ഇമ്രാന്‍ഖാന്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാരോപിച്ച് പി.ടി.ഐ വനിതാ നേതാവ് രാജിവെച്ചു
ഇസ്‌ലാമാബാദ്: പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) ചെയര്‍മാന്‍ ഇമ്രാന്‍ഖാനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് പാര്‍ട്ടിയിലെ പ്രമുഖ വനിതാ നേതാവ് രാജിവെച്ചു. ആയിശ ഗുലായ് ആണ് പാര്‍ട്ടി വിട്ടത്. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണ് ആരോപണം. വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ രാജി പ്രഖ്യാപിച്ചത്.
പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫ് രാജിവെച്ച ഒഴിവിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന്‍ഖാനെതിരെ വനിതാ നേതാവ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
തെഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെ കുറിച്ചോ പാര്‍ട്ടി ടിക്കറ്റിനെ കുറിച്ചോ താന്‍ ആലോചിക്കുന്നില്ലെന്ന് ആയിശ തുറന്നടിച്ചു. തന്റെ അന്തസ്സും മാന്യതയും വിട്ടുവീഴ്ച ചെയ്യാന്‍ ആവില്ല. പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി വനിതാ പ്രവര്‍ത്തകരെ ബഹുമാനിക്കുന്നില്ല. മാന്യതയുള്ള സ്ത്രീകള്‍ക്ക് ആ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ ആരോപണങ്ങളെ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ചീഫ് വിപ്പ് ഷിറീന്‍ മസാരി നിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്, ഇമ്രാന്‍ഖാന്‍ സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്നയാളാണെന്നും അവര്‍ പറഞ്ഞു. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ആയിഷ ഗുലായ്ക്ക് പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതിന്റെ പ്രതികാരമാണ് ആരോപണമെന്നും മസാരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."