HOME
DETAILS

അരുന്ധതിയുടെ സദ്ദാം ഹുസൈനും ബുലന്ദ്ഷഹറിലെ സുബോദ് കുമാറും

  
backup
December 08 2018 | 20:12 PM

kasim-irikkoor-todays-article-09-12-2018

കാസിം ഇരിക്കൂര്‍#

 

വിഖ്യാത കഥാകാരി അരുന്ധതി റോയിയുടെ ഒടുവിലത്തെ നോവലിലെ ('ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്') പ്രധാന കഥാപാത്രങ്ങളിലൊന്നിന്റെ പേര് സദ്ദാം ഹുസൈന്‍ എന്നാണ്. കാമുകി അഞ്ജുമന്‍ എന്ന ഹിജഡ ഒരിക്കല്‍ അയാളോട് കലിമ ചൊല്ലാനാവശ്യപ്പെട്ടു. 'ലാ ഇലാഹ.....' അതിനപ്പുറം സദ്ദാമിന് അറിയില്ലായിരുന്നു. താന്‍ ചമര്‍ (ദലിത്) വിഭാഗത്തില്‍പ്പെട്ടയാളാണെന്നും യഥാര്‍ഥ പേര്‍ ദയാചന്ദ് ആണെന്നും ഒടുവില്‍ യുവാവ് തുറന്നുപറഞ്ഞു. എങ്ങനെ താന്‍ സദ്ദാം ഹുസൈനായി എന്ന കഥ വിവരിച്ചപ്പോള്‍ അഞ്ജുവിന്റെ കണ്ണ് നിറഞ്ഞു. ഹരിയാനയില്‍നിന്ന് ചത്ത കന്നുകാലികളുടെ തോല്‍ കൊണ്ടുവന്ന് വൃത്തിയാക്കി ഉപജീവനം തേടുന്ന കുടുംബത്തിലെ അംഗമായിരുന്നു ദയാചന്ദ്. ഒരിക്കല്‍ അച്ഛന്റെയും മറ്റു രണ്ടുമൂന്നുപേരുടെയും കൂടെ ഹരിയാനയില്‍നിന്ന് തോലുമായി ടെമ്പോയില്‍ വരുമ്പോള്‍ ദുലിന പോലിസ് സ്റ്റേഷന്റെ മുന്നില്‍ വണ്ടി നിര്‍ത്തി പതിവ് കൈക്കൂലി നല്‍കാന്‍ അച്ഛന്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ശെഖാവത്തിന്റെ മുന്നിലെത്തി.
സാധാരണ കൊടുക്കാറുള്ള തുക കൊടുത്തപ്പോള്‍ പൊലിസ് ഓഫിസര്‍ കൂടുതല്‍ ചോദിച്ചു. തന്റെ കൈയില്‍ വേറെ കാശില്ല എന്ന് കരഞ്ഞുപറഞ്ഞിട്ടും അയാള്‍ വിട്ടില്ല. ഡല്‍ഹി രാംലീല മൈതാനിയില്‍ നിന്ന് ദസറ കഴിഞ്ഞ് മടങ്ങുന്ന രാമനും ലക്ഷ്മണനും ഹനുമാനും അടങ്ങിയ ജനക്കൂട്ടം പൊലിസ് സ്റ്റേഷന്റെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ ചത്ത പശുവിന്റെ മണം അവിടെ പരന്നുകഴിഞ്ഞിരുന്നു. ജനം വാഹനഗതാഗതം തടസ്സപ്പെടുത്താന്‍ തുടങ്ങി. ജയ് ശ്രീറാം, വന്ദേ മാതരം വിളിച്ച് ഒരു വിഭാഗം പൊലിസ് സ്റ്റേഷന് അകത്തേക്ക് കടന്നു. ദയാചന്ദിന്റെ പിതാവിനെയും മറ്റു മൂന്നുപേരെയും വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുവന്ന് തല്ലാന്‍ തുടങ്ങി. തെരുവ് വിളിക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ അവിടെ കൂടിയവരും അതുവഴി കടന്നുപോകുന്നവരുമെല്ലാം 'ഗോരക്ഷക' വേഷമണിഞ്ഞ്, പാവങ്ങളെ തലങ്ങും വിലങ്ങും മര്‍ദിച്ചു വീഴ്ത്തി.
