സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം; അരുംകൊലയിലെത്തിച്ചത് സ്‌കൂള്‍ റീ യൂനിയനില്‍ വീണ്ടും മൊട്ടിട്ട പ്രണയം
സ്വന്തം ലേഖകന്‍
കൊച്ചി: ചികിത്സയ്ക്കു കൊണ്ടുപോവുന്നു എന്നു നാട്ടുകാരെ അറിയിച്ച ശേഷം ഇരയെ ദൂര സ്ഥലത്തേക്ക് കൊണ്ടുപോവുക, ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം സുഹൃത്തിന്റെ വില്ലയില്‍ എത്തിച്ച് മദ്യം നല്‍കിയ ശേഷം ശ്വാസം മുട്ടിച്ചു കൊല്ലുക, മൃതദേഹം മറ്റൊരു സ്ഥലത്തെത്തിച്ച് കുറ്റിക്കാട്ടില്‍ കുഴിച്ചുമൂടുക, കൊല്ലപ്പെട്ടയാളെ കാണാനില്ലെന്ന് പറഞ്ഞ് പൊലിസില്‍ പരാതി നല്‍കുക, നാടുവിട്ടുപോയെന്നു വരുത്തിത്തീര്‍ക്കാന്‍ ഇരയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിക്കുക. ഇതിനെല്ലാം കാരണമായതോ സ്‌കൂള്‍ റീ യൂനിയന്‍ നടന്നപ്പോള്‍ വീണ്ടും മൊട്ടിട്ട പഴയ പ്രണയവും.
മലയാള സിനിമയായ 'ദൃശ്യം', തമിഴ് സിനിമ '96' എന്നിവയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഉദയംപേരൂരിലെ കൊലപാതകം അരങ്ങേറിയത്. 96 സിനിമയിലെ സ്‌കൂള്‍ റീയൂനിയന്‍ പ്രണയവും ദൃശ്യത്തിലെ കൊലപാതക ശേഷമുള്ള തെളിവുനശിപ്പിക്കലുമാണ് പ്രതികള്‍ സ്വീകരിച്ചതെന്ന് പൊലിസ് പറയുന്നു.
ചങ്ങനാശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാറും ഉദയംപേരൂര്‍ സ്വദേശിനി വിദ്യയും തമ്മില്‍ ദാമ്പത്യ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടെ സ്‌കൂള്‍ റിയൂനിയനെത്തിയപ്പോള്‍ കണ്ടുമുട്ടിയ മുന്‍ കാമുകി സുനിതയും കൂടി ചിത്രത്തിലേക്ക് വന്നതോടെ ഭാര്യയെ വകവരുത്തുക എന്നതായി പ്രേംകുമാറിന്റെ ലക്ഷ്യം.
ദൃശ്യം സിനിമയെ കൂട്ടുപിടിച്ചാണ് കൊലപാതകത്തിന്റെയും തെളിവുനശിപ്പിക്കലിന്റെയും കരുക്കള്‍ നീക്കിയത്. ആയുര്‍വേദ ചികിത്സയ്ക്ക് കൊണ്ടുപോവുകയാണെന്നു നാട്ടുകാരെ ധരിപ്പിച്ച ശേഷം കഴിഞ്ഞ സെപ്തംബര്‍ 20ന് പ്രേംകുമാര്‍ വിദ്യയുമായി തിരുവനന്തപുരത്തെ പേയാടുള്ള സുഹൃത്തിന്റെ വസതിയായ ഗ്രേസ് വില്ലയില്‍ എത്തിച്ചു.
