ജലസംഭരണിയുണ്ട്: പക്ഷേ കുടിവെള്ളമില്ല
കാട്ടാക്കട: മാറനല്ലൂര്‍ പഞ്ചായത്തിലെ മലവിളയിലാണ് ആര്‍ക്കും കുടിവെള്ളമില്ലാതെ വലയുന്നത്. കൂറ്റന്‍ ജലസംഭരണി സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളമില്ലാതെ നെട്ടോട്ടമോടുകയാണ് ഇവിടെ താമസിക്കുന്നവര്‍. മൂന്നുമാസമായി തുടരുന്ന ദുരിതത്തിന് നാളിതുവരെയും പരിഹാരമായിട്ടില്ല. മാറനല്ലൂര്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള കോളനിയില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയില്‍ നിന്ന് പൈപ്പുവഴി ലഭിക്കുന്ന വെള്ളമാണ് ഇവരുടെ ഏക ആശ്രയം. വെള്ളം സ്ഥിരമായി ലഭ്യമാകാത്തതോടെ സമീപത്തെ ആരോഗ്യകേന്ദ്രത്തിലെ കിണറിനെയാണ് ആശ്രയിക്കുന്നത്.
വെള്ളംകോരി ചുമക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. ആദ്യകാലങ്ങളില്‍ അരുവിക്കരയില്‍ നിന്നുമാണ് ഇവിടെയുള്ള ടാങ്കിലേക്ക് വെള്ളം പമ്പുചെയ്തിരുന്നത്.
എന്നാല്‍, കാളിപ്പാറ ശുദ്ധജലപദ്ധതിയുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിട്ടുള്ള പൈപ്പുവഴിയാണ് ഇപ്പോള്‍ ഇവിടത്തെ ജലസംഭരണിയിലേക്ക് വെള്ളം എത്തിക്കുന്നത്. മാറനല്ലൂര്‍ കവല മുതല്‍ ജലസംഭരണിയിലേക്ക് എത്തുന്ന മുന്നൂറ് മീറ്ററോളം മണ്‍പൈപ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍, ഇവിടങ്ങളില്‍ പൈപ്പ് പൊട്ടുന്നത് സ്ഥിരം കാഴ്ചയാണ്. അധികൃതരെ അറിയിച്ചാല്‍ പേരിന് അറ്റകുറ്റപ്പണികള്‍ നടത്തി മടങ്ങുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അമിതഭാരം കയറ്റി സമീപത്തെ പാറമടയില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ ഈ പ്രദേശത്ത് പാര്‍ക്ക് ചെയ്യുന്നതും പൈപ്പ് സ്ഥിരമായി പൊട്ടുന്നതിന് കാരണമായി നാട്ടുകാര്‍ പറയുന്നു. മലവിള പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമാണ്. അതിനാല്‍ തന്നെ കിണര്‍ കുഴിച്ചാല്‍ പോലും വെള്ളം കിട്ടില്ല. ഈയവസ്ഥയിലാണ് പൈപ്പുവെള്ളമെന്ന പദ്ധതിയുമായി പഞ്ചായത്ത് എത്തിയതും അത് എങ്ങുമെത്താതെയായതും പൈപ്പുപൊട്ടി റോഡിലൂടെ വെള്ളമൊഴുകുന്നതുമൂലം കാല്‍നടയാത്രപോലും ദുസ്സഹമാകുകയാണ്.
കുടിവെള്ളത്തിനുവേണ്ടി കോളനി നിവാസികള്‍ നെട്ടോട്ടമോടുമ്പോള്‍ അവരുടെ കണ്‍മുന്നില്‍ തന്നെ പൈപ്പുപൊട്ടി ജലം പാഴായിക്കൊണ്ടിരിക്കുന്നു. പഞ്ചായത്ത് പിന്നാക്കം വികസനത്തിനും കുടിവെള്ള പദ്ധതിയ്ക്കും ലക്ഷങ്ങള്‍ ചിലവഴിക്കുമ്പോഴാണ് ഒരു പ്രദേശത്തെ നാട്ടുകാര്‍ ദുരിതം പേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."