ദയാചന്ദിന്റെ അച്ഛന്‍ കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് കമിഴ്ന്ന് വീണു. വായില്‍നിന്നും മൂക്കില്‍നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. ദൂരെ നിന്ന് വിറയലോടെ എല്ലാം നോക്കിക്കണ്ട എനിക്ക് ഒരക്ഷരം മിണ്ടാന്‍ ധൈര്യം വന്നില്ല എന്ന് പറഞ്ഞ് ദയാചന്ദ് അഞ്ജുമന്റെ മുന്നില്‍തേങ്ങി. കൊടിയ മര്‍ദനമേറ്റ് മരണത്തിലേക്ക് വഴുതി വീഴുമ്പോള്‍ അച്ഛനും കൂട്ടുകാരും ഉയര്‍ത്തിയ രോദനം ഇപ്പോഴും എന്റെ കാതുകളില്‍ വന്നലക്കുകയാണ്. ഇതുവരെ കേള്‍ക്കാത്ത, വിചിത്രമായൊരു ശബ്ദം. മനുഷ്യന്റെതല്ല അത്.' നിരപരാധികള്‍ മരിച്ചുവീഴുന്നത് എല്ലാവരും നോക്കിനിന്നു; ഒരാളും അക്രമികളെ തടയാന്‍ മുന്നോട്ടുവന്നില്ല.
പൊലിസ് ഓഫിസര്‍ ശെഖാവത്ത് ഫോണ്‍ ചെയ്തു അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചത്ത പശുവിന്റെ മണം പിടിച്ച് ജനക്കൂട്ടം സ്റ്റേഷന്‍ പരിസരത്ത് എത്തിയതെന്ന് ദയാചന്ദിന് ബോധ്യമുണ്ട്. പിതാവിന്റെ മരണത്തോടെ ചത്ത ഗോക്കളില്‍നിന്ന് രക്ഷ തേടി പുതിയൊരു തൊഴില്‍ അന്വേഷിച്ച് ഡല്‍ഹിയിലെത്തിയ ദിവസം ടിവി ഷോറൂമിന്റെ സമീപത്തൂടെ കടന്നുപോകുമ്പോള്‍ ഒരു വാര്‍ത്താശകലത്തോടൊപ്പം സദ്ദാം ഹുസൈന്റെ ജീവിതാന്ത്യം കാണിക്കുന്ന ഒരു വിഡിയോ കണ്ടു. കഴുമരത്തിലേക്ക് മുഖം മറക്കാതെ ധൈര്യസമേതം നടന്നുപോകുന്ന സദ്ദാമിനെ അനുഗമിച്ചവരെല്ലാം മുഖംമൂടിയണിഞ്ഞത് കണ്ടപ്പോള്‍ ദയാചന്ദിന് മുന്‍ ഇറാഖ് ഭരണാധികാരിയോട് വല്ലാത്ത ആദരവ് തോന്നി.
അപ്പോള്‍ തന്നെ അയാള്‍ ഒരു തീരുമാനമെടുത്തു. ഇനി എന്റെ പേര് സദ്ദാം ഹുസൈന്‍! ലക്ഷ്യം പിതാവിനെ കൊലക്ക് കൊടുത്ത ശെഖാവത്തിന്റെ ജീവനെടുക്കുക. ചമറായ ദയാചന്ദിന് ഒരിക്കലും സ്വപ്നം കാണാന്‍ കഴിയാത്തത് സദ്ദാം ഹുസൈനായി മാറുന്നതോടെ തനിക്കു സാധിക്കുമെന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു. അഞ്ജു ആ സാഹസത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. 'സദ്ദാം ഹുസൈന്‍ ബാസ്റ്റാഡാണ്. നിരവധിയാളുകളെ കൊന്നിട്ടുണ്ട്.' ആയിരിക്കാം. പക്ഷേ, അദ്ദേഹം ധൈര്യവാനാണ്. ആ വിഡിയോ കണ്ടോ സദ്ദാമായി മരിക്കാന്‍ തീരുമാനിച്ച ദയാചന്ദ് വിട്ടുകൊടുത്തില്ല.
