ഉന്നാവോ, തെലങ്കാന കേസുകളില്‍ പ്രതിഷേധക്കൊടുങ്കാറ്റ് നീ തീ...
ലഖ്‌നൗ: രാജ്യം ചര്‍ച്ച ചെയ്യുന്നതു നീതിയാണ്. സ്ത്രീകള്‍ക്കും സാധാരണ പൗരന്‍മാര്‍ക്കും നീതി ലഭിക്കുന്നുണ്ടോയെന്നത് ഉറക്കെച്ചോദിക്കുകയാണ് ജനങ്ങള്‍. തെലങ്കാനയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു തീകൊളുത്തിക്കൊന്ന പ്രതികളെ തെളിവെടുപ്പിനിടെ പൊലിസ് വെടിവച്ചുകൊന്നതില്‍ രാജ്യം രണ്ടുതരത്തില്‍ പ്രതികരിച്ചതും അതുകൊണ്ടാണ്; സാമാന്യനീതി അന്യമാകുന്നെന്ന തോന്നലില്‍നിന്ന്. തെലങ്കാനയില്‍ നടന്നതു താലിബാന്‍ മോഡല്‍ നീതിയാണെന്നാണ് ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍ അഭിപ്രായപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ കോടതികളുടെ പ്രാധാന്യം ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
തെലങ്കാനയിലെ കേസിലെ പ്രതികള്‍ പൊലിസിന്റെ വെടിയേറ്റു മരിച്ച അന്ന് അര്‍ധരാത്രിയാണ് ഉന്നാവോയിലെ ഇരയായ യുവതി മരിച്ചത്. ഈ രണ്ടു സംഭവങ്ങള്‍ക്കും പുറമേ രാജ്യത്ത്, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന രീതിയില്‍ രാജ്യമെമ്പാടും പ്രതിഷേധം കത്തുകയാണ്.
ഇന്നലെ ഉത്തര്‍പ്രദേശില്‍ വിധാന്‍ ഭവനു മുന്നില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. ലക്‌നോവിലെ ബി.ജെ.പി ആസ്ഥാനത്തിനു മുന്നിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇവിടെ പ്രതിഷേധക്കാരെ വളഞ്ഞിട്ടു തല്ലിയ പൊലിസ് ഒട്ടേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരേ രാജ്യത്തു നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ വിവിധ കോണുകളില്‍നിന്നു രൂക്ഷമായ ശബ്ദങ്ങളുയര്‍ന്ന ദിവസമായിരുന്നു ഇന്നലെ. വിഷയത്തില്‍ പരോക്ഷമായി സര്‍ക്കാരിനെതിരായ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഒരു രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ പരാജയപ്പെട്ടെന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. ഉന്നാവോ കേസില്‍ കുറ്റക്കാര്‍ക്കു തൂക്കുകയര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിട്ടുണ്ട്.
ഉന്നാവോ കേസില്‍ ഇന്നലെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിക്കു മുന്നിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. അതിനിടെ ഒരു യുവതി തന്റെ ആറു വയസുകാരിയായ മകളെ പെട്രോളിലേക്കെറിഞ്ഞതു പരിഭ്രാന്തി പരത്തി. പൊലിസെത്തി കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. മാതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."