മതാടിസ്ഥാനത്തിലുള്ള പൗരത്വം; മതേതരത്വത്തിന്റെ മരണം
ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ ഉരുത്തിരിയല്‍ ഒരു നിയമനിര്‍മാണ പ്രക്രിയയായിരുന്നില്ല. അത് ദശാബ്ദങ്ങള്‍ നീണ്ട സാമൂഹ്യ, രാഷ്ട്രീയ സമരങ്ങളുടെയും അതിനെയാകെ ഉള്‍ക്കൊള്ളുന്ന ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും ഉല്‍പ്പന്നമായിരുന്നു. ആ സമരമാകട്ടെ ഒരു ഏകശിലാ സ്വഭാവമുള്ളതുമായിരുന്നില്ല. വൈവിധ്യമാര്‍ന്നതും വൈരുധ്യങ്ങള്‍ നിറഞ്ഞതുമായ ഒരു മുന്നേറ്റമായിരുന്നു അത്. ആ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ഒരു വലിയ പരിശ്രമം കൂടിയായിരുന്നു ഇന്ത്യന്‍ ഭരണഘടന. അതുകൊണ്ടുതന്നെ ക്ഷുദ്രമായ എല്ലാ സങ്കുചിതത്വങ്ങളെയും അത് കര്‍ക്കശമായി ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ നിര്‍മാണത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തി. എന്തൊക്കെ ദൗര്‍ബല്യങ്ങളുണ്ടായാലും മത, ജാതി, ലിംഗ, ദേശ വിവേചനങ്ങള്‍ക്ക് അതീതമായ മനുഷ്യനെന്ന വലിയ സങ്കല്‍പ്പം അതിന്റെ ആധാരശിലയായിരുന്നു. ആ സങ്കല്‍പ്പമാണ്, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ആ വിമോചന മൂല്യബോധമാണ് ഇന്നിപ്പോള്‍ പൗരത്വ ഭേദഗതി ബില്ലിലൂടെ എന്‍.ഡി.എ സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് ഇന്ത്യന്‍ പൗരനെ ഇതാദ്യമായി ഒരു മതാധിഷ്ഠിത നിര്‍മിതിയായി നിര്‍വചിച്ചിരിക്കുന്നു.
പൗരത്വ നിയമം 1955ല്‍ വരുത്തുന്ന ഭേദഗതിയിലൂടെ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ അവര്‍ ഹിന്ദു, പാഴ്‌സി, ബുദ്ധമതവിശ്വാസികള്‍, ക്രിസ്ത്യാനികള്‍, സിഖ് എന്നീ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും. ആര്‍ക്ക് നല്‍കും എന്നത് മാത്രമല്ല മുസ്‌ലിംകളെ ഒഴിവാക്കി എന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വെറുപ്പിന്റെ രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ് ഈ ഭേദഗതി ബില്‍.
ഇന്ത്യന്‍ പൗരത്വത്തെ ഇതാദ്യമായി ഈ നിയമഭേദഗതിയിലൂടെ മതബദ്ധമായ ഒന്നാക്കി മാറ്റിയിരിക്കുന്നു. ഹിന്ദു രാഷ്ട്രമെന്ന സംഘ്പരിവാര്‍ അജണ്ട അതിന്റെ എല്ലാവിധ ആസുരതകളും പുറത്തെടുത്തിരിക്കുന്നു എന്നുകൂടി വായിക്കണം. ഇന്ത്യന്‍ ഭരണഘടനയുടെ എല്ലാ അടിസ്ഥാന മൂല്യങ്ങളുടെയും ലംഘനമാണ് ഈ ബില്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 എല്ലാ പൗരന്മാര്‍ക്കും മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും വംശത്തിന്റെയും ദേശത്തിന്റെയും പേരിലുള്ള വിവേചനങ്ങള്‍ ഇല്ലാതെ നിയമത്തിനു മുന്നില്‍ തുല്യതയും നിയമപരിരക്ഷയും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ പുതിയ പൗരത്വ ഭേദഗതി ബില്‍ ചെയ്യുന്നത് മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരുകൂട്ടം പുതിയ പൗരന്മാരെ സൃഷ്ടിക്കുകയാണ്. അതായത് മതാടിസ്ഥാനത്തില്‍ എങ്ങനെയാണ് ഒരു മതേതര ഭരണഘടന പൗരന്മാരെ സൃഷ്ടിക്കുക എന്ന ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തുന്ന ഭരണഘടനാപരവും