സഊദിയില്‍ പെട്രോളിതര കയറ്റുമതിയില്‍ വന്‍ കുറവ്
ജിദ്ദ: സഊദിയില്‍ പെട്രോളിതര കയറ്റുമതിയില്‍ 5.2 ശതമാനം കുറവ് രേഖപ്പെടുത്തി. ഒമ്പതു മാസത്തിനിടെ ആകെ 16,580 കോടി റിയാലിന്റെ പെട്രോളിതര ഉല്‍പന്നങ്ങളാണ് കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 17,480 കോടി റിയാലായിരുന്നു.
പെട്രോളിതര കയറ്റുമതിയില്‍ 16.5 ശതമാനവും ചൈനയിലേക്കായിരുന്നു. 2,730 കോടി റിയാലിന്റെ പെട്രോളിതര ഉല്‍പന്നങ്ങള്‍ ഒമ്പതു മാസത്തിനിടെ ചൈനയിലേക്ക് കയറ്റി അയച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ കൊല്ലം കയറ്റുമതി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ ആകെ പെട്രോളിതര കയറ്റുമതിയുടെ 15.1 ശതമാനമാണ് ചൈനയിലേക്ക് കയറ്റി അയച്ചത്. 2018 ല്‍ ആദ്യത്തെ ഒമ്പതു മാസത്തിനിടെ 2640 കോടി റിയാലിന്റെ പെട്രോളിതര ഉല്‍പന്നങ്ങളാണ് ചൈന സഊദിയില്‍ നിന്ന് ഇറക്കുമതി ചെയ്തത്.
അമേരിക്കയുമായുള്ള വ്യാപാര യുദ്ധം ചൈനയുടെ വിദേശ വ്യാപാരം കുറക്കുമെന്ന വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ക്കിടെയും സൗദി അറേബ്യയുമായുള്ള ചൈനയുടെ വ്യാപാരം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ സഊദി അറേബ്യയില്‍ നിന്നുള്ള ചൈനയുടെ പെട്രോളിതര ഉല്‍പന്ന ഇറക്കുമതിയില്‍ 3.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൂന്നാം പാദത്തില്‍ 920 കോടി റിയാലിന്റെയും രണ്ടാം പാദത്തില്‍ 880 കോടി റിയാലിന്റെയും ഒന്നാം പാദത്തില്‍ 940 കോടി റിയാലിന്റെയും പെട്രോളിതര ഉല്‍പന്നങ്ങളാണ് ചൈനയിലേക്ക് കയറ്റി അയച്ചത്. ഒന്നാം പാദത്തില്‍ ചൈനയിലേക്കുള്ള പെട്രോളിതര ഉല്‍പന്നങ്ങളുടെ കയറ്റുമതി സര്‍വകാല റെക്കോര്‍ഡ് ആണ്.
സഊദിയില്‍ നിന്നുള്ള പെട്രോളിതര ഉല്‍പന്ന കയറ്റുമതിയില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് ഇന്ത്യയിലേക്കുള്ള കയറ്റുമതിയിലാണ്. സഊദിയില്‍ നിന്നുള്ള ഇറക്കുമതിയില്‍ നാലാം സ്ഥാനത്താണെങ്കിലും ഈ വര്‍ഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി എട്ടര ശതമാനം തോതില്‍ വര്‍ധിച്ചു. ഒമ്പതു മാസത്തിനിടെ 1060 കോടി റിയാലിന്റെ പെട്രോളിതര ഉല്‍പന്നങ്ങളാണ് സഊദി അറേബ്യ ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ ഇത് 980 കോടി റിയാലായിരുന്നു. സഊദിയുടെ ആകെ പെട്രോളിതര കയറ്റുമതിയുടെ 6.4 ശതമാനം ഇന്ത്യയിലേക്കായിരുന്നു.
സഊദിയില്‍നിന്നുള്ള പെട്രോളിതര ഉല്‍പന്ന ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്ത് യു.എ.ഇ ആണ്. ഒമ്പതു മാസത്തിനിടെ 2050 കോടി റിയാലിന്റെ പെട്രോളിതര ഉല്‍പന്നങ്ങള്‍ യു.എ.ഇയിലേക്ക് കയറ്റി അയച്ചു. ആകെ പെട്രോളിതര കയറ്റുമതിയുടെ 12.4 ശതമാനം യു.എ.ഇയിലേക്കായിരുന്നു. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് യു.എ.ഇയിലേക്കുള്ള കയറ്റുമതി 8.7 ശതമാനം തോതില്‍ കുറഞ്ഞു. മൂന്നാം സ്ഥാനത്ത് യൂറോപ്യന്‍ യൂനിയന്‍ ആണ്. 1896 കോടി റിയാലിന്റെ പെട്രോളിതര ഉല്‍പന്നങ്ങളാണ് യൂറോപ്യന്‍ യൂനിയന്‍ ഇറക്കുമതി ചെയ്തത്. സഊദിയുടെ ആകെ കയറ്റുമതിയുടെ 11.4 ശതമാനം യൂറോപ്യന്‍ യൂനിയനിലേക്കായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ യൂറോപ്യന്‍ യൂനിയന്റെ സഊദിയില്‍ നിന്നുള്ള പെട്രോളിതര ഉല്‍പന്ന ഇറക്കുമതി 1990 കോടി റിയാലായിരുന്നു. ചൈനയിലേക്കും ഇന്ത്യയിലേക്കുമുള്ള കയറ്റുമതി വര്‍ധിച്ചെങ്കിലും യൂറോപ്യന്‍ യൂനിലേക്കുള്ള കയറ്റുമതി അഞ്ചു ശതമാനവും യു.എ.ഇയിലേക്കുള്ള കയറ്റുമതി 8.7 ശതമാനവും കുറഞ്ഞു.
പെട്രോളിതര ഉല്‍പന്ന കയറ്റുമതിയില്‍ കൂടുതലും പ്ലാസ്റ്റിക്കും റബറും കെമിക്കല്‍ ഉല്‍പന്നങ്ങളും ലോഹങ്ങളുമാണ്. കയറ്റുമതിയുടെ 34.9 ശതമാനവും പ്ലാസ്റ്റിക്കും കൃത്രിമ റബറുമാണ്. 5780 കോടി റിയാലിന്റെ പ്ലാസ്റ്റിക്കും റബറും ഒമ്പതു മാസത്തിനിടെ കയറ്റി അയച്ചു. കയറ്റുമതിയുടെ 32.4 ശതമാനം കെമിക്കല്‍ ഉല്‍പന്നങ്ങളാണ്. 5360 കോടി റിയാലിന്റെ കെമിക്കല്‍ ഉല്‍പന്നങ്ങള്‍ ഒമ്പതു മാസത്തിനിടെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."