പള്ളിക്കല്‍ ആരോഗ്യ കേന്ദ്രം അവഗണനയുടെ പട്ടികയില്‍
എന്‍.എം കോയ പള്ളിക്കല്‍
പള്ളിക്കല്‍: പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തെ സര്‍ക്കാരും വകുപ്പ് ഉദ്യോഗസ്ഥരും അവഗണിക്കുന്നതായി പരാതി ഉയരുന്നു. കൊണ്ടോട്ടിയിലെ സി.എച്ച്.സി താലൂക്ക് ആശുപത്രി ആയി ഉയര്‍ത്താന്‍ തീരുമാനമെടത്തതിനെ തുടര്‍ന്ന് പള്ളിക്കല്‍ പഞ്ചായത്തിലെ പി.എച്ച്.സിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്താനുള്ള തീരുമാനമെടുത്തിരുന്നു. ഇതോടൊപ്പം കൊണ്ടോട്ടി ബ്ലോക്കില്‍പെട്ട പഞ്ചായത്തുകളിലെ പുളിക്കല്‍, ചേലേമ്പ്ര എന്നിവടങ്ങളിലെ പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താനും നടപടിയായി.
2018 ജനുവരിയില്‍ കൊണ്ടോട്ടി സി.എച്ച്.സി താലൂക്ക് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പള്ളിക്കല്‍ ആരോഗ്യ കേന്ദ്രം പഴയ പടി തന്നെ തുടരുകയാണ്. 2017 നവംബറില്‍ പള്ളിക്കല്‍ പി.എച്ച്.സി യെ സി.എച്ച്.സി ആയി ഉയര്‍ത്തുന്നതിന് സര്‍ക്കാരില്‍ നിന്നും അംഗീകാരം ലഭിച്ചതായും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ക്കായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വിഭാഗം ഡയരക്ടര്‍ക്ക് വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നതുമാണ്. പദ്ധതികള്‍ക്കാവശ്യമായ നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി ആ കാലയളവില്‍ തന്നെ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അറിയിച്ചിരുന്നു.
പദ്ധതിക്കായി സര്‍ക്കാരില്‍ നിന്നും രണ്ട് കോടിയുടെ സാങ്കേതിക അനുമതിയും എം.എല്‍.എ ഫണ്ടില്‍ നിന്നും 30 ലക്ഷവും അനുവദിച്ചിരുന്നതുമാണ്. എന്നാല്‍ പദ്ധതി കടലാസില്‍ ഒതുങ്ങിയ അവസ്ഥയാണിപ്പോള്‍. തീരുമാനമെടുത്ത് ഒരു വര്‍ഷം പിന്നിട്ടിട്ടും പദ്ധതി നടപ്പിലാക്കാനായില്ല. 2012ല്‍ കേന്ദ്രത്തില്‍ 24 മണിക്കൂറും ചികിത്സാ സൗകര്യമൊരുക്കുന്നതിന് നടപടികള്‍ കൊണ്ടിരുന്നെങ്കിലും ഈ കാലയളവില്‍ ആ തീരുമാനവും നടപ്പിലായില്ല.
സര്‍ക്കാരിന്റേയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ദിനേ 300 ഓളം രോഗികളെത്തുന്ന കേന്ദ്രത്തില്‍ ആവശ്യമായ ജീവനക്കാരില്ലാത്തതിനാല്‍ പലപ്പോഴും രോഗികളും ജീവനക്കാരും ഒരുപോലെ പ്രയാസപ്പെടുകയാണ്. വിമാനത്താവളവും കാലിക്കറ്റ് സര്‍വകലാശാലയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളാണ് പള്ളിക്കല്‍ പഞ്ചായത്തിലുള്ളത്.
ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ പള്ളിക്കല്‍ പഞ്ചായത്തില്‍ കിടത്തി ചികിത്സാ സൗകര്യമുള്ള സ്വകാര്യ ആശുപത്രികള്‍ പോലും ഇല്ല. പി.എച്ച്.സിയില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് രോഗികള്‍ക്ക്. നിലവില്‍ കേന്ദ്രം സി.എച്ച്.സിയാക്കി ഉയര്‍ത്തണമെങ്കില്‍ പുതിയ കെട്ടിടം പോലും പണിയേണ്ടതില്ല. പഞ്ചായത്തിലെ കൂനൂള്‍മാടില്‍ ആരോഗ്യ വിഭാഗത്തിന്റെ ഒന്നരയേക്കറോളം വരുന്ന സ്ഥലത്ത് 1990ല്‍ ഡോര്‍മറ്ററിക്ക് വേണ്ടി നിര്‍മിച്ച കെട്ടിടത്തിലും നിലവിലെ പി.എച്ച്.സി കെട്ടിടത്തിലുമായി 50 ഓളം രോഗികളെ കിടിത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്.
നിലവില്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുള്‍പ്പെടെയും ആവശ്യമായ ജീവനക്കാരെയും ചികിത്സക്കാവശ്യമായ ആധുനിക ഉപകരണങ്ങളും ഫര്‍ണിച്ചറുകളുമാണ് ആവശ്യം. ഇതിന് ആവശ്യമായ ഫണ്ടും അനുവദിച്ചതാണ്. എന്നിട്ടും നിശ്ചിത കാലയളവില്‍ പദ്ധതി നടപ്പിലാക്കാന്‍ തയ്യാറാകാത്ത വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നും രോഗികളുടെ ദുരിതമകറ്റുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.കേന്ദ്രം സി.എച്ച്.സി ആക്കി ഉയര്‍ത്തുന്നതോടെ സ്ത്രീരോഗ വിഭാഗം, ശിശുരോഗ വിഭാഗം, കണ്ണ് രോഗ വിഭാഗം, സര്‍ജന്‍ തുടങ്ങി സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ലാബ്, ഫാര്‍മസി തുടങ്ങി മറ്റു വിഭാഗങ്ങളില്‍ ആവശ്യമായ ജീവനക്കാരെയും നിയമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."