റിട്ട. ഡെപ്യൂട്ടി രജിസ്ട്രാറുടെ ദുരൂഹ മരണം:അന്വേഷണം അന്തിമ ഘട്ടത്തില്‍; നിര്‍ണായക തെളിവുകള്‍ ലഭിച്ചു
തളിപ്പറമ്പ്: പൗരപ്രമുഖനും ഡോക്ടറുമായിരുന്ന ക്യാപ്റ്റന്‍ പി. കുഞ്ഞമ്പുനായരുടെ മകന്‍ റിട്ട. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്‍ നായരുടെ ദുരൂഹമരണവുമായും കോടികളുടെ സ്വത്ത് തട്ടിയെടുത്തെന്നുമുള്ള കേസില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു.
അന്വേഷണം അവസാനഘട്ടത്തിലാണെന്നും പൊലിസ് അറിയിച്ചു. സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചതിന്റെയും സ്വത്തും പെന്‍ഷനും തട്ടിയെടുത്തതിന്റെയും എല്ലാതെളിവുകളുമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ഇതനുസരിച്ച് പയ്യന്നൂരിലെ അഭിഭാഷക ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും കേസിലെ മുഖ്യപ്രതികളാകും.
സ്വത്ത് തട്ടിയെടുക്കാന്‍ ഇവര്‍ തയാറാക്കിയ ആസൂത്രണത്തിലെ പിഴവുകള്‍ കണ്ടെത്താനായതാണ് എളുപ്പത്തില്‍ തെളിവുകള്‍ ശേഖരിക്കാനും കുറ്റവാളികളിലേക്ക് എത്താനും പൊലിസിനെ സഹായിച്ചത്. 2011ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലകൃഷ്ണനെ പയ്യന്നൂരില്‍ എത്തിച്ച് സ്വത്ത് രജിസ്‌ട്രേഷന്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ കൊടുങ്ങല്ലൂരില്‍ വച്ച് ബാലകൃഷ്ണന്‍ നായരുടെ അന്ത്യം സംഭവിച്ചു. ഇദ്ദേഹം തന്റെ വല്യമ്മയുടെ മകനാണെന്നു കൃഷ്ണകുമാര്‍ കൊടുങ്ങല്ലൂര്‍ പൊലിസിനു മൊഴിനല്‍കി.
എഫ്.ഐ.ആര്‍ എടുപ്പിച്ച് അതനുസരിച്ചാണ് അന്നു മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചത്. പിന്നീടു പയ്യന്നൂരിലെത്തി തുടര്‍ നടപടികള്‍ക്ക് ഒരുങ്ങുമ്പോഴാണു കൃഷ്ണകുമാറിന്റെയും ബാലകൃഷ്ണന്‍ നായരുടെയും വീട്ടുപേരിലുള്ള വ്യത്യാസം ശ്രദ്ധയില്‍പെടുന്നത്.
ഇതേതുടര്‍ന്നാണു കൃഷ്ണകുമാറിന്റെ സഹോദരി ജാനകിയെ ബാലകൃഷ്ണന്‍ നായര്‍ വിവാഹം ചെയ്തതായി രേഖയുണ്ടാക്കിയത്. ഇവര്‍ തയാറാക്കിയ രേഖയനുസരിച്ച് 1980 ഏപ്രില്‍ 27നാണ് വിവാഹം നടന്നത്. എന്നാല്‍ 1980 ജൂലൈ പത്തിനു കെ. ശ്രീധരന്‍ എന്നയാള്‍ ജാനകിയെ വിവാഹം ചെയ്തതായുള്ള രേഖ പൊലിസിലു ലഭിച്ചിട്ടുണ്ട്. ബാലകൃഷ്ണന്റെ ഭൂമി വില്‍പന നടത്തിയതും ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിച്ചതും ശൈലജയാണെന്നും തെളിഞ്ഞു. പെന്‍ഷനും ഇവര്‍ തന്നെയാണു കൈക്കലാക്കിയത്. ഈ സാഹചര്യത്തില്‍ കൃഷ്ണകുമാറിനൊപ്പം ഇവരുടെ അറസ്റ്റും നടത്താനുള്ള നീക്കത്തിലാണു പൊലിസ്. അതേസമയം തളിപ്പറമ്പില്‍ ക്യാപ്റ്റന്‍ പി. കുഞ്ഞമ്പുനായരുടെ കോടിക്കണക്കിനു രൂപാ വിലയുള്ള സ്വത്തുക്കളില്‍ ടൗണിനു സമീപത്തായുള്ള ഭൂമി കൈയേറി വാടകയ്ക്കു നല്‍കുകയും ഇവിടെയുള്ള കെട്ടിടത്തില്‍ വര്‍ഷങ്ങളായി അനധികൃതമായി താമസിച്ചുവരുന്നവര്‍ക്കുമെതിരെ കേസെടുക്കുമെന്നും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ വ്യക്തമാക്കി. ബാലകൃഷ്ണന്റെ ദുരൂഹമരണം അന്വേഷിക്കണമെന്നും ക്യാപ്റ്റന്‍ പി. കുഞ്ഞമ്പുനായരുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകുന്നതു തടയണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍കമ്മറ്റി ജനറല്‍ കണ്‍വീനര്‍ പത്മന്‍ കോഴൂരിന്റെ പരാതിയിലാണു നടപടി.
ബാലകൃഷ്ണന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ചുള്ള പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലിസിന്റെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. ബാലകൃഷ്ണന്‍ എന്ന വ്യക്തിയെക്കുറിച്ച് ഒരന്വേഷണവും ഇവര്‍ നടത്തിയിട്ടില്ല. ബാലകൃഷ്ണന്‍ ചികിത്സയിലായതിനെക്കുറിച്ചും അവരുടെ അസുഖത്തെക്കുറിച്ചും ഒരന്വേഷണവും നടന്നില്ല.
ബാലകൃഷ്ണന്‍ ഒരുമാസത്തോളം തിരുവനന്തപുരം ജനറല്‍ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനുശേഷം ഇയാള്‍ തിരുവനന്തപുരത്തേക്കു പോയിട്ടില്ല. ഇതിനെക്കുറിച്ചും അന്വേഷണം നടന്നിട്ടില്ല. യഥാര്‍ഥത്തില്‍ വിവാഹം കഴിഞ്ഞിരുന്നുവെങ്കില്‍ പെന്‍ഷന്‍ നോമിനിയായി ഭാര്യയെ വയ്‌ക്കേണ്ടതായിരുന്നു. പ്രതികളായ പയ്യന്നൂരിലെ അഭിഭാഷക ശൈലജയോടും ഭര്‍ത്താവ് കൃഷ്ണകുമാറിനോടും ഇന്നലെ ഡിവൈ.എസ്.പി മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."