രാഷ്ട്രീയവും നൈതികവുമായ ചോദ്യങ്ങളെ ജനാധിപത്യവിരുദ്ധമായ ഹിന്ദുത്വ രാഷ്ട്രീയം കൊണ്ട് മറികടക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മാന്യമായി ജീവിക്കാനുള്ള അവകാശത്തെക്കൂടിയാണ് മതാടിസ്ഥാനത്തിലുള്ള ഈ വിവേചനത്തിലൂടെ നിഷേധിക്കുന്നത്. ജീവിക്കാനുള്ള അവകാശം എന്ന് പറയുന്നത് വെറും ജൈവികമായ നിലനില്‍പ്പ് മാത്രമല്ലെന്നും സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ മാനവികമായ അസ്തിത്വത്തിനുള്ള അവകാശം കൂടിയാണെന്നും നിരവധി സുപ്രിംകോടതി വിധികള്‍ ഭരണഘടനാവ്യാഖ്യാനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അവകാശങ്ങളെയെല്ലാം കേവലമായ മതാസ്തിത്വത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍ത്തിരിച്ചു നല്‍കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെയാണ് പൗരത്വ നിയമ ഭേദഗതി ബില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് മതപരമായ പീഡനത്തിന് വിധേയരായി ഇന്ത്യയിലെത്തിയ ഹിന്ദുക്കളടക്കമുള്ള ഭേദഗതിയില്‍ പൗരത്വം വാഗ്ദാനം ചെയ്യുന്ന മതന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയാണ് ഈ ബില്ലെന്നുള്ള ബി.ജെ.പി സര്‍ക്കാര്‍ വാദം വെറും തട്ടിപ്പു മാത്രമാണ്. വാസ്തവത്തില്‍ അത് സംഘ്പരിവാറിന്റെ ഹിന്ദു രാഷ്ട്ര അജണ്ടയുടെ ഒരുഭാഗികമായ പൂര്‍ത്തീകരണമാണ്. ഹിന്ദു അഭയാര്‍ഥികള്‍ക്ക്, കുടിയേറ്റക്കാര്‍ക്ക് ( ക്രിസ്ത്യാനികളും പാഴ്‌സികളുമൊക്കെ ഏതാനും ആയിരങ്ങള്‍ വരുന്ന വെറും പുകമറ മാത്രമാണ്) പൗരത്വം നല്‍കുന്നതോടെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ് എന്ന രാഷ്ട്രീയ പ്രഖ്യാപനമാണ് സംഘ്പരിവാറും കേന്ദ്ര സര്‍ക്കാരും നടത്തുന്നത്. മതാടിസ്ഥാനത്തിലുള്ള പീഡനമായിരുന്നു സര്‍ക്കാരിന്റെ ആകുലതയെങ്കില്‍ മ്യാന്‍മറില്‍നിന്ന് കൊടും പീഡനങ്ങള്‍ക്ക് വിധേയരായി പലായനം ചെയ്‌തെത്തിയ റോഹിംഗ്യ അഭയാര്‍ഥികളെ സര്‍ക്കാര്‍ പരിഗണിക്കുമായിരുന്നു. ബുദ്ധമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച ശ്രീലങ്കയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുമായിരുന്നു. അപ്പോള്‍ അതൊന്നുമായിരുന്നില്ല സര്‍ക്കാരിന്റെ ലക്ഷ്യം.
ലോകത്തെങ്ങുമുള്ള ജൂതന്മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എത്തി പൗരത്വം എടുക്കാവുന്ന ഇസ്‌റാഈല്‍ എന്ന വാഗ്ദത്ത രാഷ്ട്രത്തിന്റെ മാതൃകയില്‍ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനാണ് സംഘ്പരിവാര്‍ ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. അതിനു വേണ്ടിയാണ് അസം കരാറിന്റെ പേരില്‍ അസമില്‍ നടത്തിയ പൗരത്വ കണക്കെടുപ്പിനെ ഇന്ത്യ മുഴുവന്‍ നടത്തുമെന്നും ഓരോ അനധികൃത കുടിയേറ്റക്കാരനെയും തിരഞ്ഞുപിടിച്ച് പുറത്താക്കുമെന്നും ആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ പ്രഖ്യാപിച്ചത്. ഇപ്പോള്‍ യാതൊരു വിധത്തിലുള്ള മറയും കൂടാതെ മോദി സര്‍ക്കാര്‍ രാജ്യത്തോട് പറയുന്നുണ്ട്, അനധികൃത കുടിയേറ്റക്കാരനെന്നാല്‍ അര്‍ഥം മുസ്‌ലിം എന്നാണെന്ന്.
