കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: ചിത്തിര ആട്ടവിശേഷത്തിനു കുട്ടിയുടെ ചോറൂണിനു ശബരിമലയിലെത്തിയ സ്ത്രീയെ തടഞ്ഞ കേസില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കെ. സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്ന് ഹൈക്കോടതി ആരാഞ്ഞു. തീര്‍ഥാടകരായ സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ സുരേന്ദ്രനു ആരാണ് അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചു. 52 കാരിയായ തീര്‍ഥാടക ലളിത നല്‍കിയ കേസിലാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. സുരേന്ദ്രന്റെ ഭരണഘടനാ അവകാശം ലംഘിച്ചുവെന്നു അഭിഭാഷകന്‍ വാദിച്ചപ്പോള്‍ കേസിലെ ഇരയുടെ ഭരണഘടനാ അവകാശവും ഹരജിക്കാരന്‍ ലംഘിച്ചുവെന്നു കോടതി മറുപടി നല്‍കി.
ശബരിമലയിലും മറ്റും തീര്‍ഥാടകരെ തടയുന്നതിനു ഹരജിക്കാരന്‍ ഗൂഢാലോചന നടത്തി അക്രമത്തിനു ആഹ്വാനം നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ശബരിമലയില്‍ എ.ഡി.ജി.പിയായി വല്‍സന്‍ തില്ലങ്കേരിയും ഐ.ജിയായി സുരേന്ദ്രനും ചുമതലയേറ്റതായി ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റുകളുടെ പകര്‍പ്പും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കെ. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്ന വ്യക്തി ഇതുപോലെ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. ശബരിമലയില്‍ ഭക്തയെ തടയാനുള്ള ആസൂത്രണം നടത്തിയത് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് എന്നും സര്‍ക്കാര്‍ വാദിച്ചു. സുരേന്ദ്രന് ജാമ്യം നല്‍കിയാല്‍ ശബരിമലയില്‍ വീണ്ടും സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു.
സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് കെ. സുരേന്ദ്രനും ബി.ജെ.പിയും ആരോപിക്കുന്നത്. ജാമ്യത്തിനായി ഇതുവരെ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. ഒരു വിശ്വാസി എന്ന നിലയ്ക്കാണ് താന്‍ ശബരിമലയില്‍ പോയതെന്ന് കെ. സുരേന്ദ്രന്‍ വാദിച്ചു. വധശ്രമക്കേസാണ് തന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ അത്തരം സാഹചര്യമില്ല. സ്ത്രീയുടെ ചുണ്ടിന് മാത്രമാണ് പരുക്ക് പറ്റിയിട്ടുള്ളതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഹരജിയില്‍ തുടര്‍വാദം കേട്ട് കോടതി ഇന്നു വിധി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."