അഴിമതിപൂക്കുമ്പോള്‍ ഖനനമെന്തിന്
സ്വകാര്യകരിമണല്‍ ലോബിയുടെ പിടിയിലായ ഐ.ആര്‍.ഇയില്‍ പിന്നീടു സംഭവിച്ചതു വന്‍ അഴിമതിയാണ്. സ്വന്തമായി കരിമണല്‍ ഖന നത്തിന് അനുമതിയുണ്ടായിട്ടും പ്രാദേശികമായി ജനസഹകരണത്തോടെ ഖനനം നടത്താന്‍ ഒരിക്കലും കമ്പനി താല്‍പ്പര്യം കാണിച്ചില്ല. ഉല്‍പ്പാദിപ്പിക്കുന്ന ഇല്‍മനൈറ്റ് സ്വകാര്യക്കമ്പനികള്‍ക്കു തീരെ വിലകുറച്ചു നല്‍കി കമ്മിഷന്‍ വാങ്ങുകയാണു മാനേജ്‌മെന്റ് ചെയ്തുവന്നത്.
അനായാസം ഖനനം സാധ്യമാക്കാനുള്ള അവസരം ബോധപൂര്‍വം ഐ.ആര്‍.ഇ മാനേജ്‌മെന്റ് ഇല്ലാതാക്കി. ചവറയ്ക്കു പുറമേ തമിഴ്‌നാട്ടിലെ മണവാളക്കുറിച്ചിയിലും ഒറീസയിലെ ഛത്രപ്പൂരിലും ഐ.ആര്‍.ഇയ്ക്കു ധാതുഖനന പ്ലാന്റുകളുണ്ട്. ചവറ പ്ലാന്റും മണവാളക്കുറിച്ചി പ്ലാന്റും പ്രതിസന്ധിയിലാക്കിയതു സ്വകാര്യകരിമണല്‍ ലോബിയാണ്. ഈ യൂണിറ്റുകളെ തകര്‍ത്തതിന്റെ ഫലമായി വന്‍നേട്ടമാണു സ്വകാര്യകരിമണല്‍ ലോബിക്കുണ്ടായത്. അന്താരാഷ്ട്രവിപണിയില്‍ ടൈറ്റാനിയം ഡയോക്‌സൈഡിനും സിര്‍ക്കണിനും വില കുതിച്ചുകയറിക്കൊണ്ടിരുന്ന വര്‍ഷങ്ങളില്‍ കെ.എം.എം.എല്ലിനു കോടികള്‍ ലാഭം വര്‍ധിപ്പിക്കാന്‍ കഴിയുമായിരുന്ന സാഹചര്യമാണു കരിമണലിന്റെ രൂക്ഷമായ ദൗര്‍ലഭ്യംമൂലം നഷ്ടപ്പെട്ടത്.
2010 11 കാലഘട്ടങ്ങളില്‍ ഇവിടുത്തെ ടൈറ്റാനിയം പിഗ്‌മെന്റ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ 22 കോടിയുടെ ഇല്‍മനൈറ്റും 26 കോടിയുടെ സിന്തറ്റിക് റൂട്ടയിലുമാണ് സ്വകാര്യക്കമ്പനികളില്‍നിന്നു കെ.എം.എം.എല്‍ വാങ്ങിയത്. സിന്തറ്റിക് റൂട്ടയില്‍ വാങ്ങിയിരുന്നതാകട്ടെ ആലുവയിലെ സി.എം.ആര്‍.എല്‍ കമ്പനിയില്‍നിന്നും. 2006 - 07ല്‍ ഇല്‍മനൈറ്റ് പുറത്തുനിന്നു വാങ്ങാതെ 52482 ടണ്‍വരെ കെ.എം.എം.എല്ലിന്റെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ് ശേഖരിച്ചെങ്കില്‍ 2007 - 08 മുതല്‍ സ്വന്തമായ ശേഖരണത്തിന്റെ അളവു കുറഞ്ഞു. ഈ കുറവു പരിഹരിക്കാന്‍ കെ.എം.എം.എല്‍ കണ്ടെത്തിയ മാര്‍ഗം 2008-09 മുതല്‍ തൂത്തുക്കുടിയിലെ സ്വകാര്യകമ്പനിയില്‍നിന്ന് ഇല്‍മനൈറ്റ് വിലകൊടുത്തു വാങ്ങുകയായിരുന്നു.