വില്ലയുടെ മുകളിലെ നിലയില്‍ സുനിത കാത്തിരിപ്പുണ്ടായിരുന്നു. മദ്യം നല്‍കിയ ശേഷം സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെ കിടപ്പുമുറിയിലിട്ട് കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസം മുട്ടിച്ചു വിദ്യയെ കൊലപ്പെടുത്തി. ശുചിമുറിയില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് സുനിതയും പ്രേംകുമാറും കൂടി കാറില്‍ തിരുനെല്‍വേലിയിലെത്തിച്ചു. ഹൈവേയ്ക്ക് സമീപം വള്ളിയൂരിലെ ഒരു കുറ്റിക്കാട്ടില്‍ കുഴിച്ചുമൂടി.
വിദ്യ നാടുവിട്ടതായി വരുത്തി തീര്‍ക്കാന്‍ അവരുടെ മൊബൈല്‍ ഫോണ്‍ ഓഫാക്കാതെ നേത്രാവതി എക്‌സ്പ്രസ് ട്രെയിനിന്റെ മാലിന്യ പെട്ടിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് നാട്ടിലെത്തി സെപ്റ്റംബര്‍ 23ന് ഉദയംപേരൂര്‍ പൊലിസില്‍ വിദ്യയെ കാണാനില്ലെന്നു കാണിച്ച് പരാതി നല്‍കി. മുന്‍പ് നാലുതവണ കാണാതായ ചരിത്രം വിദ്യക്കുള്ളതിനാല്‍ നാട്ടുകാര്‍ ഇതു വിശ്വസിച്ചു. എന്നാല്‍ മുന്‍പ് വീട്ടുകാര്‍ വിദ്യയെ അനുനയിപ്പിച്ചിരുന്നെങ്കിലും ഇത്തവണ ഫോണില്‍ കിട്ടാതായത് അവരിലും സംശയമുണ്ടാക്കി.
ആദ്യവിവാഹത്തിലെ മകള്‍ ഗോവയില്‍ പഠിക്കുന്നതിനാല്‍ വിദ്യ അവിടേക്കു പോയിരിക്കാമെന്ന തരത്തില്‍ പ്രേംകുമാര്‍ നാട്ടില്‍ പ്രചാരണവും നടത്തി. വിദ്യയുടെ ഫോണ്‍ പരിശോധിച്ച പൊലിസ് അത് ബിഹാറിലാണെന്നു സ്ഥിരീകരിച്ചു.
കേസിന്റെ തുടര്‍ അന്വേഷണത്തിന് പ്രേംകുമാര്‍ എത്താതായതും ഇവര്‍ താമസിച്ചിരുന്ന വാടക വീട് ഒഴിഞ്ഞുപോയതും പൊലിസില്‍ സംശയം ജനിപ്പിച്ചു.
അതിനിടെ പ്രേംകുമാര്‍ മറ്റൊരു സ്ത്രീക്കൊപ്പം തിരുനെല്‍വേലിയിലെ വള്ളിയൂരില്‍ താമസിക്കുന്നതായി പൊലിസിന് വിവരം ലഭിച്ചു. സെപ്റ്റംബര്‍ 22ന് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം വള്ളിയൂരില്‍ കണ്ടെത്തിയതായും ആളെ തിരിച്ചറിയാന്‍ കഴിയാഞ്ഞതിനാല്‍ വള്ളിയൂര്‍ പൊലിസ് സംസ്‌കരിച്ചെന്നുമുള്ള വാര്‍ത്തയും പുറത്തുവന്നു.
ഇതിനിടെ ഭാര്യയെ കാണാനില്ലെന്ന പരാതിക്കാരന്‍ മുന്‍കൂര്‍ ജാമ്യം എടുത്തത് സംശയത്തിന് ആക്കം കൂട്ടി. അന്വേഷണ ഉദ്യോഗസ്ഥരുടെ പേരുവിവരം തിരക്കുകയും ചെയ്തതോടെ പ്രേംകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നു.
രണ്ടുമാസമായി വള്ളിയൂരില്‍ താമസിക്കുന്ന പ്രേംകുമാറിനെയും സുനിതയേയും വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിദ്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചാല്‍ മാത്രമേ വിശദാംശങ്ങള്‍ അറിയാനാവൂ എന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."