ഭീകരതയ്ക്ക് സഹായം: ഹാഫിസ് സഈദിന് എതിരേ പാക് കോടതി കുറ്റം ചുമത്തി
ലാഹോര്‍: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകനും പാകിസ്താനിലെ ജമാഅത്തുദ്ദഅ്‌വ തലവനുമായ ഹാഫിസ് സഈദിനുമേല്‍ പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം ചെയ്തതിനുള്ള കുറ്റം ചുമത്തി.
പഞ്ചാബ് പൊലിസിലെ ഭീകരവിരുദ്ധ വിഭാഗം ജൂലൈ 17ന് ഹാഫിസിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയും 23 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ കോട്ട്‌ലാഖ്പത് ജയിലിലാണ് ഹാഫിസ്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനായി ധനശേഖരണം നടത്തിയതിന് ലാഹോര്‍, ഗുജ്‌റന്‍വാല, മുള്‍ത്താന്‍ എന്നിവിടങ്ങളില്‍ ഹാഫിസിനെതിരേ കേസെടുത്തിരുന്നു.
കടുത്ത അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് പാക് ഭരണകൂടം ലഷ്‌കറെ ത്വയ്യിബ, ജമാഅത്തുദ്ദഅ്‌വ, ചാരിറ്റി സംഘടനയായ ഫലാഹെ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്തി ഹാഫിസിനെ അറസ്റ്റ് ചെയ്തത്. ഭീകരതയ്ക്ക് പണം നല്‍കുന്നതും കള്ളപ്പണമൊഴുക്കും തടയുന്നതില്‍ പരാജയപ്പെട്ടതിനാല്‍ പാകിസ്താനെ എഫ്.എ.ടി.എഫ് ഗ്രേ പട്ടികയില്‍ പെടുത്തിയിരുന്നു.
നിരോധിത ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്യിബയുടെ സ്ഥാപകനേതാവാണ് ഹാഫിസ് സഈദ്. 2008ല്‍ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ലഷ്‌കറുമായി ദീര്‍ഘകാലമായി തനിക്ക് ബന്ധമില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
ആഗോള ഭീകരനായി യു.എസ് മുദ്രകുത്തിയ ഹാഫിസ് സഈദിനെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ യു.എസ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. കേസില്‍ വ്യാഴാഴ്ചയാണ് അടുത്ത വാദംകേള്‍ക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."