ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കേരളോത്സവം നാളെ മൂന്നു മുതൽ
റിയാദ്: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കേരളോത്സവം വെള്ളിയാഴ്ച്ച നടക്കും. കേരള സമൂഹവുമായും സഊദി ഇന്ത്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്കുമായും സഹകരിച്ച് നടത്തുന്ന കേരളോത്സവത്തിൽ പ്രവേശനം സൗജന്യമാണ്. വൈകുന്നേരം മൂന്നു മണി മുതല്‍ ആരംഭിക്കുന്ന പരിപാടി രാത്രി 11.30 വരെ തുടരും. വൈവിധ്യങ്ങളാലായ കേരളീയ കലാ പരിപാടികൾക്കൊപ്പം തനത് നാടൻ ശൈലിയുടെ ഭക്ഷണ കൂട്ടുകളുമുണ്ടാകും. കേരളത്തിന്റെ സാംസ്‌കാരിക, വിനോദസഞ്ചാര, നിക്ഷേപ അവസരങ്ങളെയും ഭക്ഷ്യവിഭവങ്ങളെയും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തനിമയാര്‍ന്ന വിവിധ പരിപാടികളാണ് കേരളോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ജിദ്ദയിലെ പ്രശസ്‌ത സംഗീത നൃത്ത അധ്യാപകരുടെ കീഴിൽ പരിശീലനം ലഭിച്ച വിവിധ സാംസ്‌കാരിക സംഘടനകളിലെ കുടുംബിനികളും കുട്ടികളും ഒരുക്കുന്ന സംഗീത വിരുന്നും അരങ്ങേറും. വിനോദ സഞ്ചാര സാധ്യതകളെക്കുറിച്ചുള്ള സ്റ്റാളുകള്‍, ഫോട്ടോ പ്രദര്‍ശനം, ഭക്ഷ്യമേള എന്നിവക്കു പുറമെ കേരള സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന വിവിധയിനം നൃത്തങ്ങൾ, ഒപ്പന, മാര്‍ഗംകളി, കളരി, സ്‌കിറ്റ്, ഗാനസന്ധ്യ തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. ഇതോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്രയും ഉണ്ടാകും. സ്വദേശികളെയും ഇന്ത്യന്‍ സമൂഹത്തെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്‌തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."