കൂട്ടുപുഴ പാലം നിര്‍മാണം; വീണ്ടും കേന്ദ്രാനുമതി നിരസിച്ച് കര്‍ണാടക
ഇരിട്ടി: കൂട്ടുപുഴ പുതിയപാലം നിര്‍മാണത്തിനുള്ള കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ നിര്‍മാണാനുമതി കര്‍ണാടകം വീണ്ടും നിരസിച്ചു.
കൂട്ടുപുഴയില്‍ പുതിയപാലത്തിന്റെ നിര്‍മാണ പ്രവൃത്തി പാതിവഴിയിലെത്തിയപ്പോഴാണ് കര്‍ണാടക തടസവാദവുമായി മുന്നോട്ട് വന്നത്. തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡിന്റെ ഭാഗമായാണ് കൂട്ടുപുഴയില്‍ പുതിയപാലം നിര്‍മിക്കുന്നത്.
പുതിയപാലത്തിന്റെ മറുകര വരുന്ന ഭാഗമായ മാക്കുട്ടം പ്രദേശം കര്‍ണാടകത്തിന്റെ റിസര്‍വ് വനത്തില്‍പ്പെട്ടതാണെന്നാണ് കര്‍ണാടകത്തിന്റെ അവകാശവാദം. കേരളത്തിന്റെ കൈവശമുള്ള ഭൂമിയിലാണ് പാലം നിര്‍മിക്കുന്നതെന്ന് കേരള റവന്യു വകുപ്പിന്റെ കൈവശം രേഖയുണ്ടെങ്കിലും ഇത് കര്‍ണാടക സര്‍ക്കാരിനെ ബോധ്യപ്പെടുത്തി അനുമതി വാങ്ങാന്‍ കേരള റവന്യു വകുപ്പിനോ സംസ്ഥാന സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല.
പാലം പ്രവൃത്തി നിലച്ച് ഒരു വര്‍ഷത്തോളമായി തര്‍ക്കം തുടര്‍ന്നിട്ടും ജില്ലാകലക്ടര്‍ ഇതുവരെ ഈ പ്രദേശം സന്ദര്‍ശിക്കുന്നതിനോ തര്‍ക്കം പരിഹരിക്കുന്നതിനോ തയാറായിട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
സണ്ണി ജോസഫ് എം.എല്‍.എ ബംഗളൂരുവില്‍ കുട്ടുപുഴപാലം നിര്‍മാണ തര്‍ക്കം പരിഹരിക്കുന്നതിനായി പോവുകയും പി.കെ ശ്രീമതി എം.പി മുഖേന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ കൊണ്ട് കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് കര്‍ണാടക വനം വകുപ്പ് അനുമതി നിഷേധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."