ആള്‍ക്കൂട്ട ശിക്ഷാവിധികള്‍ ജുഡിഷ്യറിയുടെ പരാജയം
തെലങ്കാനയില്‍ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീവച്ചു കൊന്ന കേസിലെ നാല് പ്രതികളെയും തെളിവെടുപ്പിനിടെ പൊലിസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കൊല്ലപ്പെട്ട വാര്‍ത്ത സമ്മിശ്ര പ്രതികരണങ്ങളായിരുന്നു പൊതുസമൂഹത്തില്‍ സൃഷ്ടിച്ചത്. നീതിന്യായ വ്യവസ്ഥയെ അംഗീകരിക്കുന്നവര്‍ പോലും പൊലിസിന്റെ വെടിവയ്പ്പിനെ ന്യായീകരിച്ചത് ആശങ്കയുളവാക്കുന്നതായിരുന്നു. സൈബരാബാദ് പൊലിസ് കമ്മിഷണറായ വി.സി സജ്ജനാറുടെ നേതൃത്വത്തിലായിരുന്നു പ്രതികളുമായുള്ള പൊലിസിന്റെ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടല്‍ ഒരു നാടകമായിരുന്നു എന്ന് പറയാന്‍ കാരണം വി.സി സജ്ജനാറുടെ നേതൃത്വത്തിലായിരുന്നു ഏറ്റുമുട്ടല്‍ എന്നതുകൊണ്ടായിരുന്നു.
2008 ഡിസംബറില്‍ ആന്ധ്രയിലെ വാറങ്കലില്‍ യുവതികളുടെ മുഖത്തേക്ക് ആസിഡൊഴിച്ച മൂന്നുപേരെ ഇതേ രീതിയില്‍ തെളിവെടുപ്പിനിടെ വെടിവച്ച് കൊന്നിരുന്നു. അന്ന് വാറങ്കല്‍ എസ്.പിയായിരുന്ന സജ്ജനാര്‍ തന്നെയായിരുന്നു തെളിവെടുപ്പിന് നേതൃത്വം നല്‍കിയിരുന്നത്. തെളിവെടുപ്പിനിടെ പ്രതികള്‍ പൊലിസിനെ ആക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ ആത്മരക്ഷാര്‍ത്ഥം വെടിവച്ച് കൊല്ലേണ്ടി വന്നുവെന്ന് സജ്ജനാര്‍ അന്ന് പറയുകയുണ്ടായി. അതിന്റെ തനിയാവര്‍ത്തനമാണ് തെലങ്കാനയിലും ഉണ്ടായത്. ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയതാകട്ടെ വി.സി സജ്ജനാറും. അതുകൊണ്ടാണ് ഇതൊരു വ്യാജ ഏറ്റുമുട്ടലാണോ എന്ന സംശയം പൊതുവെ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇനി അങ്ങനെ തന്നെയാണെങ്കില്‍ ആ വ്യാജ ഏറ്റുമുട്ടലിനെ സ്വാഗതം ചെയ്യുന്ന പ്രതികരണങ്ങള്‍ പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്.
നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് ഇതിനകം സുപ്രിം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ അവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് യു.പിയിലെ ഉന്നാവോയില്‍ ആള്‍ക്കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കോടതിയില്‍ മൊഴി കൊടുക്കാന്‍ പോകുന്ന വഴിയില്‍ വച്ച് ബലാത്സംഗം നടത്തിയ പ്രതികളാല്‍ തീവെച്ച് കൊല്ലപ്പെട്ടത്. തെലങ്കാനയില്‍ നടപ്പാക്കിയ ശിക്ഷാവിധി ഉന്നാവോയിലെ പ്രതികള്‍ക്കെതിരേയും നടപ്പാക്കണമെന്ന മുറവിളിയാണിപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. അപകടകരമായ ഒരവസ്ഥയിലേക്കാണ് ഇത്തരം മുറവിളികള്‍ കൊണ്ട് ചെന്നെത്തിക്കുക. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ യുവതി ഡല്‍ഹിയിലെ ആശുപത്രിയില്‍ ജീവനുവേണ്ടി പൊരുതുമ്പോഴും തന്നെ തീവച്ചവരെ വധശിക്ഷക്ക് വിധേയമാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ജാമ്യം ലഭിച്ച് പുറത്തുവന്നത്. പ്രതികള്‍ ആഗ്രഹിച്ചതുപോലെ ഇര ഇല്ലാതാവുന്നതോടെ കേസും ഇല്ലാതാകുമോ എന്നാണ് യുവതിയുടെ മരണത്തില്‍ മനംനൊന്ത് കഴിയുന്ന കുടുംബങ്ങളും നാട്ടുകാരും കരുതുന്നത്. നമ്മുടെ നീതിന്യായ വ്യവസ്ഥയിലുള്ള പൗരന്റെ വിശ്വാസത്തകര്‍ച്ചയായി വേണം ഇത്തരമൊരാശങ്കയെ കാണാന്‍. ഇതിന് മുമ്പ് ലഖ്‌നൗവില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗാര്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും കേസില്‍ മൊഴി കൊടുക്കാന്‍ പോവുകയായിരുന്ന കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുത്തി കൊല്ലാന്‍ ശ്രമിച്ചതിന്റെയും പിന്നാലെയാണ് ഉന്നാവോയില്‍ സമാനമായ സംഭവം അരങ്ങേറിയത്.
