കുട്ടികള്‍ മണ്ണുവാരിതിന്നെന്ന വാര്‍ത്ത: ബാലവാകാശ കമ്മിഷനും ശിശുക്ഷേമ സമിതിയും രണ്ടുതട്ടില്‍, വിഷയത്തില്‍ രാഷ്ട്രീയ വിവാദം
തിരുവനന്തപുരം: കൈതമുക്കില്‍ വിശപ്പ് സഹിക്കാതെ കുട്ടികള്‍ മണ്ണുവാരിതിന്നതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സംബന്ധിച്ച് പുതിയ വിവാദം. ഇങ്ങനെയൊരു സംഭവം വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാന്‍ പി.സുരേഷ് ചൂണ്ടിക്കാട്ടുമ്പോള്‍ ഇത് പൂര്‍ണമായും നിഷേധിക്കുകയാണ് സംസ്ഥാന ശിശുക്ഷേമ സമിതി.
ഇളയകുട്ടി മണ്ണുവാരി കളിക്കുന്നതു കണ്ടുകൊണ്ടാണ് ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ പട്ടിണികാരണമാണ് കുട്ടികള്‍ മണ്ണുവാരി തിന്നതായി തെറ്റിദ്ധരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായി റിപ്പോര്‍ട്ട് ചെയ്ത സംഭവം കേരളത്തിന് ആകെ അപമാനകരമായിപ്പോയെന്ന് ചെയര്‍മാന്‍ പറഞ്ഞു. കാളപെറ്റെന്നു കേട്ടപ്പോള്‍ ശിക്ഷുക്ഷേമസമിതി കയറെടുക്കുകയാണുണ്ടാതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ കൈതമുക്കിലുളള വീട് സന്ദര്‍ശിച്ച് അമ്മയും മുത്തശ്ശിയും സമീപവാസികളുമായും സംസാരിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. എന്നാല്‍ ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി പ്രതിപക്ഷ ഭരണപക്ഷ വാഗ്വാദങ്ങളും തുടങ്ങി. അതിനിടെ നാലു കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അച്ഛന്റെ ക്രൂരതകള്‍ കൊണ്ടാണെന്നാണ് മാതാവ് ഇപ്പോള്‍ പറയുന്നത്. അച്ഛന്റെ ഉപദ്രവങ്ങളില്‍ നിന്ന് സംരക്ഷണം തേടിയാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചതെന്നും വിശപ്പ് മൂലം കുട്ടികള്‍ മണ്ണ് കഴിച്ചിട്ടില്ലെന്നും ആവശ്യത്തിന് ഭക്ഷണം മക്കള്‍ക്ക് ലഭിച്ചിരുന്നെന്നും അവര്‍ പറയുന്നു.
വീട്ടില്‍ പട്ടിണിയുണ്ടായിരുന്നില്ല. ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ കിട്ടാറുണ്ട്. ശിശുക്ഷേമ സമിതിയ്ക്ക് കുട്ടികളെ കൈമാറിയ അന്ന് ഉച്ചയ്ക്കും കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നു. പുറമ്പോക്കിലാണ് താമസിക്കുന്നത് എന്നതാണ് പ്രശ്നം. ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കുമായിരുന്നു. നിരന്തരം മര്‍ദിക്കുമായിരുന്നു. അതില്‍ നിന്ന് മക്കളെ താത്കാലികമായി മാറ്റിനിര്‍ത്താനാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ താത്കാലികമായി ജോലി കിട്ടിയിട്ടുണ്ട്. ജോലി ചെയ്ത മക്കളെ സംരക്ഷിക്കാമെന്നാണ് പ്രതീക്ഷയെന്നും അമ്മ കൂട്ടിചേര്‍ത്തു.
ഭര്‍ത്താവ് ജോലിക്കുപോവുകയും വീട്ടിലേക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്യുന്നുണ്ടെന്ന് കുട്ടിയുടെ അമ്മ ശ്രീദേവി കമ്മിഷനു മുമ്പാകെയും മൊഴി നല്‍കി. വീട്ടിലെത്തിയ ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ എഴുതി തയാറാക്കിയ കടലാസ് വായിച്ചു നോക്കാതെ അവര്‍ ഒപ്പിട്ടു നല്‍കുകയായിരുന്നു എന്നും കമ്മിഷനു മുമ്പാകെ പറഞ്ഞതായി ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു.
പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികളെയും അമ്മയെയും കാണുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വാര്‍ത്തയെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കമ്മിഷന്റെ അരികില്‍ ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കി. തിരുവനന്തപുരം നഗരസഭ ശ്രീദേവിക്ക് ദിവസവേതനത്തില്‍ ജോലി നല്‍കിയിട്ടുണ്ട്. വീട് നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്. ചെയര്‍മാനോടൊപ്പം കമ്മിഷന്‍ അംഗങ്ങളായ എം.പി ആന്റണി, എ.ഫിലിപ്പ് പരക്കാട്ട് എന്നിവര്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ശ്ലാഘനീയമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."