മരണത്തില്‍ ദുരൂഹതയെന്ന്: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി
കോഴിക്കോട്: ഗൃഹനാഥന്റെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി ഉയര്‍ന്നതോടെ മരിച്ച് 57-ാം ദിവസം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ചെലവൂര്‍ സ്വദേശി അങ്കണവാടി റോഡില്‍ വള്ളത്ത് മമ്മദ്‌കോയയുടെ (58) മൃതദേഹമാണ് എന്‍.ജി.ഒ ക്വാര്‍േട്ടഴ്‌സ് പള്ളിയിലെ ഖബറില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി വീണ്ടും അതേ സ്ഥലത്തുതന്നെ അടക്കിയത്.
ഭാര്യയ്ക്കും അഞ്ചു മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന മമ്മദ് കോയ ഒക്ടോബര്‍ എട്ടിനാണ് വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കുകയായിരുന്നു. എന്നാല്‍ മമ്മദ് കോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് സഹോദരന്‍ ഉമര്‍ രംഗത്തെത്തിയതോടെയാണ് മൃതദേഹം പുറത്തെടുത്തത്. ഡോക്ടറെ കാണിക്കാതെയും സഹോദരങ്ങളെ മരണവിവരം അറിയിക്കാതെയും ഖബറടക്കത്തിന്റെ നടപടികള്‍ പെട്ടെന്നു നടത്തിയത് ദുരൂഹമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ടാഴ്ച മുന്‍പ് ചേവായൂര്‍ പൊലിസില്‍ പരാതി ലഭിച്ചത്. മമ്മദ് കോയ കുഴഞ്ഞുവീണ സ്ഥലത്ത് രക്തം കണ്ടെത്തിയതായും വീട്ടില്‍ കുടുംബവഴക്ക് പതിവായിരുന്നതായും പരാതിയില്‍ സൂചിപ്പിച്ചിരുന്നു.
തുടര്‍ന്ന് നടപടിക്രമം പൂര്‍ത്തിയാക്കി ചേവായൂര്‍ പൊലിസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള നടപടികള്‍ സ്വീകരിച്ചു. ഖബര്‍സ്ഥാന്റെ തൊട്ടടുത്തുതന്നെ പ്രത്യേക സൗകര്യമൊരുക്കിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ചേവായൂര്‍ എസ്.ഐ ഇ.കെ ഷിജു ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമാണ് മൃതദേഹം കോഴിക്കോട് മെഡി. കോളജിലെ ഡോ. രതീഷിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമായതെന്നതിന്റെ സൂചനകളാണ് ലഭിച്ചതെന്നും വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും ചേവായൂര്‍ എസ്.ഐ ഇ.കെ ഷിജു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."