കായികസംഘടനാ നിയമങ്ങള്‍ പൊളിച്ചെഴുതണം
കേരളത്തിന്റെ മാത്രമല്ല ഭാവി ഇന്ത്യയുടെതന്നെ പ്രതീക്ഷയായ പി.യു ചിത്രയ്ക്കുണ്ടായ ദുരന്തം രാജ്യത്തെ കായികസംഘടനകളുടെ അഹങ്കാരത്തെയാണു വ്യക്തമാക്കുന്നത്. സംഘടനാ നിയമത്തിന്റെ പേരില്‍ എന്തു നെറികേടുമാവാമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു അത്‌ലറ്റിക് ഫെഡറേഷന്‍ പോലുള്ള സംഘടനകള്‍. തന്നിഷ്ടപ്രകാരം എന്തും ചെയ്യാമെന്നും സ്വന്തക്കാരെ വേണ്ടുവോളം തിരുകിക്കയറ്റാമെന്നും ഇതിനു സര്‍ക്കാരിനോടും കോടതിയോടുപോലും സമാധാനം ബോധിപ്പിക്കേണ്ട ബാധ്യതയില്ലെന്നുമുള്ള കായികസംഘടനകളുടെ ധാര്‍ഷ്ട്യം നിറഞ്ഞ നിയമങ്ങള്‍ പൊളിച്ചെഴുതുകതന്നെ വേണം.
കടമ നിര്‍വഹിക്കാനെന്നവണ്ണം പി.യു ചിത്രയെ രാജ്യാന്തര അത്‌ലറ്റിക് മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് അത്‌ലറ്റിക് ഫെഡറേഷന്‍ കത്തെഴുതിയതു മനസ്സില്ലാമനസ്സോടെയാണ്. കത്ത് തള്ളിയതോടെ ചിത്രയ്ക്കു ലണ്ടന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണു നഷ്ടമായിരിക്കുന്നത്. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ നിശ്ചയിച്ചിടത്തുതന്നെ കാര്യങ്ങള്‍ എത്തിയതില്‍ അവര്‍ ഗൂഢമായ ആഹ്ലാദം അനുഭവിക്കുന്നുണ്ടാകണം.
കേന്ദ്രമന്ത്രിയടക്കമുള്ളവരുടെ പ്രതിഷേധം മറികടക്കാന്‍ മാത്രമാണു വൈകിയവേളയില്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ കത്തയച്ചത്. സമാനതകളില്ലാത്ത ക്രൂരതയാണു ദരിദ്രാവസ്ഥയില്‍നിന്നു വരുന്ന ഈ പെണ്‍കുട്ടിയോട് അത്‌ലറ്റിക് ഫെഡറേഷന്‍ ചെയ്തത്. നാം പയ്യോളി എക്‌സ്പ്രസ് എന്നും സ്പ്രിന്റ് റാണിയെന്നും പുകഴ്ത്തിയ, കേരളത്തിന്റെ അഭിമാനമായിരുന്ന കായികതാരവും ഈ ചതിയില്‍ പങ്കുവഹിച്ചുവെന്നതും വേദനിപ്പിക്കുന്നതായി.
പ്രകടനസ്ഥിരതയില്ലെന്നാക്ഷേപം ചൊരിഞ്ഞാണു ഭുവന്വേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് മത്സരത്തില്‍ സ്വര്‍ണപ്പതക്കം നേടിയ ഈ താരത്തെ അവഹേളിച്ചു പുറത്താക്കിയത്. ഇന്ത്യയിലെ കോടതിവിധി രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷനു ബാധകമാവില്ലെന്ന് ഇന്ത്യന്‍ ഫെഡറേഷന് അറിയാവുന്നതാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു ചിത്രയെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുപോലും താരത്തിന്റെ എന്‍ട്രി അയയ്ക്കാന്‍ സംഘാടകര്‍ അമാന്തിച്ചത് ഒഫിഷ്യലുകള്‍ക്കു സീറ്റ് തരപ്പെടുത്താന്‍ വേണ്ടിയായിരുന്നു.