അരുന്ധതി പറഞ്ഞ കഥ മോദിയുടെയും യോഗിയുടെയും കാലഘട്ടത്തിലൂടെ ബഹുദൂരം മുന്നോട്ടുപോയപ്പോള്‍ ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ടത്തിന്റെ കൊടിയ മര്‍ദനങ്ങളേറ്റ് മരിച്ചുവീണത് ചത്തഗോക്കളുടെ തോലുരിഞ്ഞ് ജീവിക്കുന്ന ഒരു സാധാരണക്കാരനല്ല; മറിച്ച് നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ ബാധ്യസ്ഥനായ ഒരു പോലിസ് ഓഫിസറാണ്. സംഘ്പരിവാര്‍ ഗുണ്ടകളുടെ അക്രമങ്ങള്‍ക്കിരയായി രക്തസാക്ഷ്യം വരിച്ച സുബോധ് കുമാര്‍ സിങ് എന്ന സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചത് , ഒരു പൊലിസ് ഓഫിസര്‍ക്ക് തന്റെ കര്‍ത്തവ്യം യഥാവിധി നിറവേറ്റാന്‍ പോലും ഹിന്ദുത്വ കാപാലികര്‍ വാഴുന്ന നമ്മുടെ നാട്ടില്‍ അസാധ്യമായി തീര്‍ന്നിരിക്കുന്നു എന്ന് തിരിച്ചറിയുന്നത് കൊണ്ടാണ്.
പശുവിനെ തൊട്ടാല്‍ ജീവനോടെ ബാക്കിവയ്ക്കില്ലെന്ന് ഇതുവരെ മുസ്‌ലിംകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയതെങ്കില്‍ ഇപ്പോഴിതാ രാജ്യത്തെ പൊലിസ് സേനക്ക് മൊത്തത്തില്‍ താക്കീത് നല്‍കുകയാണ്; ഹിന്ദുത്വ ബ്രിഗേഡിയര്‍മാരോട് കളിക്കണ്ട; ഞങ്ങളുടെ കൈയില്‍ തോക്കുണ്ട്. ഏത് നിമിഷവും വെടിവച്ചിടാം. പശുവിനെ രക്ഷിക്കാന്‍ പൊലിസ് ഓഫിസറെ പോലും വെടിവെച്ചിടാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ആക്രോശിക്കാന്‍ ഗോരക്ഷാ ഗുണ്ടകള്‍ക്ക് മോദി - യോഗി - അമിത്ഷാ പ്രഭൃതികളുടെ ഭരണകാലഘട്ടമാണ് ധൈര്യം പകര്‍ന്നുനല്‍കിയത്. അതുകൊണ്ടാണ്, ഇന്‍സ്‌പെക്ടര്‍ സുബോദ്‌സിങിന്റെ ഘാതകരെ പിടികൂടുമെന്ന് വാഗ്ദാനം നല്‍കാന്‍ പോലും തയാറാവാതെ, ഗോഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ പോലിസ് മേധാവികള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആജ്ഞ നല്‍കിയത്. അങ്ങനെയാണ് പശുവിനെ അറുത്തുവെന്ന് കുറ്റം ചുമത്തി പതിനൊന്നും പന്ത്രണ്ടും വയസുള്ള മുസ്‌ലിം കുട്ടികളെ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയിരിക്കുന്നത്. അതും മുഖ്യപ്രതിയും ബജ്‌റംഗ്ദള്‍ നേതാവുമായ യോഗേഷ് രാജിന്റെ പരാതി പ്രകാരം.
