നിരീക്ഷണ സമിതിക്കെതിരായ ഹരജി ഉടന്‍ പരിഗണിക്കില്ല
ന്യൂഡല്‍ഹി: ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരായ ഹരജികളില്‍ വേഗത്തില്‍ വാദംകേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി പരിഗണിച്ചില്ല.
ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിവരുന്ന സമരപരിപാടികളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള മുഴുവന്‍ കേസുകളും സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതും വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് വിജയ് ഹന്‍സാരിയ, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് എന്നിവരാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മുന്‍പാകെ സര്‍ക്കാരിന്റെ കേസുകള്‍ സൂചിപ്പിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ രണ്ട് ഹരജികള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് വിജയ് ഹന്‍സാരിയ ചൂണ്ടിക്കാട്ടിയപ്പോള്‍ ചീഫ് ജസ്റ്റിസ്, അദ്ദേഹത്തിന്റെ സംസാരം പൂര്‍ത്തിയാക്കാന്‍പോലും അനുവദിക്കാതെ നിഷേധാര്‍ത്ഥത്തില്‍ ആംഗ്യം കാണിക്കുകയായിരുന്നു. ഹരജികള്‍ അതിന്റെ മുറയ്ക്ക് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."