വഴിയാത്രക്കാരെ വലച്ച് നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിങ്ങ്
കോഴിക്കോട്: നഗരത്തിലെ പോക്കറ്റ് റോഡുകള്‍ കയ്യേറിയുള്ള അനധികൃത പാര്‍ക്കിങ് വഴിയാത്രക്കാരെ വലയ്ക്കുന്നു. മാവൂര്‍ റോഡില്‍ നിന്നും പുതിയറയിലേക്കുള്ള ഇന്ദിരാഗാന്ധി റോഡാണ് ഭാഗികമായും കയ്യേറി പാര്‍ക്കിങ് നടത്തിയിരിക്കുന്നത്.
ഇതിനാല്‍ സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് വാഹനങ്ങളുമായി പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. കാല്‍നട യാത്രക്കാര്‍ക്കും ഇത് വളരെയധികം ദുരിതം സൃഷ്ടിക്കുന്നുണ്ട്. മാവൂര്‍ റോഡില്‍ നിന്നും പുതിയറയിലേക്കുള്ള ഏറ്റവും എളുപ്പ വഴിയാണിത്.
പ്രദേശ വാസികളുടെ ബുദ്ധിമുട്ട് കാരണം സ്റ്റേഡിയം ഈസ്റ്റ് റസിഡന്‍സ് അസോസിയേഷന്‍ സിറ്റി ട്രാഫിക് പൊലിസിന്റെ നോ പാര്‍ക്കിങ് ബോര്‍ഡ് അനുമതി വാങ്ങി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോര്‍ഡിനു താഴെയാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇരു ചക്രവാഹനങ്ങളാണ് കാര്യമായ ശല്യമുണ്ടാക്കുന്നത്. നിരവധി തവണ സിറ്റി ട്രാഫികിന് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പ്രദേശവാസിയായ ഡി.കെ ദിലീപ് കുമാര്‍ പറഞ്ഞു.
വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മേല്‍ പാലത്തിനടിയിലായി സൗകര്യം ഉണ്ടെങ്കിലും പാര്‍ക്കിങ്ങ് ഫീസ് കൊടുക്കാന്‍ മടിച്ചാണ് പലരും ഇവിടെ അലക്ഷ്യമായി നിര്‍ത്തിയിട്ടുന്നത്. ഇതിനെ ചൊല്ലി വാഹന ഉടമകളുമായി വഴക്ക് നടക്കുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."