ഈ മൗനത്തിന് വലിയ വിലകൊടുക്കേണ്ടി വരും
ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ നിയമ നിര്‍മാണ സഭകള്‍ക്കകത്തും പുറത്തും വലിയ പ്രതിഷേധമുയര്‍ത്തി അതിനെ ജനാധിപത്യപരമായി തന്നെ തടയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയധികം മതപരമായി വിവേചനം സൃഷ്ടിക്കുന്ന മറ്റൊരു ബില്‍ ഇതുവരെയും ആരും നടപ്പാക്കിയിട്ടില്ല. ജന്മം കൊണ്ടും ജീവിതത്താലും പാരമ്പര്യത്താലും ഈ മണ്ണില്‍ തലമുറകളായി ജീവിച്ചു പോരുന്ന ഓരോ മുസ്‌ലിം പൗരനും, പേരിലെ ഒരക്ഷരത്തെറ്റിന്റെ കാരണത്താല്‍ ഇന്ത്യയില്‍ നിന്ന് അടിവേരറുക്കപ്പെടുവാനുള്ള അങ്ങേയറ്റം ഭീതിതമായ സാഹചര്യമാണ് അഭിമുഖീകരിക്കുവാന്‍ പോകുന്നത്. ജന്മം കൊണ്ട് ഈ നാടുമായുള്ള നമ്മുടെ പൊക്കിള്‍ക്കൊടി ബന്ധം പോയിട്ട് കൈവശമുള്ള രേഖകള്‍ പോലും ഒരു പക്ഷെ ലക്ഷക്കണക്കിന് ഇന്ത്യന്‍ മുസല്‍മാന്‍മാരെ തുണച്ചേക്കില്ല. അത്ര മാത്രം സങ്കീര്‍ണമായ ഒരു പ്രക്രിയയിലൂടെയാണ് ഇനിയുള്ള ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എവരും കടന്നു പോകാനുള്ളത്.
സ്വതന്ത്ര ഇന്ത്യയില്‍ 1951 ലാണ് സെന്‍സസിനു ശേഷം പൗരത്വ പട്ടിക നടപ്പിലാക്കിയത്. അതോടെ രാജ്യത്തെ പൗരന്മാര്‍ ആരെല്ലാമാണെന്ന് നിശ്ചയിക്കപ്പെട്ടു. 1955ലെ പൗരത്വ നിയമം അനുസരിച്ച് ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ചവരായ, എന്നാല്‍ 1951 ലെ സെന്‍സസ് രേഖകളില്‍ ഉള്‍പ്പെടാതെ വിദേശത്ത് ജീവിച്ചിരുന്ന അല്ലെങ്കില്‍ നാട്ടുരാജ്യങ്ങളില്‍ പൗരന്മാരായി കഴിഞ്ഞിരുന്ന ആളുകളെ കൂടി പരിഗണിച്ചു കൊണ്ട് ഈ പട്ടിക പിന്നീട് വികസിപ്പിക്കുകയുണ്ടായി.1961 ഡിസംബര്‍ 20ന് ഫ്രഞ്ച്, പോര്‍ച്ചുഗീസ് പ്രദേശങ്ങള്‍ കൂടി ഇന്ത്യയിലേക്ക് ചേര്‍ക്കപ്പെടുകയും 1975 ല്‍ സ്വയം ഭരണമവസാനിച്ച് സിക്കിം പ്രദേശം കൂടി ഇന്ത്യന്‍ യൂണിയന്റെ ഭാഗമാവുകയും ചെയ്തു. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പ്രത്യേക ഉത്തരവ് പ്രകാരം പൗരത്വം നല്‍കപ്പെട്ടു. 1971ല്‍ ഇന്തോ- പാക് യുദ്ധാനന്തരം പിന്നീട് ബംഗ്ലാദേശ് എന്നറിയപ്പെട്ട കിഴക്കന്‍ പാകിസ്താന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ജാതി മത ഭേദമന്യേ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അഭയാര്‍ഥി പ്രവാഹമുണ്ടായി. ഇവരിലെ മുസ്‌ലിമേതര സമുദായങ്ങളായ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് പൗരത്വം ഉറപ്പാക്കുന്ന തീര്‍ത്തും മത വിവേചനം നടത്തുന്ന പൗരത്വ ബില്ലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചുട്ടെടുത്തുകൊണ്ടിരിക്കുന്നത്.
