വെഹിക്കുലാര്‍ അണ്ടര്‍ പാസേജിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും: മന്ത്രി ജി. സുധാകരന്‍
ചാലക്കുടി: ദേശീയപാതയില്‍ കോടതി ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വെഹിക്കുലാര്‍ അണ്ടര്‍ പാസേജിന്റെ പ്രവൃത്തികള്‍ 2019 മെയ് 31നകം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ബി.ഡി ദേവസി എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബന്ധപ്പെട്ട നിര്‍മാണ കമ്പനി അണ്ടര്‍ പാസേജിന്റെ നിര്‍മാണത്തിനായുള്ള പരിഷ്‌ക്കരിച്ച പ്രോഗ്രാം നാഷണല്‍ ഹൈവേ അതോറിറ്റിക്കു സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ദേശീയപാത അതോറിറ്റിക്കാണ് അണ്ടര്‍ പാസേജിന്റെ നിര്‍മാണ ചുമതലയെന്നും സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ഇതെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയപാതയില്‍ കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മാണം സ്തംഭിച്ച അവസ്ഥയിലാണിപ്പോള്‍.
250 ദിവസം കൊണ്ട് അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് മാര്‍ച്ച് 18ന് നിര്‍മാണോദ്ഘാടനം നടത്തിയ പദ്ധതിയാണ് ഇപ്പോള്‍ അവതാളത്തിലായിരിക്കുന്നത്. അടിപ്പാത നിര്‍മാണത്തിന്റെ തുടക്കത്തിലെ പ്രവൃത്തികള്‍ താളംതെറ്റിയിരുന്നു. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണു കരാറുകാര്‍. ഇവര്‍ നിര്‍മാണ ജോലികള്‍ ഉപകരാര്‍ നല്‍കിയിരിക്കുകയാണ്.
ഇതിലെ അപാകതയാണു പ്രവൃത്തികള്‍ നിലക്കാന്‍ കാരണമായതെന്നു പറയപ്പെടുന്നു. പടിഭാഗത്തെ സര്‍വിസ് റോഡ് താഴ്ത്തുന്ന ജോലികളാണു തുടങ്ങിവച്ചത്. ഇതു പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണിപ്പോള്‍. പ്രവൃത്തികള്‍ ആരംഭിച്ചപ്പോള്‍ സര്‍വിസ് റോഡിലെ ഗതാഗതം നിര്‍ത്തിവച്ചു.
ദേശീയപാതയിലെ ഗതാഗതം ഒരുവരിയാക്കി നിയന്ത്രിച്ചിരിക്കുകയാണ്. ചാലക്കുടി മാള റോഡിലെ സിഗ്‌നല്‍ സംവിധാനം നിര്‍ത്തലാക്കാനായാണ് അടിപ്പാത നിര്‍മിക്കുന്നത്. നാലുവരിപാത പ്രാബല്യത്തില്‍ വന്നകാലം മുതലെ മുനിസിപ്പല്‍ ജങ്ഷനില്‍ അപകടങ്ങളും അപകട മരണങ്ങളും പതിവായി മാറിയിരുന്നു.
ഇതേ തുടര്‍ന്നു സിഗ്‌നല്‍ സംവിധാനം മാറ്റി അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജങ്ഷനില്‍ അടിപ്പാത നിര്‍മാണം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."