ആദ്യവര്‍ഷം 1966.55 ടണ്ണും 2009-10ല്‍ 5405.64 ടണ്ണും 2010-11ല്‍ 17311 ടണ്ണും. 2011-12ല്‍ 7226 ടണ്ണും വാങ്ങി. തമിഴ്‌നാട്ടിലെ മറ്റൊരു സ്വകാര്യകമ്പനിയുമായി 40000 ടണ്‍ ഇല്‍മനൈറ്റ് വാങ്ങാന്‍ കരാറുണ്ടാക്കിയതു ടണ്ണിന് 8000 രൂപയ്ക്കാണ്. കാലാവധി അവസാനിക്കുംമുമ്പ് ഇവര്‍ വിലവര്‍ധന ആവശ്യപ്പെട്ടു. ഐ.ആര്‍.ഇക്കും കെ.എം.എം.എല്ലിനും കേരള സര്‍ക്കാര്‍ ഖനനാവകാശം നല്‍കിയ മേഖലയില്‍നിന്നു കോടിക്കണക്കിനു രൂപയുടെ കരിമണലാണ് ഏജന്റുമാരെ ഉപയോഗിച്ചു തൂത്തുക്കുടിയിലെ കുത്തകകള്‍ വര്‍ഷങ്ങളായി കടത്തിക്കൊണ്ടുപോയത്.
മുന്‍കാലങ്ങളില്‍ സീ വാഷിങ്ങിലൂടെ മണ്ണു ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെ ലഭ്യമല്ല. പൊന്മനയിലും നീണ്ടകരയിലും കോവില്‍ത്തോട്ടത്തും കോടികള്‍ മുടക്കി കമ്പനി വാങ്ങിയിട്ടിരിക്കുന്ന സ്ഥലത്തുനിന്നുപോലും ഒരുതരി മണ്ണു ഖനനംചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. കെ.എം.എം.എല്ലിന്റെ ഖനനമേഖലയില്‍നിന്നു പൊതുജനങ്ങള്‍ ശേഖരിച്ചു കൊണ്ടുവരുന്ന കരിമണല്‍ വാങ്ങുന്നതിനുള്ള താല്‍പ്പര്യം മാനേജ്‌മെന്റ് പ്രകടിപ്പിച്ചപ്പോള്‍ തമിഴ്‌നാട്ടിലെ സ്വകാര്യകുത്തകകള്‍ക്കുവേണ്ടി കള്ളക്കടത്തു നടത്തുന്ന ലോബി ഇടപെട്ട് ഈ നീക്കം മുളയിലെ അട്ടിമറിച്ചു.
ഖനനം ചെയ്യാത്തതും ഇല്‍മനൈറ്റ് ലഭിയ്ക്കാത്തതും സംബന്ധിച്ച പ്രതിസന്ധിക്കു കാരണങ്ങള്‍ വേറെയുണ്ട്. കെ.എം.എം.എല്ലിന്റെ ഇല്‍മനൈറ്റ് പ്രതിസന്ധിയുടെ കാരണങ്ങളില്‍ പ്രധാനം ഫലപ്രദമായി ഖനനം നടത്താന്‍ കമ്പനിക്കു സംവിധാനമില്ലാത്തതാണ്. നിലവിലുള്ള സംവിധാനമായ ടൊയോ പമ്പ് ഉപയോഗിച്ചു കേവലം മൂന്നുമീറ്റര്‍ ആഴത്തിലുള്ള മണ്ണുമാത്രമേ കുഴിച്ചെടുക്കാനാവൂ. ഇതുമൂലം മൂന്നുമീറ്ററില്‍ താഴെയുള്ള മുഴുവന്‍ കരിമണ്ണും നഷ്ടപ്പെടും. മിനറല്‍ റിക്കവറി പ്ലാന്റ് സ്ഥാപിച്ചിരുന്നെങ്കില്‍ ഒരു പ്രദേശത്തുള്ള മുഴുവന്‍ മണ്ണും ശേഖരിക്കാന്‍ കഴിയുമായിരുന്നു. ഖനനം കഴിഞ്ഞ സ്ഥലം ഉപയോഗശൂന്യമായ മണ്ണ് ഉപയോഗിച്ച് അപ്പോള്‍തന്നെ നികത്തുകയും ചെയ്യാമായിരുന്നു. അങ്ങനെയെങ്കില്‍ പരിസ്ഥിതിപ്രശ്‌നമുണ്ടാകില്ല. ജനങ്ങളിലെ ഭീതിയുമൊഴിയും.
കാലഹരണപ്പെട്ട മിനറല്‍ സപ്രഷന്‍ പ്ലാന്റാണു മറ്റൊരു പ്രശ്‌നം. ഇപ്പോഴത്തെ എം.എസ് പ്ലാന്റിന്റെ പരമാവധി ഉല്‍പ്പാദനശേഷി ഒരു വര്‍ഷം 36,000 ടണ്‍ മാത്രമാണ്. ടൈറ്റാനിയം പിഗ്‌മെന്റ് യൂനിറ്റില്‍ 40,000 ടണ്‍ ഉല്‍പ്പാദിപ്പിക്കണമെങ്കില്‍ 80,000 ടണ്‍ ഇല്‍മനൈറ്റ് ആവശ്യമാണ്. സ്വാഭാവികമായും ഇല്‍മനൈറ്റും സിന്തറ്റിക് റൂട്ടയിലും പുറത്തുനിന്നു വാങ്ങേണ്ടി വരുന്നു. ഒരു ടണ്‍ ഇല്‍മനൈറ്റിന് 20,000 രൂപയ്ക്ക് മുകളിലും ഒരു ടണ്‍ സിന്തറ്റിക് റൂട്ടയിലിന് 62,000 രൂപയ്ക്കു മുകളിലുമാണു സ്വകാര്യക്കമ്പനികള്‍ ഈടാക്കിയിരുന്ന വില.
