ഇനി നമ്മള്‍ പിരിയുവതെങ്ങനെ?
#അന്‍സാര്‍ മുഹമ്മദ്
'ഇരു മെയ്യാണെങ്കിലും മനമൊന്നായി, തെരഞ്ഞെടുപ്പ് വരെയെങ്കിലും പിരിയാതെ'. സഭയില്‍ മധുവിധു ആഘോഷിക്കുന്ന പി.സി ജോര്‍ജും, ഒ.രാജഗോപാലുമായിരുന്നു ഇന്നലെ സഭയിലെ താരം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരം കിടക്കുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് വേണ്ടി രാജഗോപാലും, പി.സി ജോര്‍ജും, ഇതേ ആവശ്യം ഉന്നയിച്ച് സഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുന്ന യു.ഡി.എഫ് എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, ജയരാജ് എന്നിവര്‍ക്കായി പ്രതിപക്ഷവും സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇന്നലെ സഭയിലെത്തിയത്. രാവിലെ സഭ തുടങ്ങിയപ്പോള്‍ പ്രതിപക്ഷത്തിനെ കടത്തി വെട്ടി ചോദ്യോത്തര വേള ആരംഭിക്കുന്നതിനു മുന്‍പ് ബി.ജെ.പി അംഗം രാജഗോപാലും, കൂട്ടാളി പി.സി ജോര്‍ജും അടിയന്തര വിഷയവുമായി എണീറ്റു. ശബരിമലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന എ.എന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കണമെന്നായിരുന്നു ആവശ്യം. രാജഗോപാല്‍ സംസാരിച്ച് തുടങ്ങുന്നതിനിടയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബാനറും പ്ലാക്കാര്‍ഡുമായി നടുത്തളത്തിലെത്തി. ഇത് രണ്ട് വിഭാഗവും ഒരേ ആവശ്യത്തിന് വേണ്ടിയാണല്ലോ. പിന്നെ എന്തിന് രണ്ടു പ്രതിഷേധം. ഒറ്റ പ്രതിഷേധം പോരെയെന്ന് ഭരണ കക്ഷി അംഗങ്ങള്‍ വിളിച്ച് ചോദിച്ചു.
ശബരിമലയിലെ സ്ഥിതിഗതികള്‍ സാധാരണഗതിയിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒട്ടും താല്‍പര്യമില്ലെന്നും അവിടെ ഭക്തജനങ്ങള്‍ക്കുള്ള വിലക്കുകള്‍ തുടരുകയാണെന്നും ബഹളത്തിനിടിയില്‍ ഒ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.ശിവരാജനെയും എട്ട് അയ്യപ്പഭക്തരെയും അറസ്റ്റ് ചെയ്യ്തതായി രാജഗോപാല്‍ വിളിച്ചു പറഞ്ഞു. ഭക്തജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അങ്ങേയറ്റത്തെ അലംഭാവമാണ് സര്‍ക്കാരിന്റെ ഭാഗത്ത് ഇപ്പോഴും പ്രകടമാവുന്നത്. സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാര സത്യഗ്രഹം നടത്തുന്ന രാധാകൃഷണന്റെ ആരോഗ്യനില അങ്ങേയറ്റം ആശങ്കജനകമാണ്.ശബരിമല വിഷയം ഉന്നയിച്ച് തന്നെയാണ് യു.ഡി.എഫിലെ മൂന്ന് അംഗങ്ങള്‍ നിയമസഭാമന്ദിരത്തില്‍ കഴിഞ്ഞ ഏഴ് ദിവസമായി സത്യഗ്രഹം അനുഷ്ഠിക്കുന്നത്. സത്യഗ്രഹത്തിന് ഇടയാക്കിയ ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തെല്ലും താല്‍പര്യം പ്രകടിപ്പിക്കാത്ത ഇടത് മുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് ഞങ്ങള്‍ ഇറങ്ങിപോവുകയാണെന്നും രാജഗോപാല്‍ പറഞ്ഞു. പിന്നാലെ പി.സി ജോര്‍ജും രാജഗോപാലും സഭ വിട്ടു. അതുവരെ തണുത്ത പ്രതിപക്ഷ പ്രതിഷേധം ഉച്ചത്തിലായി. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി ബാനറും പ്ലാക്കാര്‍ഡും ഉയര്‍ത്തി മുദ്രാവാക്യം വിളി തുടങ്ങി. 'സ്പീക്കര്‍ സാര്‍ നീതിയെവിടെ, മുഖ്യമന്ത്രിയുടെ ഏകാധിപത്യം അവസാനിപ്പിക്കുക, ഇതിനു കൂട്ടു നില്‍ക്കുന്ന സ്പീക്കറും നീതി പാലിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. പിന്നാലെ സ്പീക്കര്‍ ചോദ്യോത്തര വേളയിലേയ്ക്ക് കടന്നു.