താനും കൂട്ടുകാരും കാടിന്നരികെകൂടെ നടന്നുവരുന്ന സമയത്ത് പശുവിന്റെ ഇറച്ചി തൂങ്ങിക്കിടക്കുന്നത് കണ്ടുവെന്നും രണ്ടു കുട്ടികളടക്കം ഏഴുപേരാണ് ഗോഹത്യക്ക് തുനിഞ്ഞതുമെന്നാണ് ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇത് പച്ചക്കള്ളമാണെന്ന് സാഹചര്യത്തെളിവുകളും ഇയാളുടെ സഹോദരിയുടെ മൊഴികളും സാക്ഷ്യപ്പെടുത്തുന്നു. കാട്ടില്‍ കാണാനിടയായ പശുവിന്റെ അവശിഷ്ടം ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണെന്നും പരിസരത്ത് കലാപമുണ്ടാക്കാന്‍ ആസൂത്രിതമായി കെട്ടിത്തുക്കിയതാണെന്നും പ്രഥമദൃഷ്ട്യാ തെളിയുന്നുണ്ട്.

കാര്‍ക്കരെയുടെ വഴിയെ
സഞ്ചരിച്ച സുബോദ് കുമാര്‍

സുബോദ് കുമാര്‍ സിങ് എന്ന പൊലിസ് ഓഫിസര്‍ നേരിട്ട ജീവിതാന്ത്യം സംഘ്പരിവാര്‍ കാപാലികതയുടെ ഏറ്റവും ക്രൂരമുഖമാണ് അനാവൃതമാക്കുന്നത്. പശുവിന്റെ അവശിഷ്ടവുമായി പൊലിസ് സ്റ്റേഷനു മുന്നില്‍ വന്ന അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തിയ അദ്ദേഹം വെടിയേറ്റാണ് മരിച്ചതെന്ന യാഥാര്‍ഥ്യത്തിനപ്പുറം ചോര വാര്‍ന്നു പോലിസ് ജീപ്പില്‍ കിടന്ന അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ആര്‍ക്കും സാധിച്ചില്ല എന്നത് നമ്മുടെ രാജ്യം എത്തിപ്പെട്ട ഭീകരാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വെടിയേറ്റു വീണ സുബോദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ കാറിനു നേരെ തുരുതുരാ കല്ലേറുണ്ടാവുകയും ജനം വാഹനം തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഒടുവില്‍ ഒരുവയലില്‍ ചെന്ന് നില്‍ക്കുകയാണുണ്ടായത്. ഡ്രൈവറും കൂടെയുള്ള രണ്ടു കോണ്‍സ്റ്റബിള്‍മാരും പ്രാണനും കൊണ്ട് ഓടി രക്ഷപ്പെട്ടെത്ര. കുറെ നേരം കഴിഞ്ഞ് നോക്കിയപ്പോള്‍ ഇന്‍സ്‌പെക്ടര്‍ സുബോദ്‌സിങിന്റെ ജീവനറ്റ ശരീരം വണ്ടിയുടെ പുറത്തേക്ക് തൂങ്ങിനില്‍ക്കുകയായിരുന്നു. വായില്‍നിന്നും നെറ്റിയില്‍നിന്നും ചോര വാര്‍ന്നൊഴുകുന്ന നിലയില്‍. ദാരുണമായ ഈ അന്ത്യം ഏറ്റുവാങ്ങാന്‍ സമര്‍ഥനും സത്യസന്ധനുമായ ഈ പോലിസ് ഓഫിസര്‍ എന്തു അപരാധം ചെയ്തു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ.
മോദിയും യോഗിയും ഭരിക്കുന്ന നാട്ടില്‍ ഉത്തരവാദിത്തബോധവും മനുഷ്യത്വവുമുള്ള ഒരു പൊലിസ് ഓഫിസറായി തന്റെ കടമ നിര്‍വഹിക്കാന്‍ അദ്ദേഹം ആര്‍ജവം കാണിച്ചു എന്നത് തന്നെ. അക്രമികളുടെ ഇടയില്‍പ്പെട്ട മൂന്ന് തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ നേരെ സംഘ്പരിവാര്‍ ഗുണ്ടകള്‍ തിരിഞ്ഞപ്പോള്‍ സ്വജീവന്‍ കൊടുത്തും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. സുബോദിന്റെ സഹോദരി മാധ്യമങ്ങളോട് ഒരു സത്യം വെട്ടിത്തുറന്നുപറഞ്ഞു. എന്റെ സഹോദരനാണ് അഖ്‌ലാഖ് കേസ് അന്വേഷിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിക്കണം. എന്നിട്ട് ഒരു സ്മാരകം പണിയണം. ഞങ്ങള്‍ക്ക് പണം വേണ്ടാ'. അമിത് ഷാ ഉള്‍പ്പെട്ട വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ അന്വേഷിച്ച ഹേമന്ത് കര്‍ക്കരെ നേരിടേണ്ടിവന്ന അതേ അന്ത്യമാണ് സുബോദിന്റെതുമെന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.
