പെണ്‍കുട്ടികളെ രക്ഷിക്കാന്‍ രക്ഷിതാക്കള്‍ പ്രതിജ്ഞാബദ്ധരാവണം
സ്ത്രീ തന്നെയാണ് പരാശക്തി. സ്ത്രീത്വത്തിന്റെ മഹത്വമോതാത്ത വേദങ്ങളോ സ്മൃതികളോ ഇല്ല. സ്ത്രീയെ പാടിപ്പുകഴ്ത്താത്ത കവികളും ഇല്ല. സദ്ഗുണങ്ങളായ ദയ, ക്ഷമ, ബുദ്ധി, ശ്രദ്ധ, ഭക്തി, ശക്തി, ശാന്തി, മേധ, ശ്രീ, ശ്രുതി എന്നിവയെല്ലാം സ്ത്രീലിംഗ പദങ്ങളാണ് എന്നതു പോലും അനാദികാലം മുതല്‍ സമൂഹത്തില്‍ സ്ത്രീക്കു നല്‍കിയിട്ടുള്ള മഹനീയ പദവിയെ എടുത്തുകാട്ടുന്നു. ഇതില്‍ നിന്നു പെണ്‍കുട്ടികള്‍ അനുഗ്രഹമാണെന്ന് മനസ്സിലാക്കാം. എങ്കിലും ശരിയായ പരിപാലനത്തിലൂടെ ദിശാബോധം അവളില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കായില്ലെങ്കില്‍ അവര്‍ മാതാപിതാക്കള്‍ക്ക് ശാപമായി മാറും.
ഇന്ന് നമ്മുടെ പെണ്‍മക്കള്‍ അധപ്പതനത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥാവിശേഷമാണ് കണ്ടുകൊണ്ടിരിക്കുന്നത്. പുതു തലമുറയിലെ കൗമാരക്കാരായ പെണ്‍കുട്ടികളെക്കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് 'ഒളിച്ചോടുന്ന കേരളം' എന്ന പംക്തിയിലൂടെ സുപ്രഭാതം രക്ഷിതാക്കളെ ഓര്‍മപ്പെടുത്തിയത്.
ഒളിച്ചോട്ടങ്ങള്‍ക്ക് കാരണം പലതാണ്. സിനിമ, പ്രണയം, മാതാപിതാക്കളുടെ അശ്രദ്ധ, ജീവിത യാഥാര്‍ഥ്യങ്ങളെപ്പറ്റി ബോധമില്ലായ്മ, രക്ഷിതാക്കളില്‍ നിന്നോ ഭര്‍ത്താവില്‍ നിന്നോ വേണ്ടത്ര പരിഗണന, സ്‌നേഹം, പ്രശംസ, പ്രചോദനം തുടങ്ങിയ മാനസികാവശ്യങ്ങള്‍ ലഭിക്കാതിരിക്കുക, ഒളിച്ചോട്ട ശേഷമുള്ള ജീവിതം സന്തോഷകരമാകുമെന്ന വിശ്വാസം, ദീര്‍ഘദൃഷ്ടിയുടെ അഭാവം തുടങ്ങിയവയെല്ലാം മങ്കമാര്‍ മാറി ചിന്തിക്കാനും ആ ചിന്ത ഒളിച്ചോട്ടത്തില്‍ കലാശിക്കാനും കാരണമാകുന്നു.
രക്ഷിതാക്കള്‍ക്ക് മാതൃകയാവാന്‍ കഴിയുന്നതോടൊപ്പം പെണ്‍കുട്ടികളുടെ വളര്‍ച്ചാഘട്ടങ്ങള്‍ മനസ്സിലാക്കി പ്രത്യേക പരിചരണം നല്‍കി അമ്മ ഏറ്റവും നല്ല കൂട്ടുകാരിയായി ലൈംഗിക അറിവുകള്‍ മകള്‍ക്ക് പറഞ്ഞു കൊടുത്ത് ഇടയ്ക്കിടെ മകളെ മാതാവ് ചേര്‍ത്തുപിടിച്ച് മുത്തം കൊടുത്ത് മാതൃക കാട്ടലാണ് ഇതിനു ശരിയായ പരിഹാരം.
എപ്പോഴും പിറകെ നടന്ന് ഉപദേശം നല്‍കുന്ന രക്ഷിതാക്കളെയും അധ്യാപകരെയും കൗമാരക്കാരായ പെണ്‍കുട്ടികളിലധികവും ഇഷ്ടപ്പെടുന്നില്ല. കഥകളിലൂടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താം. 'ഒളിച്ചോടുന്ന കേരളം' പോലെ പത്രങ്ങളില്‍ വരുന്ന ലൈംഗികപീഡനങ്ങളുടെ വാര്‍ത്തകള്‍ അവര്‍ക്ക് വായിക്കാന്‍ നല്‍കാം.ജീവിത സാഹചര്യങ്ങളെക്കുറിച്ച് പെണ്‍കുട്ടികളുമായി സംസാരിക്കാം. പ്രണയത്തെക്കുറിച്ചും വിവാഹബന്ധത്തെക്കുറിച്ചും മാതാപിതാക്കള്‍ മക്കളുമായി ചര്‍ച്ച ചെയ്യാം. ചുരുക്കത്തില്‍ വിശ്വാസം നിലനിര്‍ത്തി, തുറന്നു സംസാരിക്കാനുള്ള അവസരമൊരുക്കി മക്കളെ കേള്‍ക്കാനും മനസ്സിലാക്കാനും അവസരത്തിനൊത്ത് ഇടപെടാനും രക്ഷിതാക്കള്‍ തയ്യാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."