ജനുവരി ഒന്നു മുതല്‍ പൊതുപരിപാടികളില്‍ പ്ലാസ്റ്റിക്കിന് നിരോധനം
കല്‍പ്പറ്റ: ജില്ലയില്‍ ജനുവരി ഒന്നു മുതല്‍ പൊതുപരിപാടികളില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കും.
ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. വീടുകളിലും ഓഡിറ്റോറിയങ്ങളിലും നടത്തുന്ന വിവാഹമുള്‍പ്പെടെയുളള ചടങ്ങുകളിലും ഭക്ഷണം നല്‍കുന്നതിന് പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത് തടയും. ആവശ്യമെങ്കില്‍ ഭക്ഷണം നല്‍കുന്നതിന് പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മ സേനകളുടെ നേതൃത്വത്തില്‍ വിതരണം ചെയ്യും. ഇവ വാങ്ങുന്നതിന് ഓരോ പഞ്ചായത്തും പ്രത്യേകം പ്രോജക്ടുകള്‍ വെക്കാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലാഭരണകൂടം, ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ വികസന പദ്ധതികളുടെ ഭാഗമായാണ് നടപടി.
മാലിന്യ സംസ്‌കരണത്തിനും ശുചിത്വ ബോധവല്‍ക്കരണത്തിനും ജില്ലയില്‍ പുതിയൊരു സംസ്‌കാരം താഴെത്തട്ടില്‍ നിന്നും വളര്‍ത്തിയെടുക്കുക, ഹരിത ചട്ടം നിര്‍ബന്ധമാക്കുക എന്നിവയാണ് പരിസ്ഥിതി സൗഹൃദ വികസനത്തിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ നടത്തിപ്പിനായി ഓരോ പഞ്ചായത്തിലും രൂപീകരിച്ച വാര്‍ഡ് സമിതികളുടെ യോഗം അടുത്ത ആഴ്ച്ച ചേരണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഡിസംബര്‍ മൂന്നാം വാരം പഞ്ചായത്ത് തലത്തില്‍ വിപുലമായ ശുചിത്വസംഗമങ്ങള്‍ സംഘടിപ്പിക്കണം.
സംഗമങ്ങളില്‍ ശുചിത്വവും മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് ക്ലാസുകള്‍ നടത്തും. മുഴുവന്‍ പഞ്ചായത്തുകളിലും മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ (എം.സി.എഫ്) സ്ഥാപിക്കുന്നതോടെ അജൈവ മാലിന്യ സംസ്‌ക്കരണത്തില്‍ ഹരിതകര്‍മ സേനകളുടെ സേവനം കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി.
തല്‍ക്കാലം ഹരിതകര്‍മ സേനകള്‍ക്ക് നല്‍കേണ്ട യൂസര്‍ ഫീ പഞ്ചായത്തുകള്‍ തന്നെ നിശ്ചയിക്കും. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ പഞ്ചായത്തടിസ്ഥാനത്തില്‍ കൈത്തോടുകളും പുഴകളും പുനരുജ്ജിവിപ്പിക്കാനുളള പദ്ധതികളും ഇതോടൊപ്പം നടപ്പാക്കും. ഹരിത കേരളാ മിഷന്റെ നേതൃത്വത്തില്‍ 8ന് ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന പുനരുജ്ജീവനയഞ്ജം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."