ഗോഡ്ഫാദര്‍മാരും അണിയറശില്‍പികളും പണക്കൊഴുപ്പും അരങ്ങുതകര്‍ക്കുന്ന ഇന്ത്യന്‍ കായിക സംഘടനകളുടെ നിയമാവലി പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. അത്‌ലറ്റിക് ഫെഡറേഷനെപ്പോലുള്ള സംഘടനകളുടെ അഴിമതിയിലും തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനങ്ങളിലും സര്‍ക്കാറിന് ഇടപെടാന്‍ കഴിയാറില്ല. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം നിയമങ്ങളുടെ ബലത്തിലാണ് ഏതു നെറികേടിനും കായിക സംഘടനകള്‍ അരയും തലയും മുറുക്കുന്നത്.
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കായികസംഘടനകളും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും വന്നാല്‍ രാഷ്ട്രീയ ഇടപെടല്‍മൂലം മികവു പ്രകടിപ്പിക്കാത്ത താരങ്ങളെ സ്വാധീനത്തിന്റെ പേരില്‍ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുമെന്നും അതു കായികരംഗത്തെ ക്ഷീണിപ്പിക്കുമെന്നുമുള്ള വാദം ഉയര്‍ത്തിയാണു സംഘടനകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന നിയമാവലി ഉണ്ടായത്. എന്നാല്‍, രാഷ്ട്രീയ നേതാക്കളെ കടത്തിവെട്ടുന്ന നെറികേടുകളും തന്‍പ്രമാണിത്തവും അഴിമതികളുമാണു കായിക സംഘടനകളില്‍ അരങ്ങുതകര്‍ക്കുന്നത്. ഉന്തിക്കയറ്റാന്‍ ആളും അര്‍ഥവുമില്ലെങ്കില്‍ ഒരു പ്രതിഭാധനനും കയറിപ്പോകാന്‍ പറ്റില്ലെന്ന അവസ്ഥ വന്നിരിക്കുന്നു.
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അധികാരം അഴിമതിക്കുള്ള അവസരമായി മാറിയിരിക്കുന്നു. രാജ്യാന്തര തലങ്ങളില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ഫെഡറേഷന്‍ അംഗങ്ങള്‍ക്കും ഒഫിഷ്യല്‍സ് എന്ന പേരില്‍ കുറേ സില്‍ബന്തികള്‍ക്കും രാജ്യം ചുറ്റാനും വിനോദ യാത്രക്കും ഇഷ്ടംപോലെ തിന്നാനും കുടിക്കാനുമുള്ള അവസരമായാണ് കണക്കാക്കുന്നത്. ഈ മാസം ലണ്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലും സംഭവിക്കുന്നതും ഇതൊക്കെതന്നെയായിരിക്കും. ഒരു സ്വര്‍ണ മെഡല്‍ പോലും നമുക്കു പ്രതീക്ഷിക്കേണ്ടതില്ല. ഒഫിഷ്യലുകളെ ആദ്യം തീരുമാനിക്കുക പിന്നെ ശുപാര്‍ശകള്‍ അനുസരിച്ചു താരങ്ങളെ തെരഞ്ഞെടുക്കുക. നിത്യ കൂലിക്കാരുടെ മക്കളായ പി.യു ചിത്രയെപ്പോലുള്ളവര്‍ക്ക് പ്രതിഭ ഉണ്ടായാലും എങ്ങനെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനാകും. ഓരോ അവയവങ്ങളും ഛേദിച്ച് ചിത്രവധം ചെയ്യുന്നത് പോലെ ഘട്ടംഘട്ടമായി പി.യു ചിത്രയെയും അപമാനിച്ചിരിക്കുകയാണ് അത്‌ലറ്റിക് ഫെഡറേഷന്‍. രാഷ്ട്രീയക്കാരെ മാറ്റിനിര്‍ത്തിയാലും ഇത്തരം സംഘടനകള്‍ സുതാര്യമായി പ്രവര്‍ത്തിക്കുകയില്ലെന്ന് ചിത്രയുടെ ദുരനുഭവം വിളിച്ചു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."