ബി.ഫാം കോളജുകളില്‍ വിദ്യാര്‍ഥികളില്ല; ഒഴിഞ്ഞുകിടക്കുന്നത് 580 സീറ്റുകള്‍
തിരുവനന്തപുരം: മൂന്ന് അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ സംസ്ഥാനത്തെ വിവിധ ഫാര്‍മസി കോളജുകളിലായി 580 സീറ്റുകളില്‍ വിദ്യാര്‍ഥികളില്ല. സ്വകാര്യ മേഖലയില്‍ 532ഉം ഗവ. കോളജുകളില്‍ 48 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. സംസ്ഥാനത്തെ 36 സ്വകാര്യ കോളജുകളില്‍ ആവശ്യത്തിന് വിദ്യാര്‍ഥികള്‍ ഇതുവരെ എത്തിയിട്ടില്ല. പ്രവേശനാനുമതി നല്‍കിയ സീറ്റുകളില്‍ പകുതിയിലധികവും ഒഴിഞ്ഞു കിടക്കുന്ന 16 കോളജുകള്‍ സംസ്ഥാനത്തുണ്ട്.
പലയിടത്തും പത്തിലധികം സീറ്റുകള്‍ ഇനിയും നികത്താനുണ്ട്. കെമിസ്റ്റ് കോളജ് വാരിക്കോലി, ഡെയില്‍ വ്യൂ കോളജ്, മൗണ്ട് സിയോണ്‍ കോളജ് അടൂര്‍, നസറത്ത് കോളജ് തിരുവല്ല എന്നിവടങ്ങളില്‍ നാമമാത്രമായ സീറ്റുകളില്‍ മാത്രമേ അഡ്മിഷന്‍ നടന്നിട്ടുള്ളൂ. കെമിസ്റ്റ് കോളജില്‍ ആകെ ഏഴുപേര്‍ മാത്രമാണ് ഇതുവരെ അഡ്മിഷന്‍ നേടിയത്. ഡെയില്‍ വ്യൂ കോളജില്‍ ആകെയുള്ള 30 സീറ്റില്‍ 22 സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്.
നാല് സര്‍ക്കാര്‍ കോളജുകളിലും വിദ്യാര്‍ഥികളുടെ കുറവുണ്ട്. ആകെ 48 സീറ്റുകളുടെ ഒഴിവാണ് സര്‍ക്കാര്‍ മേഖലയിലുള്ളത്. ഗവ. ഫാര്‍മസി കോളജ് ആലപ്പുഴ, ഗവ.ഫാര്‍മസി കോളജ് കോഴിക്കോട്, ഗവ.ഫാര്‍മസി കോളജ് കോട്ടയം, ഗവ. ഫാര്‍മസി കോളജ് തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മൂന്ന് അലോട്ട്‌മെന്റിന് ശേഷവും വിദ്യാര്‍ഥികളുടെ കുറവുണ്ടായിരിക്കുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ തിരുവനന്തപുരത്താണ് കൂടുതല്‍ ഒഴിവുള്ളത്. 59 സീറ്റിലേക്ക് അലോട്ട്‌മെന്റ് നടത്തിയപ്പോള്‍ ഇതുവരെ അഡ്മിഷന്‍ നേടിയത് 37 പേര്‍ മാത്രം. മൂന്ന് അലോട്ട്‌മെന്റും കഴിഞ്ഞപ്പോള്‍ കോട്ടയത്ത് 19 ഉം ആലപ്പുഴയില്‍ ആറും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. എന്നാല്‍ 19 സീറ്റിലേക്ക് പ്രവേശനം നടത്തിയ കോഴിക്കോട് കോളജില്‍ ഒരു സീറ്റ് മാത്രമേ ഒഴിവുള്ളൂ.
അലോട്ട്‌മെന്റ് കഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിവരെ മാത്രമാണ് ഓപ്ഷനുകള്‍ കണ്‍ഫര്‍മേഷന്‍ നടത്താനും പുനഃക്രമീകരിക്കാനും സമയം അനുവദിച്ചിരിക്കുന്നത്. നാളെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."