കേരളത്തിന് 720 കോടി വായ്പ നല്‍കും: ജര്‍മന്‍ അംബാസഡര്‍
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനായി കുറഞ്ഞ പലിശയില്‍ 720 കോടി രൂപ വായ്പ നല്‍കുമെന്ന് ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍ മാര്‍ട്ടിന്‍ നൈ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനാണിത്.
ഇതിനുപുറമെ 24 കോടി രൂപയുടെ സാങ്കേതിക സഹായവും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് 940 കോടി രൂപ വായ്പയും നല്‍കും. കേന്ദ്ര സര്‍ക്കാരുമായി പ്രാഥമിക ചര്‍ച്ചകളും സംസ്ഥാനതലത്തില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. വിശ്രമത്തിലായതിനാല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനായില്ല.
ഉദ്യോഗസ്ഥതല ചര്‍ച്ചകളിലൂടെ കരാറിന് രൂപം നല്‍കും. മെച്ചപ്പെട്ട രീതിയില്‍ കേരളത്തെ പുനര്‍നിര്‍മിക്കുക, എത്രയും വേഗം ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ വീണ്ടെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ജര്‍മനി കേരളത്തെ സഹായിക്കുന്നത്.
ജര്‍മന്‍ വികസന ബാങ്കായ കെ.എഫ്.ഡബ്ല്യു വഴിയാണ് വായ്പ നല്‍കുന്നത്.
ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള സഹകരണത്തിന്റെ ഘടനാരൂപം അനുസരിച്ച് കൊച്ചി നഗരത്തെ സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിക്കുന്നതിനായി സംയോജിത വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കാന്‍ 940 കോടി രൂപയുടെ സഹായം നല്‍കുന്നതിന് കൊച്ചി നഗരത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ലോകബാങ്കിന്റെയും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെയും സഹകരണവും ഇതിനുണ്ട്. ദിനംപ്രതി ഒരു ലക്ഷം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള ഈ പദ്ധതി 2035ല്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കാള്‍ ഫിലിപ്പ് എല്‍ഡിംഗും തിരുവനന്തപുരം കോണ്‍സുല്‍ ജനറല്‍ സയ്യിദ് ഇബ്രാഹിമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."