ഒവി തോട് മാലിന്യപ്രശ്നം: തോട് സംരക്ഷണ സമിതി മാര്‍ച്ച് നടത്തി
വടകര : വര്‍ഷങ്ങളായി മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന ഒവി തോട് പ്രദേശവാസികള്‍ രൂപീകരിച്ച തോട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഇന്നലെ രാവിലെ 10.30നാണ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. 15 വര്‍ഷമായി നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും മറ്റും മലിന ജലമടക്കം ഒഴുകിയെത്തുന്നത് ഒവി തോട്ടിലേക്കാണ്. കുഞ്ഞിരാമന്‍ വക്കീല്‍ പാലത്തിന്റെ പണി നടക്കുമ്പോള്‍ ബണ്ട് കെട്ടിയതിനാലാണ് ഒവി തോട്ടിലെ ഒഴുക്ക് നിലച്ചത്. ഇതോടെയാണ് മലിന ജലം കെട്ടിക്കിടന്ന് പ്രദേശവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കാന്‍ തുടങ്ങി. അഞ്ഞൂറോളം കുടുംബങ്ങളാണ് ഒവി തോടിന് ഇരുകരകളിലുമായി താമസിക്കുന്നത്. കാലങ്ങളായുള്ള ഈ പ്രശ്‌നത്തിന് പരിഹാരം തേടി നിരവധി നിവേദനങ്ങളും ചര്‍ച്ചകളും നടത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഒവി തോടിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ വേണ്ടി താലൂക്ക് സമിതി സാങ്കേതിക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നേതൃത്യത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് കൗണ്‍സിലില്‍ നല്‍കണമെന്നായിരുന്നു തീരുമാനിച്ചത്. സമിതിയുടെ പഠനത്തില്‍ ഒവി തോട്ടിലേക്ക് നഗരത്തിലെ പല സ്ഥാപനങ്ങളില്‍ നിന്നും മലിന ജലം ഒഴുക്കുന്നതായി കണ്ടെത്തിയിരുന്നു. മലിന ജലം ഒഴുക്കുന്നത് തടഞ്ഞാല്‍ മാത്രമെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയൂ എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പരിഹാരത്തിന്റെ തുടക്കമെന്നോണം ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു.
എന്നാല്‍ സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ ജനപ്രതിനിധികള്‍ സഹകരിക്കുന്നില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തോട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരെ ഉള്‍പ്പെടുത്തി നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
നഗരസഭയിലെ 43, 44, 46 വാര്‍ഡുകളിലൂടെയാണ് ഒവി തോട് ഒഴുകുന്നത്. അതേസമയം മാര്‍ച്ചില്‍ ഈ ജനപ്രതിനിധികള്‍ പങ്കെടുക്കാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ജനപ്രതിനിധികള്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് സമരക്കാരുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒവി തോട്ടിലേക്ക് മലിന്യം എത്തിച്ചേരുന്ന ഓടകള്‍ മണ്ണിട്ട് മൂടുന്നതടക്കമുള്ള നടപടികള്‍ ചെയ്യുമെന്ന് സമരക്കാര്‍ അറിയിച്ചു.പ്രകടനമായെത്തിയ പ്രതിഷേധക്കാരെ നഗരസഭ ഓഫിസിന് മുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ ധര്‍ണ സമരം നദീതട സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി.വി രാജന്‍ ഉദ്ഘാടനം ചെയ്തു. ഒവി തോട് സംരക്ഷണ സമിതി ചെയര്‍മാന്‍ ഒ.വി സഹദേവന്‍ അധ്യക്ഷനായി. കണ്‍വീനര്‍ എം.പി അബ്ദുല്ല, രാജലക്ഷ്മി, പി. സതീശന്‍, എന്‍. രാജരാജന്‍, ടി. രതീശന്‍, സി. രഞ്ജിത്ത്, കെ.എന്‍ ബിജു, പി.കെ ഷീബ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."