അപകട ഭീഷണിയായി വാട്ടര്‍ടാങ്ക്: മൂന്നാംകുറ്റിയിലെ വാട്ടര്‍ ടാങ്ക് പൊളിക്കാന്‍ നടപടിയില്ല
കൊല്ലം: അപകടഭീഷണി ഉയര്‍ത്തി ഉപയോഗയോഗ്യമല്ലാതെ നില്‍ക്കുന്ന വാട്ടര്‍ ടാങ്ക് പൊളിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ല. മൂന്നാം കുറ്റി മാര്‍ക്കറ്റിലാണ് ഏതു നിമിഷവും നിലപൊത്താറായി നില്‍ക്കുന്ന ഈ വാട്ടര്‍ ടാങ്ക്. ദിനേന നൂറുകണക്കിനാളുകളെത്തുന്ന ഇവിടെ വന്‍ അപകട ഭീഷണിയാണ് ഈ ടാങ്ക്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള വാട്ടര്‍ ടാങ്കിന്റെ കാലുകള്‍ ദ്രവിച്ച് തുടങ്ങിയിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റിയുടെ വലിയ ജലസംഭരണി ഇതിന് ഇരുനൂറ് മീറ്റര്‍ ദൂരത്തിലായി സ്ഥാപിച്ചതോടെയാണ് പഴയ സംഭരണി ഉപയോഗമില്ലാതായത്. ഓഗസ്റ്റ് 19ന് ഇത് സംബന്ധിച്ച് വാര്‍ത്തയായപ്പോള്‍ അടിയന്തരമായി ഈ വിഷയം കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഉന്നയിക്കുമെന്നും പൊളിച്ച് നീക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കൗണ്‍സിലര്‍ ജെ. വിജയലക്ഷ്മി അന്ന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. ചന്തയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ബോര്‍ഡ് സ്ഥാപിക്കുകയും സമരപരിപാടികള്‍ക്ക് തുടക്കമിടുകയും ചെയ്തിരുന്നു. വാട്ടര്‍ ടാങ്ക് പൊളിച്ച് നീക്കണമെന്ന ആവശ്യവുമായി കല്ലുംതാഴം ഉപഭോക്തൃ സമിതിയും സെക്കുലര്‍ നഗര്‍ റെസിഡന്റ്‌സ് അസോസിയേഷനും സംയുക്ത യോഗം ചേര്‍ന്ന് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
പ്രദേശവാസികളുടെ ജീവന് തന്നെ ഭീഷണിയായ ഈ ഗുരുതര പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ചന്തയിലെ വ്യാപാരികള്‍. നാല് വര്‍ഷം മുമ്പ് പകല്‍ സമയത്തുണ്ടായ ഇടിമിന്നലില്‍ ചന്തയിലെ ടാങ്കിന്റെ ഒരു ഭാഗം പൊട്ടിത്തകര്‍ന്നിരുന്നു. ഇതിന്റെ ആഘാതം തൂണുകള്‍ക്ക് കേടുപാടുണ്ടാക്കി. ഇതോടെ ഈ കൂറ്റന്‍ വാട്ടര്‍ ടാങ്ക് പ്രദേശവാസികള്‍ക്ക് പേടി സ്വപ്നമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."