ഈ പൗരത്വ ബില്‍ രാജ്യമൊട്ടാകെ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിക്കുകയും മേല്‍പ്പറഞ്ഞ വിവേചന ബില്‍ പാര്‍ലമെന്റില്‍ എത്തുകയും ചെയ്തിരിക്കുന്നു. കേരളത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്ന് നോക്കിയാല്‍ 1951 ലെ പൗരത്വ പട്ടികയുമായി ബന്ധിപ്പിച്ചുള്ള രേഖകളായിരിക്കണം മിക്കവാറും സമര്‍പ്പിക്കേണ്ടത്. അടിസ്ഥാന വര്‍ഷം 1971 ആക്കി അസമിന് നല്‍കിയ 20 വര്‍ഷത്തെ പ്രത്യേക ഇളവ് കേരളത്തിന് ലഭിക്കാന്‍ സാധ്യതയില്ല. ഒറ്റ നോട്ടത്തില്‍ ലളിതമെന്ന് തോന്നിക്കുന്നതും എന്നാല്‍ വളരെയധികം സങ്കീര്‍ണവുമായ ഒരു കടമ്പയാണിത്. 1951 ലെ സെന്‍സസില്‍, അതേക്കുറിച്ച് വലിയ അവബോധമില്ലാതിരുന്ന നമ്മുടെ പൂര്‍വികരിലൊരാള്‍ ഏതെങ്കിലും കാരണത്താല്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അതു മതി തുടര്‍ന്നിങ്ങോട്ടുള്ള നമ്മുടെ മുഴുവന്‍ തലമുറയും ഇന്ത്യക്കാരല്ലാതാവാന്‍. ഇവിടെ ജനിച്ചതോ നാല്‍പ്പതോ അന്‍പതോ വര്‍ഷം ഇവിടെ ജീവിച്ചതോ പൗരത്വം ഉറപ്പു വരുത്തണമെന്നില്ല. കൈവശമുള്ള രേഖകള്‍ സെന്‍സസിലുള്ള പൂര്‍വികനുമായി ബന്ധപ്പെടുത്താന്‍ ഉതകുന്നതല്ലെങ്കില്‍ ഈ രാജ്യത്ത് ഒരു തരി മണ്ണിന്റെ പോലും അവകാശമില്ലാതെ ഒരു സുപ്രഭാതത്തില്‍ അഭയാര്‍ഥികളാവേണ്ടി വരും.
ഒരു കുടുംബത്തിന്റെ അടിവേരറുക്കപ്പെടാന്‍ 1951 ല്‍ സംഭവിച്ച ഒരു ചെറിയ പിഴവ് മതിയെന്നര്‍ഥം. ഇനി 1951 ലെ പട്ടികയില്‍ പേര് കണ്ടെത്തിയെന്ന് തന്നെയിരിക്കട്ടെ, ആശ്വസിക്കാനായിട്ടില്ല. രേഖകളില്‍ സംഭവിച്ച ഒരക്ഷരത്തെറ്റ് മതി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍. അസമില്‍ പലര്‍ക്കും സംഭവിച്ചത് അതാണ്. ഒരേ കുടുംബത്തിലെ തന്നെ ചിലര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടത് രേഖകളില്‍ സംഭവിച്ച നിസ്സാരമെന്ന് കരുതുന്ന അക്ഷരത്തെറ്റുകളുടെ പേരിലാണ്.
കേരളീയരായ നമ്മുടെ രേഖകളിലും അക്ഷരത്തെറ്റുകള്‍ക്ക് പഞ്ഞമൊന്നുമുണ്ടാവില്ലെന്നുറപ്പ്. ഉദാഹരണത്തിന് ഒരേയാളുടെ പേര് തന്നെ 'നഫീസ'യെന്നും 'നബീസ'യെന്നും എഴുതിയിട്ടുണ്ടെങ്കില്‍ അക്കാരണം ചൂണ്ടിക്കാട്ടി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാം. ഇനി പേര് പിഴവ് സംഭവിച്ചത് 1951 ലെ പട്ടികയിലാണെങ്കില്‍ തുടര്‍ന്നിങ്ങോട്ടുള്ള മുഴുവന്‍ കുടുംബവും പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടും. ഇത്രമാത്രം ഭീതിതമായ ഒരു സാഹചര്യമാണ് ഈ നിയമം നടപ്പിലാക്കിയാല്‍ കേരളത്തില്‍ പോലും സംഭവിക്കാന്‍ സാധ്യതയുള്ളത്.