ബി.ജെ.പി എം.എല്‍.എയെ പാര്‍ട്ടി പുറത്താക്കിയെങ്കിലും അയാളുടെ ജന്മദിനം ഓര്‍ത്തുവച്ചിരുന്ന ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പ്രതിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ്. ഇതേ സാക്ഷി മഹാരാജ് തന്നെയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അനുശോചന നാടകവുമായി ചെന്നതും. ഞാന്‍ മരിക്കാന്‍ തയ്യാറല്ലെന്നും എന്നെ ഈ അവസ്ഥയില്‍ എത്തിച്ചവരെ തൂക്കിലേറ്റുന്നത് എനിക്ക് കാണണമെന്നും പറഞ്ഞ പെണ്‍കുട്ടിക്ക് അവളുടെ ആഗ്രഹം സഫലീകരിക്കപ്പെടുന്നത് കാണാനുള്ള വിധിയുണ്ടായില്ല. രാജ്യത്ത് ബലാത്സംഗക്കേസുകള്‍ ഉയര്‍ന്നുവരികയുണ്ടായെങ്കില്‍ അതിന്റെ പ്രധാന കാരണം നീതിയും ന്യായവും ഇന്ത്യയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്.
അടുത്ത കാലത്തായി പരമോന്നത നീതിപീഠത്തില്‍ നിന്ന് വന്ന പല വിധി പ്രസ്താവങ്ങളും ജുഡിഷ്യറിയിലെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതായിരുന്നു. ജനാധിപത്യ, മതേതര രാഷ്ട്രമായ ഇന്ത്യയുടെ നട്ടെല്ലാണ് സുപ്രിം കോടതി. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയുടെയും സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സംരക്ഷകരായാണ് സുപ്രിംകോടതിയെ പരിഗണിക്കപ്പെട്ട് പോരുന്നത്. ഭരണഘടനക്കകത്ത് നിന്നുകൊണ്ടുള്ള നീതിന്യായ തീര്‍പ്പുകളാണ് സുപ്രിം കോടതിയില്‍ നിന്നുണ്ടാകേണ്ടത്. പൊതുസമൂഹം പ്രതീക്ഷിക്കുന്നതും അതാണ്. പൗരന്‍ നീതിക്ക് വേണ്ടിയുള്ള അവസാനത്തെ അത്താണിയായാണ് പരമോന്നത നീതിപീഠത്തെ കാണുന്നത്. എന്നാല്‍ ഈയിടെയുണ്ടായ ചില വിധി പ്രസ്താവങ്ങള്‍ സുപ്രിം കോടതിയെയും സംശയത്തിന്റെ നിഴലിലാക്കിയെന്ന് വേണം കരുതാന്‍. അതുകൊണ്ട് തന്നെയാണ് തെലങ്കാനയിലെ ബലാത്സംഗ പ്രതികളെ പൊലിസ് ഏറ്റുമുട്ടലിലൂടെ വധിച്ചപ്പോള്‍ രാജ്യമൊട്ടാകെ വലിയൊരു വിഭാഗം അതിനെ സ്വാഗതം ചെയ്തത്.
