ദൃശ്യവിസ്മയമൊരുക്കി മച്ചാട് വനത്തിലെ കിടാരം വെള്ളച്ചാട്ടം
വടക്കാഞ്ചേരി : പ്രകൃതി മനോഹാരിതയുടെ വിസ്മയ ചന്തമൊരുക്കി മച്ചാട് വനമേഖലയില്‍ ഉള്‍വനത്തിലെ കിടാരം വെള്ളച്ചാട്ടം വിനോദ സഞ്ചാരികളുടെ ഹൃദയം കവരുന്നു. വാഴാനി ഡാം ജലാശയ പരിസരത്ത് നിന്ന് ആറ് കിലോമീറ്ററോളം കൊടുംവനത്തിലൂടെ സഞ്ചരിച്ചാല്‍ ഈ ദൃശ്യവിസ്മയ തീരത്തെത്താം.
വലിയ ഉയരത്തില്‍ നിന്ന് കളകളാരവമുയര്‍ത്തി പഞ്ഞി കെട്ടിന് സമാനമായി വെള്ളം താഴോട്ട് പതിയ്ക്കുമ്പോള്‍ അതിന്റെ ആരവം വനമേഖലയില്‍ ഉയര്‍ന്ന് കേള്‍ക്കാം . വാഴാനി ജലാശയ പരിസരത്ത് നിന്നാല്‍ വെള്ളചാട്ടം ദൂര കാഴ്ചയാണ്. എന്നാല്‍ അങ്ങോട്ട് എത്തിപ്പെടാന്‍ ഇപ്പോള്‍ കടമ്പകളേറെയാണ്.
നിരവധി മൃഗങ്ങളുടെ ആവാസകേന്ദ്രമാണ് മച്ചാട് വനം. മാനുകളും, കാട്ടുപന്നികളും, മ്ലാവ്, മുള്ളന്‍പന്നികള്‍, മലയണ്ണാന്‍, പെരുമ്പാമ്പുകള്‍ , രാജവെമ്പാലകള്‍ ഈ മേഖലയില്‍ നിത്യസാന്നിദ്ധ്യമാണെന്ന് വനപാലകര്‍ പറയുന്നു. കാട്ടുപോത്തുകളും ഈ വനമേഖലയില്‍ ധാരാളമാണ്. അതു കൊണ്ടു തന്നെ വനത്തില്‍ പ്രവേശിയ്ക്കുന്നതിന് വനം വകുപ്പ് കര്‍ശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ വെള്ളചാട്ടം സഞ്ചാരികള്‍ക്ക് വിദൂര കാഴ്ച മാത്രമാണ്. പ്രത്യേക അനുമതി എടുക്കുന്നവര്‍ക്ക് വനം വകുപ്പ് സന്ദര്‍ശകാനുമതി നല്‍കുന്നുണ്ട് എന്നതാണ് ആശ്വാസം .വേനല്‍കാലത്ത് ഈ വെള്ളചാട്ടം വല്ലാതെ ശോഷിയ്ക്കുന്നതും കൊടുംവേനലില്‍ ഇല്ലാതാകുന്നതും പോരായ്മയാണ്. അതു കൊണ്ടു തന്നെ ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി ഈ വെള്ളച്ചാട്ടത്തെ മാറ്റിയെടുക്കാന്‍ അധികൃതര്‍ ഇതുവരെയും നടപടിയൊന്നും കൈ കൊണ്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."