ഈ ബില്ലിന്റെ ലക്ഷ്യം മുസ്‌ലിം സമുദായത്തെ പൗരന്മാരല്ലാതാക്കുക എന്നത് മാത്രമാണ്. ഇന്ത്യയൊരു ജനാധിപത്യ മതേതര രാജ്യമാണെന്നിരിക്കെ, എങ്ങനെയാണ് മതം ഒരാളുടെ പൗരത്വത്തിന്റെ മാനദണ്ഡമാവുന്നത്? മഹത്തായ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15ല്‍, ഭരണകൂടം ഏതൊരു പൗരന് നേര്‍ക്കും അയാളുടെ മതം, ജാതി, വംശം , ലിംഗം, ജന്മ സ്ഥലം എന്നിവ നോക്കി വിവേചനം കാണിക്കരുത് എന്ന സുവ്യക്തമായ അനുശാസന നിലനില്‍ക്കുന്നുണ്ട്. അപ്പോഴാണ് മതം നോക്കി പൗരത്വം പോലും പുനര്‍ നിര്‍വചിക്കാന്‍ ശ്രമം നടക്കുന്നത്. ഇത്രയധികം അപകടം പതിയിരിക്കുന്ന ഒരു നീക്കം നടക്കുമ്പോഴും പൊതുസമൂഹം പുലര്‍ത്തിപ്പോരുന്ന നിസ്സംഗത ഏറെ നിരാശാജനകമാണ്. എന്തിനധികം, മുസ്‌ലിം സംഘടനകള്‍ക്ക് പോലും ഇക്കാര്യത്തില്‍ വേണ്ടത്ര വേവലാതി ഇതുവരെയും ഉണ്ടായിട്ടില്ല. നിയമം പാസായി, പട്ടിക പുറത്ത് വന്നിട്ട് വിലപിക്കാമെന്നാണ് കരുതുന്നതെങ്കില്‍, ആ വിലാപങ്ങള്‍ക്ക് അന്ന് ഒരു പ്രയോജനവും ഉണ്ടായിരിക്കില്ല. പിഴുതെറിയപ്പെട്ടവരുടെ വനരോദനം മാത്രമായി അതവസാനിക്കും.
വല്ലതും ചെയ്യാനുണ്ടെങ്കില്‍ അതിനുള്ള സമയമിതാണ്. പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ത്ത് പരാജയപ്പെടുത്താനുള്ള ഉത്തരവാദിത്തം ജന പ്രതിനിധികളായ ഓരോരുത്തര്‍ക്കുമുണ്ട്. വിവിധ പാര്‍ട്ടികളുടെ കക്ഷി നേതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തി, ബില്ലിനെതിരേ പിന്തുണ നേടാനുള്ള ശ്രമം ഊര്‍ജിതമാക്കണം. മത വിവേചനം തടയുന്ന, ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 15 നെ നിരാകരിക്കുന്ന, വര്‍ഗീയ ലക്ഷ്യങ്ങളുള്ള ബില്ലിനെതിരേ നിയമപോരാട്ടങ്ങള്‍ നടക്കണം.
