ആര്‍ഭാടരഹിത കലോത്സവം തുടരാന്‍ ആലോചന
തിരുവനന്തപുരം: പ്രളയപശ്ചാത്തലത്തില്‍ ചെലവുചുരുക്കി നടത്തിയ ആലപ്പുഴ സ്‌കൂള്‍ കലോത്സവം ഭാവി കലോത്സവങ്ങള്‍ക്ക് മാതൃകയാവുന്നു. സമയലാഭത്തിലും സാമ്പത്തിക ചെലവിലും മറ്റുപല കാര്യങ്ങളിലും ആലപ്പുഴ കലോത്സവം മികച്ച മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. വരുംവര്‍ഷങ്ങളിലെ മേളകളും ആലപ്പുഴ മോഡലില്‍ ചെലവു കുറച്ച് നടത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്.
ഇത്തവണത്തെ കലോത്സവം ഒരു ആലപ്പുഴ മോഡല്‍ സൃഷ്ടിക്കുമെന്നാണ് നേരത്തെ തന്നെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം തൃശ്ശൂരില്‍ അഞ്ച് ദിവസങ്ങളിലായിട്ടാണ് കലാമേള നടന്നിരുന്നത്. അത് ഇക്കുറി മൂന്ന് ദിവസമായി ചുരുക്കി. ഉദ്ഘാടന സമാപന മാമാങ്കങ്ങള്‍ ഒഴിവാക്കിയതോടെ ഒരു ദിവസം ലാഭിക്കാനായി വേദികളുടെ എണ്ണം കൂട്ടിയാണ് ദിനങ്ങള്‍ വെട്ടിച്ചുരുക്കുന്നതു മൂലമുള്ള പ്രതിസന്ധിയെ മറികടന്നത്.
29 വേദികളിലായാണ് 180 ഓളം മത്സരയിനങ്ങള്‍ അരങ്ങേറിയത്. ഈ രീതി ഭാവിയിലും അനുകരിക്കാനാവുന്നതാണ്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളുടെ ഹാളുകള്‍ ഉപയോഗിച്ചാണ് ഇത്തവണ മേളകള്‍ നടത്തിയത്. അതുകൊണ്ടുതന്നെ പന്തല്‍ നിര്‍മാണത്തിന് മുന്‍വര്‍ഷങ്ങളില്‍ ചെലവായ ലക്ഷക്കണക്കിന് രൂപ ലാഭിക്കാനായി.
ഭക്ഷണം ഇക്കുറി അധ്യാപക സംഘടന സൗജന്യമായി വിതരണം ചെയ്തതോടെ അതിന്റെ ചെലവും ഒഴിവായി. 2.8 കോടി രൂപ കഴിഞ്ഞ വര്‍ഷം ചെലവാക്കിയ സമയത്ത് ഇക്കുറി വെറും 50 ലക്ഷംരൂപയുടെ ചെലവാണുണ്ടായത്. അതിലും പകുതിയോളം വിധികര്‍ത്താക്കളുടെയും ഉദ്യോഗസ്ഥന്‍മാരുടെയും താമസത്തിനും യാത്രാ ചെലവുകള്‍ക്കാണ് വിനിയോഗിച്ചത്. ഈ വര്‍ഷം മേള നടത്തിയതില്‍ നിന്നും വരും വര്‍ഷങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ മേള നടത്താനാവുമെന്ന പൊതു അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്.
പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന, സമാപന സമ്മേളനങ്ങളും ഇത്തവണ ഒഴിവാക്കിയിരുന്നു.
മാത്രമല്ല സംഘാടക സമിതിയിലെ വിവിധ കമ്മിറ്റികളുടെ എണ്ണവും വെട്ടിച്ചുരുക്കിയിരുന്നു. കലാമേള മാത്രമല്ല ശാസ്ത്രമേളയും കായികമേളയും ഇതുപോലെ ചുരുങ്ങിയ ചെലവില്‍ നടത്തിയത് അനുകരണീയ മാതൃകയാണ്. വരുംവര്‍ഷം കാസര്‍കോട് വച്ചു നടത്താനുദ്ദേശിക്കുന്ന മേളയും ആലപ്പുഴ മോഡലില്‍ ചെലവുചുരുക്കി നടത്താനാണ് ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."