ബുലന്ദ്ഷഹര്‍ കലാപം; ബജ്‌റങ്ദള്‍ പ്രവര്‍ത്തകനടക്കം നാലു പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ കലാപത്തില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ 87 പേര്‍ക്കെതിരേ കേസ്. കണ്ടാലറിയാവുന്ന 27 പേര്‍ക്കും 60 അജ്ഞാതര്‍ക്കുമെതിരേയാണ് കേസ്. ഇവരില്‍ ഭൂരിഭാഗവും ബജ്‌റങ്ദള്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവവാഹിനി എന്നിവയുടെ പ്രവര്‍ത്തകരാണ്.
ചമന്‍, റാം, സതീഷ്, ആശിഷ് ചൗഹാന്‍ എന്നീ നാലു പേരാണ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ബജ്‌റങ്ദള്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ്, യുവമോര്‍ച്ച നേതാവ് ശിഖര്‍ അഗര്‍വാള്‍, വി.എച്ച്.പി നേതാവ് ഉപേന്ദ്ര രാഘവ് എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. ഇവരെല്ലാവരും ഒളിവിലാണ്. പശു സംരക്ഷണത്തിന്റെ പേരില്‍ ആക്രമണം അഴിച്ചുവിട്ടതിനു യോഗേഷ് രാജിനെതിരേ നിലവില്‍ ഒന്നിലധികം കേസുകളുണ്ട്.
അക്രമസംഭവത്തില്‍ സുമിത് എന്ന ഇരുപതുകാരനും കൊല്ലപ്പെട്ടിരുന്നു. സുബോധിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകള്‍ പ്രകാരവും ഗോവധം നിരോധിക്കല്‍ നിയമപ്രകാരം മറ്റൊരു കേസുമാണ് എടുത്തിരിക്കുന്നത്. സുബോധിന്റെ വധവുമായി ബന്ധപ്പെട്ടു കൊലപാതകം, കൊലപാതക ശ്രമം, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുമുണ്ട്.
ഇന്നലെ രാത്രി 8.30നു മുഖ്യമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു സാഹചര്യങ്ങള്‍ വിലയിരുത്തി. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഗവര്‍ണര്‍ രാംനായിക്കും ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയും പറഞ്ഞു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനു നോട്ടിസയച്ചു.
സുബോധിന്റെ കുടുംബത്തിനു സര്‍ക്കാര്‍ 50 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 40 ലക്ഷം രൂപയും മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. പൊലിസ് ഓഫിസറായിരുന്ന സുബോധ് കുമാറിന്റെ പിതാവും നേരത്തെ ഇതുപോലെ കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെടുകയായിരുന്നു.
സുബോധിന് ഭാര്യയും ഹയര്‍ സെക്കന്‍ഡറിയിലും എന്‍ജിനീയറിങ്ങിനും പഠിക്കുന്ന രണ്ടുമക്കളുമുണ്ട്. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."