ദേശീയ പൗരത്വ ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസ്താവിക്കുന്നുണ്ടെങ്കിലും, ഇക്കാര്യത്തില്‍ ഇതുവരെയും കോണ്‍ഗ്രസ് പാര്‍ട്ടി വല്ലതും ചെയ്തതായി അറിവില്ല. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും ബില്ലിനെതിരേ ഘോരഘോരം രംഗത്തുണ്ടെങ്കിലും മമത ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ പോലും രണ്ടു കൂറ്റന്‍ തടങ്കല്‍ പാളയങ്ങളുടെ പണി പൊടി പൊടിക്കുന്നുണ്ട്. ഈ വൈരുദ്ധ്യങ്ങള്‍ കാണാതെ പോവരുത്. ആത്മാര്‍ഥതയില്ലാത്ത കേവലം ഒച്ചപ്പാടിനു പകരം, കൃത്യമായ നീക്കങ്ങള്‍ നടത്തേണ്ട സമയമാണിത്. ഈ സമയത്ത് അതിന് കഴിയുന്നില്ലെങ്കില്‍ ഇനി മറ്റൊരവസരമില്ലെന്നുറപ്പാണ്. രാജ്യത്തെ കക്ഷി രാഷ്ട്രീയക്കാര്‍ക്ക് ഈ സമൂഹത്തിന് വേണ്ടി വല്ലതും ചെയ്യാനുണ്ടെങ്കില്‍ അത് ചെയ്യേണ്ടത് ഇപ്പോഴാണ്. ഇവിടെ ജനിച്ചു വളര്‍ന്ന കോടിക്കണക്കിനു മുസ്‌ലിം പൗരന്മാര്‍ ആശങ്കയോടെയാണ് തങ്ങളുടെ ആസന്ന ഭാവിയിലേക്ക് തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു.
വിവിധ മുസ്‌ലിം സംഘടനകള്‍ പരസ്പരം ഏകോപനത്തോടെ ഇതിനെ നേരിടേണ്ടതുണ്ട്. നിയമമനുശാസിക്കുന്ന വഴികളും സാധ്യതകളുമാരാഞ്ഞ് കാര്യക്ഷമായ പ്രതിരോധം ഈ വിഷയത്തില്‍ തീര്‍ത്തില്ലെങ്കില്‍, ഇക്കാലമത്രയും നട്ടുനനച്ച് സമുദായം ഉണ്ടാക്കിയെടുത്ത അഭിമാനകരമായ അസ്തിത്വം വെറും ചോദ്യ ചിഹ്നമായി മാറും. ചുറ്റുപാടുമുള്ള നീതി ബോധമുള്ള ഓരോ പൗരന്റെയും മസ്തിഷ്‌ക്കത്തിലേക്ക് ഈ ആശങ്ക എത്തേണ്ടതുണ്ട്. ജനന സര്‍ട്ടിഫിക്കറ്റുകളും പാസ്‌പ്പോര്‍ട്ടുകളും വിദ്യാഭ്യാസ രേഖകളും, ഏതെങ്കിലുമൊരു പൂര്‍വികന്റെ രേഖയിലെ ഒരു ചെറിയ പിഴവ് കാരണം പൗരത്വത്തിനുള്ള തെളിവല്ലാതായി മാറുന്നതിന്റെ അപകടം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ബോധവല്‍ക്കരിക്കപ്പെടണം. നിരര്‍ഥകമായ ആഘോഷപ്പൊലിമകള്‍ക്ക് വിരാമമിട്ട് നേരിടാന്‍ പോകുന്ന പരുക്കന്‍ യാഥാര്‍ഥ്യങ്ങളിലേക്ക് ചിന്ത തിരിയട്ടെ.
അനേകായിരം ധീര ദേശാഭിമാനികളായ നമ്മുടെ പൂര്‍വികര്‍ തങ്ങളുടെ ജീവരക്തം നല്‍കി സംരക്ഷിച്ചു പോന്നതാണ് ഈ രാജ്യം. പുറത്ത് നിന്നുള്ള അധിനിവേശ ശക്തികള്‍ക്കെതിരേ നിരന്തരം പോരാടി കണ്ണിലെ കൃഷ്ണമണി പോലെ നാടിനെ കാത്തു പോന്നവരുടെ പിന്‍ തലമുറ, ദുഷ്ട ലാക്കോടെ നാടിന്റെ പാരമ്പര്യ പൈതൃകങ്ങളെ ശിഥിലമാക്കാനൊരുങ്ങുന്ന ഫാസിസ്റ്റുകളുടെ ഒളിയജണ്ടകള്‍ക്ക് കീഴൊതുങ്ങി പൗരന്മാരല്ലാതായി മാറുന്നത് അനുവദിക്കരുത്. സ്വതന്ത്ര ഇന്ത്യയില്‍ ഇത്രമാത്രം ഭീതി ജനകമായ സാഹചര്യം ഇതിനു മുന്‍പ് ഉണ്ടായിട്ടേയില്ല എന്ന തിരിച്ചറിവോടെയുള്ള ഇടപെടലുകള്‍ ഉണ്ടാവട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."