ജില്ലയിലെ സ്കൂളില്‍ മണിപ്പൂരി കുട്ടികളുടെ പ്രവേശനം; അന്വേഷണത്തിന് ഉത്തരവിട്ടു
എന്‍.എം കോയ പള്ളിക്കല്‍
ചേലേമ്പ്ര: കഴിഞ്ഞ സുബ്രതോ കപ്പ് മത്സരത്തില്‍ ജില്ലയിലെ ഇരിമ്പിളിയം എം.ഇ.എസ് സ്കൂളിന് വേണ്ടി മണിപ്പൂരി കുട്ടികളെ മത്സരത്തിനിറക്കി ജില്ല ചാംപ്യന്മാരായ സംഭവത്തില്‍ മണിപ്പൂരി കുട്ടികളുടെ പ്രവേശനത്തിന് മേല്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജില്ലാ സുബ്രതോ അണ്ടര്‍ 14 വിഭാഗം മത്സരത്തില്‍ ചേലേമ്പ്ര എന്‍.എ.എം.എച്ച്.എസ്.എസിനെതിരെ എം.ഇ.എസ് ഇരിമ്പിളിയം വിജയിച്ചിരുന്നു.
മത്സരത്തില്‍ മണിപ്പൂരി കുട്ടികളെ പങ്കെടുപ്പിച്ച് എം.ഇ.എസ് സ്കൂള്‍ ചാംപ്യന്മാരായതിനെതിരെ ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ് സ്കൂളാണ് കോടതിയെ സമീപിച്ചത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്കൂളില്‍ നേരിട്ടെത്തി അന്വേഷണം നടത്തി 20ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സ്കൂളില്‍ ആറ് മണിപ്പൂരി കുട്ടികളാണ് ജില്ലാതല സുബ്രതോയില്‍ കളിച്ചതായി പരാതിയുള്ളത്.
ഇവരുടെ രക്ഷിതാവായി ഒരു ഷരീഫ്ഖാന് എന്ന പേരാണ് പ്രവേശന രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇവരുടെ മേല്‍വിലാസം രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ല. സുബ്രതോയില്‍ കളിക്കുന്ന കുട്ടികള്‍ സ്കൂള്‍ തുറക്കുന്ന തിയതി മുതല്‍ സ്കൂളില്‍ ഉണ്ടാകണമെന്നും സുബ്രതോ നിയമം അനുശാസിക്കുന്നു. എന്നാല്‍ ജൂണ്‍ അവസാനമാണ് ഈ ആറ് കുട്ടികളും സ്കൂളില്‍ ചേര്‍ന്നതെന്നാണ് വിവരം.
പ്രായത്തില്‍ തിരിമറി കാണിച്ചും നിയമ വിരുദ്ധമായി മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളെ കൊണ്ടുവന്ന് കേരളത്തിലെ കുട്ടികളുടെ അവസരം നശിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ലോബികളെ കുറിച്ചും ഇതിന് സഹായം ചെയ്യുന്ന സ്കൂള്‍ അധികൃതരെകുറിച്ചും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ചേലേമ്പ്ര സ്കൂള്‍ പി.ടി.എ ആവശ്യപ്പെട്ടു.
സംസ്ഥാന കായിക മേളയില്‍ മണിപ്പൂരി കുട്ടികളെ വച്ച് സ്കൂള്‍ ഓവറോള്‍ നേടിയത് ഏറെ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇരിമ്പിളിയം എം.ഇ.എസ് സ്കൂളിലെ പ്രിന്‍സിപ്പലും പ്രധാനാധ്യാപകനും കൂടാതെ ടീമില്‍ കളിച്ച ആറ് മണിപ്പൂരി കുട്ടികളും കേസില്‍ കക്ഷികളാണ്. ചേലേമ്പ്ര സ്കൂളിനു വേണ്ടി അഡ്വ. ഹരീഷ് ആര് മേനോന് ആണ് കോടതിയില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."