രണ്ടുതരത്തിലുള്ള വെല്ലുവിളികളാണ് ഇത് ഇന്ത്യാ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് നേരെ ഉയര്‍ത്തുന്നത്. ഒന്ന് ഹിന്ദുവാണെന്ന ഒറ്റക്കാരണത്താല്‍ ഇന്ത്യന്‍ പൗരത്വം നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെടും. അതായത് പൗരത്വത്തിനുള്ള മാനദണ്ഡമായി ഇതാദ്യമായി മതം ഒരു ഘടകമാകുന്നു. അതിനര്‍ഥം ഈ രാജ്യത്ത് ഹിന്ദുമത വിശ്വാസത്തിനു ചില പ്രത്യേക അവകാശങ്ങളുണ്ട് എന്നാണ്. രണ്ട് മുസ്‌ലിം ആണെന്ന ഒരൊറ്റക്കാരണത്താല്‍ നിങ്ങള്‍ക്ക് പൗരത്വം തെളിയിക്കപ്പെടേണ്ട ഒന്നായി മാറുന്നു. അതായത് ഒരു ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കേണ്ടത് അയാളുടെ ബാധ്യതയായി മാറുന്നു. അല്ലെങ്കില്‍ ഒരേ ഭൂവിഭാഗത്തില്‍നിന്ന് ഇന്ത്യയിലെത്തിയ രണ്ടുപേരില്‍ ഒരാള്‍ക്ക് ഹിന്ദുവായതുകൊണ്ട് പ്രത്യേക അവകാശങ്ങള്‍ ലഭിക്കുമ്പോള്‍ മുസ്‌ലിമായ മറ്റൊരാള്‍ക്ക് ആ കാരണത്താല്‍ അവയെല്ലാം നിഷേധിക്കപ്പെടുന്നു. ഇന്ത്യ എന്ന മതേതര ഭരണഘടനാ സങ്കല്‍പ്പത്തിന്റെ ചാവുപാട്ടാണ് പൗരത്വ നിയമ ഭേദഗതി ബില്‍.
ഇന്ത്യയിലേക്കെത്തുന്ന അയല്‍രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെടേണ്ടവരല്ല. ഏറെക്കാലങ്ങളായി ഒരേ തരത്തിലുള്ള സാമൂഹ്യ, സാമ്പത്തിക സ്വഭാവങ്ങളുള്ള അതിര്‍ത്തികളിലൂടെ വരുന്ന കുടിയേറ്റക്കാര്‍ മിക്കവാറും തൊഴിലും ഉപജീവന മാര്‍ഗങ്ങളും തേടിയാണ് ഇന്ത്യയിലെത്തുന്നത്. ഇതിനെ മതവിദ്വേഷത്തിന്റെ നിറം നല്‍കി ചിത്രീകരിക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ക്ഷുദ്രമായ അജണ്ടയാണ്. വിഭവങ്ങള്‍ക്ക് വേണ്ടിയും തൊഴിലിനു വേണ്ടിയുമൊക്കെ തീര്‍ത്തും സാമൂഹ്യ, സാമ്പത്തിക കാരണങ്ങളാല്‍ നടക്കുന്ന കുടിയേറ്റ പ്രക്രിയയെ കേവലമായ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ഹിന്ദുക്കളുടെ രാഷ്ട്രമാക്കി ഇന്ത്യയെ നിര്‍മിക്കുക എന്ന സംഘ്പരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമാണ്.
അഭയാര്‍ഥികളെ രാജ്യാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും അവരെ വീണ്ടും മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും ചെയ്യുക എന്ന അതിഹീനവും എല്ലാവിധത്തിലുള്ള ആധുനിക മതേതര മൂല്യങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഉടമ്പടികള്‍ക്കും വിരുദ്ധവുമായ ഈ നിയമ ഭേദഗതി ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗീകരിപ്പിച്ചെടുത്താല്‍ സംഘ്പരിവാറിന്റെ ഹിന്ദു രാഷ്ട്ര നിര്‍മാണത്തിലേക്കുള്ള ദൂരം വളരെ കുറവായിരിക്കും. അത് തിരിച്ചറിയുക എന്നതൊരു രാഷ്ട്രീയ പോരാട്ടം കൂടിയാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കും ചട്ടക്കൂടിനും (യമശെര േെൃൗരൗേൃല ) എതിരായ ഈ നിയമ ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചാലും സുപ്രിംകോടതിയുടെ സൂക്ഷ്മപരിശോധനയില്‍ തള്ളിപ്പോകും എന്നുതന്നെയാണ് കരുതേണ്ടത്. എന്നാല്‍ സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയവും അതിന്റെ സമഗ്രാധിപത്യ ഭരണകൂടവും ഒരു ഫാസിസ്റ്റ് ഭരണകൂടമായി പരിണമിച്ചുകൊണ്ടിരിക്കെ നീതിയുടെ വ്യാഖ്യാനം വളരെ ആശങ്കയിലേക്ക് വീണുപോകുന്നുണ്ട് പലപ്പോഴും. അതുകൊണ്ടുതന്നെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ സമരങ്ങള്‍ക്ക് മാത്രമേ ഹിന്ദുത്വ രാഷ്ട്രീയ ഭീകരതയോട് ചെറുത്തു നിന്നുകൊണ്ട് ഈ രാജ്യത്തെ അതിന്റെ ദേശീയ വിമോചന സമര മൂല്യങ്ങളില്‍നിന്ന് സൃഷ്ടിച്ച ഇന്ത്യ എന്ന ആശയത്തിലും അതിന്റെ മതേതര രാഷ്ട്രീയ സ്വഭാവത്തിലും ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."