ഇപ്പോള്‍ ഉന്നാവോയിലെ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരണപ്പെട്ടപ്പോള്‍ ആ പ്രതികളെയും വെടിവച്ച് കൊല്ലണമെന്ന ആവശ്യമാണ് പൊതുസമൂഹത്തില്‍ നിന്നുയര്‍ന്നു വന്നിരിക്കുന്നത്. നീതിന്യായ നടത്തിപ്പിലുള്ള പൗരന്റെ വിശ്വാസ തകര്‍ച്ചയല്ലേ ഇത് കാണിക്കുന്നത്. വൈകിയെത്തുന്ന നീതി നിഷേധത്തിനു തുല്യമാണെന്ന് നാം ആവര്‍ത്തിക്കുമ്പോഴും നീതി വൈകി തന്നെ എത്തിക്കൊണ്ടിരിക്കുന്നു. ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിര്‍ഭയ എന്ന പെണ്‍കുട്ടിയുടെ ഘാതകര്‍ക്ക് വധശിക്ഷ വിധിച്ചെങ്കിലും ഇതുവരെ അത് നടപ്പാക്കിയിട്ടില്ല. നിര്‍ഭയ ഓടുന്ന ബസ്സില്‍ ബലാത്സംഗത്തിനിരയായതിന് ശേഷം റോഡിലേക്കെറിയപ്പെട്ട് കൊല്ലപ്പെട്ടിട്ട് ഏഴു വര്‍ഷമായി. മാത്രമല്ല, ഇത്തരം കേസുകളുമായി സാധാരണക്കാരാണ് പൊലിസ് സ്റ്റേഷനുകളെ സമീപിക്കുന്നതെങ്കില്‍, പ്രതികള്‍ പ്രബലരാണെങ്കില്‍ പരാതിക്കാര്‍ ആട്ടിയോടിക്കപ്പെടുന്നു. ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് കേസെടുത്താലും പ്രതികള്‍ക്ക് രക്ഷപ്പെട്ട് പോരാനുള്ള പഴുതുകള്‍ ഒരുക്കുകയും ചെയ്യുന്നു. കേസ് കോടതികളിലെത്തിയാല്‍ ഇരകള്‍ക്ക് വേണ്ടി വാദിക്കാന്‍ ചുമതലപ്പെട്ട പ്രോസിക്യൂഷന്‍ പ്രതികളില്‍ നിന്ന് വന്‍ തുക കോഴ വാങ്ങി കേസ് തോറ്റു കൊടുക്കുകയും ചെയ്യുന്നു.
ഭൂരിപക്ഷം ആളുകള്‍ക്കും കോടതികളെ സമീപിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ നീതി അവര്‍ക്ക് ലഭ്യമാകുന്നില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്നെ പറയുകയുണ്ടായി. നിരാലംബരും നിര്‍ധനരുമായ പെണ്‍കുട്ടികള്‍ ദിനേന ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുമ്പോള്‍, പ്രതികളെ വിചാരണയ്‌ക്കൊന്നും വിട്ടുകൊടുക്കാതെ തെളിവെടുപ്പിനിടയില്‍ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെടുന്നുവെങ്കില്‍ അത് വലിയൊരു വിഭാഗം സ്വാഗതം ചെയ്യുന്നുണ്ടെങ്കില്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പാളിച്ചകളാണ് വ്യക്തമാക്കുന്നത്. ഈ പ്രവണത തുടരാന്‍ അനുവദിച്ചു കൂട. പൊലിസ് കുറ്റവാളികളെ നിശ്ചയിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്താല്‍ നാളെ നിരപരാധികളും ഇത്തരത്തില്‍ കൊല്ലപ്പെട്ടേക്കാം. മാത്രമല്ല, നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ സമ്പൂര്‍ണ തകര്‍ച്ചയുമായിരിക്കും തുടര്‍ന്നു സംഭവിക്കുക. ജനാധിപത്യ മതേതര രാഷ്ട്രമെന്ന നിലയിലുള്ള നമ്മുടെ രാജ്യത്തിന്റെയും കൂടി തകര്‍ച്ചയായിരിക്കും സംഭവിക്കുക. ഇതിനെല്ലാം തടയിടണമെങ്കില്‍ നീതി നിഷ്പക്ഷമായും കാലതാമസം കൂടാതെയും നടപ്പാക്കുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."