്നാം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ സംഭവിച്ചതോ രണ്ടാം മോദി സര്‍ക്കാര്‍ വന്നിട്ടുപോലും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താനായില്ല. രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മക്കും പരിഹാരം കണ്ടെത്താനായില്ല. 15 ലക്ഷം ജനങ്ങളുടെ അക്കൗണ്ടില്‍ വന്നില്ലായെന്നത് സഹിക്കാം. എന്നാല്‍ ബി.ജെ.പി സര്‍ക്കാരും അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നതാണ് ജനത പിന്നീട് കണ്ടത്.
റാഫേല്‍ അഴിമതിക്ക് പ്രധാനമന്ത്രി നേരിട്ട്തന്നെ ഇടപെടുന്നത് രാജ്യം കണ്ടു. കോടതി ക്ലീന്‍ചിറ്റ് നല്‍കിയാലും ഇടപാടില്‍ അഴിമതി നടന്നു എന്നത് ഇന്ത്യന്‍ ജനത ഉറച്ച് വിശ്വസിക്കുന്നു. 5600 കോടി രൂപയുടെ കള്ളപ്പണം ബി.ജെ.പി നേതാക്കള്‍ ക്രിപ്‌റ്റോ കറന്‍സിയാക്കി(ബിറ്റ്‌കോയിന്‍)യത് സംബന്ധിച്ച് അന്വേഷണം നടക്കുന്നു. അദാനി ഗ്രൂപ്പിന് ഗുജറാത്ത് മുന്‍ദ്രപോര്‍ട്ടില്‍ 14,035 ഏക്കര്‍ ഭൂമി നിസ്സാരവിലക്ക് നല്‍കി. അമിത്ഷാ ഡയരക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക്ട് കോ-ഓപറേറ്റീവ് ബാങ്ക് നോട്ട് നിരോധനത്തിന്റെ മറവില്‍ 5 ദിവസംകൊണ്ട് 745.58 കോടി രൂപ സ്വീകരിച്ചു. അങ്ങിനെ നിരവധി അഴിമതിയാരോപണങ്ങളാണ് ബി.ജെ.പി സര്‍ക്കാരിന് നേരിടേണ്ടിവന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും കര്‍ഷക ആത്മഹത്യകളും പെരുകിക്കൊണ്ടിരുന്നപ്പോള്‍ അതില്‍നിന്നെല്ലാം ജനശ്രദ്ധതിരിക്കാന്‍ ദേശീയതയുടെ ദുരുപയോഗ പ്രസംഗങ്ങളിലൂടെ ജനങ്ങളില്‍ വര്‍ഗീയ വിദ്വേഷം കുത്തിച്ചെലുത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. ഒരുഘട്ടത്തില്‍ തന്റെ സൈന്യം എന്നുവരെ പ്രധാനമന്ത്രി പറയുകയുണ്ടായി.
വിലക്കയറ്റവും തൊഴിലില്ലായ്മയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. രണ്ടാം മോദി സര്‍ക്കാര്‍ നൂറ് ദിനങ്ങള്‍ ആഘോഷിച്ചപ്പോഴും വിലക്കയറ്റവും തൊഴിലില്ലായ്മയും അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിരുന്നു. ഇതിനെയെല്ലാം മറികടക്കാനാണ് ഇപ്പോള്‍ ജനങ്ങളില്‍ ഭീതി നിറച്ചുകൊണ്ടും ന്യൂനപക്ഷങ്ങളെ അപവല്‍ക്കരിച്ചുമുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത്. മുത്വലാഖ് ബില്‍ പാസാക്കിയതും കശ്മിരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞു. ഇപ്പോഴിതാ രാജ്യമൊട്ടാകെ പൗരത്വ രജിസ്റ്റര്‍ ഏര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി അമിത്ഷാ രംഗത്തെത്തിയിരിക്കുന്നു. തിളച്ചുമറിയുന്ന ഇന്ത്യന്‍ അവസ്ഥയെ മറികടക്കാനാണ് ഈ കുതന്ത്രങ്ങളത്രയും സര്‍ക്കാര്‍ പയറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."