മാണിയുടെ പടിയിറക്കം: സംയമനവും പ്രതീക്ഷയും കൈവിടാതെ ലീഗ് നേതൃത്വം
കോഴിക്കോട്: കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ട പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംയമനത്തോടെ നീങ്ങാന്‍ മുസ്‌ലിംലീഗ്. മൂന്നു പതിറ്റാണ്ടുകാലത്തെ മുന്നണിബന്ധം അവസാനിപ്പിച്ചതായി കെ.എം മാണി ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും ഇതിനെ അവസാനതീരുമാനമായി ലീഗ് കാണുന്നില്ല. ചര്‍ച്ചകള്‍ക്കും മധ്യസ്ഥതകള്‍ക്കും ഇനിയും സാധ്യതകളുണ്ടെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. കെ.എം മാണിയുമായി ഒരുവട്ടംകൂടി ചര്‍ച്ച നടത്തുമെന്ന മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം സൂചിപ്പിക്കുന്നത് ഇതാണ്. മാണിയും ലീഗിന്റെ മധ്യസ്ഥത നീക്കങ്ങളെ തള്ളിപ്പറയുന്നില്ല. കെ.എം മാണിക്കെതിരേ കോണ്‍ഗ്രസിലെ മിക്ക നേതാക്കളും ആഞ്ഞടിക്കുമ്പോഴും കരുതലോടെയുള്ള പെരുമാറ്റമാണ് ലീഗ് നേതൃത്വത്തിന്റേത്.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസുമായി അകന്ന കെ.എം മാണിയെ അനുനയിപ്പിക്കാന്‍ തുടക്കംമുതല്‍ രംഗത്തുണ്ടായിരുന്നത് പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. മാണിയുമായി നിരവധി തവണ ഫോണിലും നേരിട്ടും കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയിരുന്നു. ഔദ്യോഗികമായി ആരും ചുമതലപ്പെടുത്തിയതല്ലെങ്കിലും മാണി യു.ഡി.എഫില്‍ തുടരേണ്ടത് മുന്നണിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നതുകൊണ്ടാണ് മധ്യസ്ഥതയ്ക്ക് മുന്‍കൈയെടുക്കുന്നതെന്നു നേരത്തെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. മാണി യു.ഡി.എഫിന്റെ ഭാഗമായി തുടരണമെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പറഞ്ഞിരുന്നു.
ലീഗും കെ.എം മാണിയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. മുന്‍പ് ഉയര്‍ന്നുവന്ന രണ്ടാംകക്ഷി ആരെന്ന വിവാദവും ആളിക്കത്തിക്കാതിരിക്കാന്‍ ഇരു പാര്‍ട്ടികളും ശ്രമിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിലും പരാതികളില്ലാതെയാണ് ഇരു പാര്‍ട്ടികളും മുന്നോട്ടുപോയത്. യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിലും ലീഗും കേരള കോണ്‍ഗ്രസും ഒട്ടേറെ വിട്ടുവീഴ്ച കാണിച്ചിട്ടുണ്ട്. മുഖ്യഘടകക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് ലീഗിന് പ്രയാസം ഉണ്ടാകുമ്പോള്‍ കെ.എം മാണിയും കേരള കോണ്‍ഗ്രസിന് പരാതികള്‍ ഉണ്ടാകുമ്പോള്‍ അതിന് പരിഹാരം കാണാന്‍ കുഞ്ഞാലിക്കുട്ടിയും എക്കാലവും ശ്രമിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച മലപ്പുറത്തു ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മാണി മുന്നണി വിടാനൊരുങ്ങുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. മുന്നണിയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കണമെന്ന നിലപാടായിരുന്നു യോഗം കൈക്കൊണ്ടത്. ഒറ്റയടിക്ക് വിട്ടുപോകാവുന്ന ബന്ധമല്ല കെ.എം മാണിയും യു.ഡി.എഫും തമ്മിലെന്നും മഞ്ഞുരുകലിന്റെ സാധ്യത അവസാനിച്ചില്ലെന്നും ലീഗ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
മുന്നണി വിട്ടതിനെ ചൊല്ലി കോണ്‍ഗ്രസ് മുഖപത്രം മാണിയെ കടന്നാക്രമിച്ചപ്പോള്‍ ലീഗ് മുഖപത്രം പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതയാണ് അന്വേഷിക്കുന്നത്. ഒറ്റക്കു നില്‍ക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനത്തില്‍ ചില പുനരാലോചനകള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയും ലീഗ് മുഖപത്രമായ ചന്ദ്രിക മുഖപ്രസംഗത്തില്‍ പങ്കുവയ്ക്കുന്നു.
അതേസമയം, സമദൂര സിദ്ധാന്തം വിട്ട് എന്‍.ഡി.എ പാളയത്തിലേയ്ക്ക് മാണി പോവുകയാണെങ്കില്‍ ശക്തമായി എതിര്‍ക്കേണ്ട സാഹചര്യം വരും. അപ്പോള്‍ മാത്രം നിലപാട് കര്‍ശനമാക്കാമെന്നാണ് പാര്‍ട്ടിയിലെ പൊതുധാരണ. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ എ വിഭാഗവും മാണിയോട് അയഞ്ഞ സമീപനമാണ് കൈക്കൊള്ളുന്നത്. മാണിയുടെ നിലപാടില്‍ അയവുണ്ടാവുമെന്ന് തന്നെയാണ് ഉമ്മന്‍ചാണ്ടിയും ലീഗ് നേതാക്കളും പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ലീഗ് നേതാക്കളും ഉമ്മന്‍ചാണ്ടിയും മുന്‍കൈ എടുക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."