ഇവ കെ.എം.എം.എല്‍ത്തന്നെ ഉല്‍പാദിപ്പിച്ചിരുന്നുവെങ്കില്‍ ഒരു ടണ്‍ ഇല്‍മനൈറ്റിന് 4000 രൂപയ്ക്കു താഴെയും സിന്തറ്റിക് റൂട്ടയിലിന് 28,000 രൂപയ്ക്കു താഴെയും മാത്രമേ മുതല്‍മുടക്കു വരുമായിരുന്നുള്ളു. സ്വകാര്യക്കമ്പനിയില്‍നിന്നു ഭീമമായ വിലകൊടുത്തു ധാതുമണല്‍ വാങ്ങാനുള്ള അവസരം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് അനുമാനിക്കണം. കേരളത്തില്‍ പൊതുമേഖലാ വ്യവസായത്തിന്റെ പ്രവര്‍ത്തനത്തിനു സംസ്ഥാനസര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്ന കരിമണല്‍, തമിഴ്‌നാട്ടിലെ സ്വകാര്യക്കമ്പനികള്‍ കള്ളക്കടത്തു വഴി കൊണ്ടുപോയി മൂല്യവര്‍ധനവു നടത്തി യഥാര്‍ഥ അവകാശികളായ കേരളത്തിലെ പൊതുമേഖലാസ്ഥാപനത്തിനുതന്നെ കച്ചവടംചെയ്തു കോടികള്‍ കൊള്ളയടിച്ചെന്നു സാരം.
തമിഴ്‌നാട്ടിലെ ഒരു സ്വകാര്യകുത്തകയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി കരിമണല്‍ കള്ളക്കടത്തു യഥേഷ്ടം നടന്നുവന്നു. കരിമണലില്‍നിന്ന് ഇല്‍മനൈറ്റ് വേര്‍തിരിച്ചു കയറ്റുമതി ചെയ്യുകയാണു പ്രധാനപരിപാടി. 48 ശതമാനം മുതല്‍ 50 ശതമാനം വരെ ഗാഢതയുള്ള ഇല്‍മനൈറ്റേ തൂത്തുക്കുടിയിലുള്ളൂ. ഇതേ സമയം കരുനാഗപ്പള്ളി,കായംകുളം തീരത്തുനിന്നു കൊണ്ടുപോയത് 58 ശതമാനം മുതല്‍ 60 ശതമാനം വരെ ഗാഢതയുള്ള ഇല്‍മനൈറ്റാണ്. ഇതു കൃത്യമായി മനസിലാകാതിരിക്കാന്‍ ചവറയിലെയും മണവാളക്കുറിച്ചിയിലെയും മണലുകള്‍ മിക്‌സ് ചെയ്തശേഷമാണ് ഇല്‍മനൈറ്റ് നിര്‍മിക്കുന്നത്.
ഐ.ആര്‍.ഇയുടെ മണവാളക്കുറിച്ചിയിലെ യൂണിറ്റും ഇവര്‍ പൂട്ടിച്ചു. തൂത്തുക്കുടിയില്‍ ടൈറ്റാനിയം ഡൈയോക്‌സയിഡ് പ്ലാന്റ് സ്ഥാപിക്കാന്‍ 2500 കോടി നിക്ഷേപിക്കാനെത്തിയ ടാറ്റാ സ്റ്റീലിനെ ഒഴിവാക്കി. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയും ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റായും ധാരണാപത്രം ഒപ്പുവച്ച ഒരു പദ്ധതിയാണ് ഉപേക്ഷിക്കേണ്ടിവന്നത്.
ഇരുളിന്റെ മറവില്‍ കരുനാഗപ്പള്ളി കായംകുളം തീരത്തുനിന്നു ലക്ഷക്കണക്കിനു രൂപയുടെ മണലാണു ദിവസവും ചെക്‌പോസ്റ്റ് വഴി തൂത്തുക്കുടിയിലുള്ള സ്വകാര്യക്കമ്പനിയിലേയ്ക്കു കടത്തിയത്. കൂട്ടുനില്‍ക്കുന്നവര്‍ക്കെല്ലാം കൈനിറയെ പണം ലഭിച്ചതിനാല്‍ ഈ കള്ളക്കടത്തിനെതിരേ പരാതിപ്പെടാന്‍ ആരുമുണ്ടായില്ല. ധാതുമണല്‍ ചൂഷണംചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇടതുവലതു രാഷ്ട്രീയക്കാര്‍ക്കെല്ലാം ഭയവും വിധേയത്വവുമായിരുന്നു.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."