ആരാണ് സുബോദിനു നേരെ നിറയൊഴിച്ചതെന്ന് ഇതുവരെ ആരും തുറന്നുപറഞ്ഞിട്ടില്ല. ഒരുകാര്യമുറപ്പാണ്: അക്രമാസക്തരായ സംഘ്പരിവാര്‍ ഗുണ്ടകളില്‍നിന്ന് ഈ പൊലിസ് ഓഫിസറെ രക്ഷപ്പെടുത്താനോ വെടിയേറ്റ് വീണപ്പോള്‍ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെടാനോ ആരും മുന്നോട്ട് വരാതിരുന്നതില്‍ പൊലിസ് സേനക്കകത്തേക്ക് നീളുന്ന ഗൂഢാലോചനയുടെ സൂചനകളുണ്ട്. മതത്തിന്റെ പേരില്‍ അക്രമത്തിനു പ്രേരിപ്പിക്കുന്നവരാകരുത് എന്ന് മക്കളായ ശ്രേയയോടും അഭിഷേകിനോടും ഈ മനുഷ്യസ്‌നേഹി സദാ ഉപദേശം നല്‍കിയത് ജീവിതപരിസരം ഹിന്ദുത്വഭീകരര്‍ വിദ്വേഷം പരത്താന്‍ കീഴടക്കിയിരിക്കയാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാവണം.
2015 സെപ്റ്റംബര്‍ 28നാണ് ഒരു പെരുന്നാളിന്റെ പിറ്റേ രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്‍നിന്ന് പുറത്തേക്ക് വിളിച്ചുവരുത്തി ഒരു കൂട്ടം ഗോരക്ഷക് ഗുണ്ടകള്‍ തല്ലിക്കൊല്ലുന്നത്. രാജ്യത്തെ ഞെട്ടിച്ച ആദ്യ ആള്‍ക്കൂട്ടക്കൊല. ആ സംഭവത്തെ കുറിച്ച് സത്യസന്ധമായി അന്വേഷിക്കുകയും ആവശ്യമായ ഫോറന്‍സിക് പരിശോധന സംഘടിപ്പിക്കുകയും അഖ്‌ലാഖിന്റെ വീട്ടില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചത് മാട്ടിറച്ചിയായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തത് ആര്‍.എസ്.എസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
മാത്രമല്ല, ദുരന്തം നടന്ന ദാദ്രിയിലും പരിസരങ്ങളിലും ഇടയ്ക്കിടെ പോയി ജനങ്ങള്‍ക്കിടയിലെ അകല്‍ച്ച അകറ്റാനും മനസ്സുകളെ യോജിപ്പിക്കാനും സുബോദ്‌സിങ് നടത്തിയ നല്ല നീക്കങ്ങള്‍ വെറുപ്പിന്റെ ഉപാസകരെ സ്വാഭാവികമായും അസ്വസ്ഥരാക്കിയിരുന്നു. മുഹമ്മദ് അഖ്‌ലാഖ്, പെഹലുഖാന്‍, ഉമര്‍ഖാന്‍, രക്ബാര്‍ ഖാന്‍ ... നീളുന്ന ഈ പേരുകള്‍ക്കിടയിലേക്കാണ് സുബോദ് കുമാര്‍ സിങിന്റെ പേരും കടന്നുവരുന്നത്.
