ആന്റോ മാഷിന്റെ കുട്ടിപ്പട്ടാളം ദേശീയ കായിക മേളയിലേക്ക്
എരുമപ്പെട്ടി: ദേശീയ കായിക മേളയില്‍ കേരളത്തിന് വേണ്ടി സ്വര്‍ണം നേടാനുള്ള തീവ്ര പരിശ്രമത്തിലാണ് പന്നിത്തടം കോണ്‍കോഡ് സ്കൂളിലെ നാല് വിദ്യാര്‍ഥികള്‍. സംസ്ഥാന കായികമേളയില്‍ സീനിയര്‍ വിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടുകയും 400 മീറ്റര്‍ റിലേയിലേയ്ക്ക് തെരഞ്ഞെടുക്കുകയും ചെയ്ത മുഹമ്മദ് സജീന്, ജൂനിയര്‍ ഹൈജംപില്‍ സ്വര്‍ണം നേടിയ കെ.എച്ച് സ്വാലിഹ, സബ് ജൂനിയര്‍ ഹൈജംപില്‍ വെള്ളി നേടിയ ഗോഗുല്‍ കൃഷ്ണന്, സീനിയര്‍ 400 മീറ്റര്‍ റിലേയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അസ്ലം എന്നിവരാണ് ദേശീയ കായിക മേളയില്‍ പങ്കെടുക്കാന്‍ പരിശീലനം നടത്തുന്നത്.
റിട്ട. ആര്‍മി ഓഫിസറും സ്കൂളിലെ കായിക അധ്യാപകനുമായ ആന്റോ മാഷിന്റെ പട്ടാള ചിട്ടയോടെയുള്ള പരിശീലനമാണ് ഈ കായിക താരങ്ങളുടെ മികവ് വര്‍ദ്ധിപ്പിക്കുന്നത്. തുടര്‍ച്ചയായി ഏഴാം തവണയാണ് ആന്റോ മാഷുടെ വിദ്യാര്‍ഥികള്‍ ദേശീയ കായിക മേളയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം കോണ്‍കോഡിലെ രണ്ട് വിദ്യാര്‍ഥികള്‍ ദേശീയ മേളയില്‍ പങ്കെടുത്തിരുന്നു. കുട്ടികളില്‍ അന്തര്‍ലീനമായി കിടക്കുന്ന കായിക മികവ് കണ്ടെത്തി ചിട്ടയായ പരിശീലനം ശരിയായ ദിശയിലേക്ക് എത്തിക്കുന്നതില്‍ ആന്റോ മാഷിനുള്ള കഴിവാണ് ഈ സ്കൂളിലെ വിദ്യാര്‍ഥികളെ സംസ്ഥാന ദേശീയ തലങ്ങളിലേയ്ക്ക് ഉയര്‍ത്തുന്നത്.
കായിക അധ്യാപിക സുമയുടെ പിന്തുണയും സ്കൂള്‍ മാനേജര്‍ ആര്.എം ബഷീറിന്റെ പ്രോത്സാഹനവുമാണ് സ്ഥല പരിമിതികള്‍ക്കുള്ളിലും കോണ്‍കോഡിലെ കായിക നേട്ടങ്ങള്ക്കിടയാക്കുന്നത്. ദേശീയ തലത്തില്‍ മൂന്ന് വെള്ളി മെഡലുകളും രണ്ട് വെങ്കലവും കഴിഞ്ഞ കാലങ്ങളില്‍ കോണ്‍കോഡ് നേടിയെടുത്തിട്ടുണ്ട്. ഇത്തവണ പങ്കെടുക്കുന്ന മുഴുവന്‍ ഇനങ്ങളിലും സ്വര്‍ണം നേടുമെന്ന ആത്മവിശ്വാസത്തിലാണ് അധ്യാപകരും വിദ്യാര്‍ഥികളും. ഈ നേട്ടത്തിനായി തീവ്ര പരിശീലനത്തിലാണ് ആന്റോ മാഷുടെ കുട്ടിപ്പട്ടാളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."