മന്ത്രി ജി.സുധാകരനാണ് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എണീറ്റത്. ദേശീയ പാതയ്ക്ക് സമാന്തരമായി കിഫ്ബി ഫണ്ടുപയോഗിച്ച് തീരദേശപാതയും മലയോര ഹൈവേയും നിര്‍മിക്കാനുള്ള പദ്ധതിയെ കുറിച്ച് ടി.വി രാജേഷിനായിരുന്നു ചോദ്യം. രാജേഷ് ചോദ്യം ചോദിച്ചെങ്കിലും അത് ബഹളത്തിനിടയില്‍ മുങ്ങി. ഇതേ തുടര്‍ന്ന് ബഹളം അവസാനിപ്പിക്കാന്‍ പ്രതിപക്ഷത്തിന് ബുദ്ധി ഉപദേശിച്ചു കൂടെയെന്നായി ടി.വി രാജേഷ്. എന്നാല്‍ പടച്ച തമ്പുരാന്‍ വിചാരിച്ചാലും ഇവര്‍ക്ക് ബുദ്ധി ഉപദേശിക്കാന്‍ കഴിയില്ലെന്ന് മന്ത്രി സുധാകരനും മറുപടി നല്‍കി. പിന്നീട് മന്ത്രി ചോദ്യത്തിന്റെ ഉത്തരങ്ങളിലേയ്ക്ക് കടന്നു. തീരദേശ ഹൈവേയ്ക്ക് നാറ്റ് പാര്‍ക്ക് തയാറാക്കി സമര്‍പ്പിച്ച അലൈമെന്റിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മലയോര ഹൈവേയുടെ നിര്‍മാണം 43 റീച്ചുകളിലായി ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച് 24 പദ്ധതികളുടെ ഡി.പി.ആര്‍ കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി ചോദ്യത്തിന് മറുപടി നല്‍കി.
ശബരിമലയില്‍ മണ്ഡലകാലത്ത് റോഡുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ അനുവദിച്ചിരുന്നുവെന്ന് മന്ത്രി സുധാകരന്‍ മറ്റൊരു ചോദ്യത്തിന് മറുപടി നല്‍കി. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കാണ് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. പിന്നാലെ വീണ്ടും പ്രതിപക്ഷം ബഹളം തുടങ്ങി. സ്പീക്കറുടെ ഡയസിനു മുന്നില്‍ നില്‍ക്കുന്നവര്‍ ബാനറുകൊണ്ട് സ്പീക്കറുടെ മുഖം മറച്ചു. പി.കെ ബഷീര്‍, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍ എന്നിവര്‍ ഡയസില്‍ വലിഞ്ഞു കയറാന്‍ ശ്രമിച്ചു. പിന്നാലെ മുദ്രാവാക്യത്തിന്റെ ശക്തിയും കൂടി. 'സമരം കണ്ടില്ലെന്ന് നടിക്കരുതേ എന്നായി മുദ്രാവാക്യം. ഇതിനിടയില്‍ സഭാ കവാടത്തില്‍ സത്യഗ്രഹം കിടക്കുന്ന എം.എല്‍.എമാരുടെ പേരെടുത്ത് അഭിവാദ്യം അര്‍പ്പിച്ചു. പ്രതിപക്ഷ എം.എല്‍.എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്നും നിരോധനാജ്ഞ പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ട് സഭ തുടങ്ങുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവ് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ നിരോധനാജ്ഞ പിന്‍വലിക്കാന്‍ കഴിയുമെന്ന് സ്പീക്കര്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയാത്തതോടെയാണ് സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോയത്.
കഥകളിയിലെ തിരശ്ശീല പോലെയാണ് പ്രതിപക്ഷം. തിരശ്ശീല മാറ്റി പ്രതിഷേധ കഥയും തുടരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. ഇങ്ങനെ സഭാ നടപടികള്‍ നടത്തികൊണ്ടു പോകാന്‍ കഴിയില്ല. ലോകം ഇത് കാണുകയാണെന്നായി സ്പീക്കര്‍. തുടര്‍ന്ന് 9.21ഓടെ ചോദ്യോത്തര വേള റദ്ദാക്കിയതായി സ്പീക്കര്‍ അറിയിച്ചു. പിന്നലെ പ്രതിപക്ഷത്തിന്റെ അടുത്ത മുദ്രാവാക്യം വിളി തുടങ്ങി. 'കസേര മറിച്ചിട്ടത് ഓര്‍മ്മയില്ലേ, കംപ്യൂട്ടര്‍ പൊളിച്ചത് ഓര്‍മ്മയില്ലേ, അതും ലോകം കണ്ടില്ലേ, സമരം ചെയ്യുന്ന സമാജികരെ ഇനിയും കണ്ടില്ലെന്ന് നടിക്കരുതേ 'എന്നായി പ്രതിപക്ഷം. തുടര്‍ന്ന് സ്പീക്കര്‍ മറ്റു നടപടികളിലേയ്ക്ക് കടന്നു. എ.പ്രദീപ്കുമാറിനോട് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ പ്രദീപ് കുമാര്‍ സ്പീക്കറുടെ ശബ്ദം കേട്ടില്ല. ക്ഷുഭിതനായ സ്പീക്കര്‍ സഭയില്‍ നടക്കുന്നത് കേള്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ ഇയര്‍ഫോണ്‍ വയ്ക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."