ആദ്യനാമങ്ങളെലാം ഒരു കാലഘട്ടത്തിന്റെ കരാളതകള്‍ സൃഷ്ടിച്ച വിഹ്വലതകളുടെ ഇരകളാണെങ്കില്‍ അവസാനത്തെ നാമം ഇരകളോട് സഹാനുഭൂതി കാണിച്ച ഒരുത്തമ പൗരന്റെതാണെന്ന തിരിച്ചറിവ് നമ്മുടെ നാടിനെ ഗ്രസിച്ച ഫാസിസ്റ്റ് മഹാവ്യാധിക്കിടയിലും മാനവികതയുടെ തീനാളം അണഞ്ഞിട്ടില്ല എന്ന് കാട്ടിത്തരുന്നു. ഡിസംബര്‍ ഒന്നിനു ബുലന്ദ്ഷഹര്‍ നഗരത്തില്‍ തുടക്കമിട്ട മൂന്ന് ദിവസത്തെ തബ്‌ലീഗ് ജമാഅത്ത് ഇജ്തിമായില്‍ (സംഗമം ) പത്തുലക്ഷം വിശ്വാസികള്‍ പങ്കെടുക്കാനെത്തിയ സന്ദര്‍ഭം നോക്കിയാണ് ഈ ദേശവിരുദ്ധര്‍ കലാപത്തിനു കോപ്പ് കൂട്ടിയത്. സംഗമത്തിന് എത്തിയവര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാന്‍ പ്രദേശത്തെ അമ്പലങ്ങള്‍ കവാടങ്ങള്‍ തുറന്നുകൊടുക്കുന്ന മനോഹര കാഴ്ച കണ്ട് നല്ല മനുഷ്യര്‍ സന്തോഷിക്കുന്നതിനിടയിലാണ് ഗോക്കളുടെ അവശിഷ്ടങ്ങള്‍ ജനം കാണുന്ന സ്ഥലത്ത് കെട്ടിത്തൂക്കി പരിസരം കൈയിലെടുക്കാന്‍ ഗൂഢാലോചന നടത്തിയത്. കഴിഞ്ഞ നാല് വര്‍ഷമായി പ്രദേശത്ത് സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ പലമാതിരി അടവുകള്‍ പയറ്റിയിട്ടും വിജയിക്കാതെ പോയതിന്റെ നിരാശയാണ് കള്ളപ്രചാരണത്തിലൂടെ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കാന്‍ ഇക്കൂട്ടരെ കൊണ്ട് അരുതായ്മകള്‍ ചെയ്യിച്ചത്. ത
ബ്‌ലീഗ് ജമാഅത്തുകാരാണ് കുഴപ്പത്തിന്റെ പിന്നിലെന്നും ഇവര്‍ ഭീകരവാദികളാണെന്നും വരുത്തിത്തീര്‍ക്കാന്‍ സുദര്‍ശന്‍ ന്യൂസ് എന്ന ചാനല്‍ നടത്തിയ വൃത്തികെട്ട മാധ്യമപ്രവര്‍ത്തനം ഇതിനകം ചര്‍ച്ചാവിഷയമായിട്ടുണ്ട്.
പൊലിസ് ഇന്‍സ്‌പെക്ടറുടെ കൊലയെ തബ്‌ലീഗ് സമ്മേളനവുമായി ബന്ധിപ്പിക്കാനായിരന്നു ചാനലിന്റെ കുടില ശ്രമം. പൊതുതെരഞ്ഞെടുപ്പിന്റെ പാദപതനങ്ങള്‍ കേട്ടുതുടങ്ങിയ ഈ നിര്‍ണായക ഘട്ടത്തില്‍ ആള്‍ക്കൂട്ട കൊലയുടെയും മനുഷ്യകബന്ധങ്ങളുടെയും ഒരുപാട് കഥകള്‍ കേള്‍പ്പിക്കാന്‍ ആര്‍.എസ്.എസും പോഷകഘടകങ്ങളും എണ്ണമറ്റ ബുലന്ദ്ഷഹറുകള്‍ സൃഷ്ടിക്കുമെന്ന് തന്നെയാണ് ഭയപ്പെടേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago