മോഡറേഷനില്‍ തിരിമറിയില്ലെന്ന് കേരള സര്‍വകലാശാല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മോഡറേഷന്‍ മാര്‍ക്ക് രേഖപ്പെടുത്തിയതിലുണ്ടായ അപാകതകളിലൂടെ തോറ്റ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ജയിച്ച സംഭവത്തില്‍ തിരിമറിയൊന്നും നടന്നിട്ടില്ലെന്ന് ബോധ്യമായതായി കേരള സര്‍വകലാശാല. വിവാദവുമായി ബന്ധപ്പെട്ട് പരീക്ഷാവിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി രജിസ്ട്രാര്‍ രേണുകയെ സസ്‌പെന്‍ഡ് ചെയ്ത നടപടി സര്‍വകലാശാല പിന്‍വലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം വൈസ് ചാന്‍സിലര്‍ പുറപ്പെടുവിച്ചു.
പരീക്ഷാ സോഫ്റ്റ് വെയറില്‍ സംഭവിച്ച സാങ്കേതിക തകരാറുകള്‍ മൂലമാണ് മോഡറേഷന്‍ മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ പിഴവ് സംഭവിച്ചതെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ വിദഗ്ധസമിതിയും ആഭ്യന്തരഅന്വേഷണക്കമ്മിറ്റിയും കണ്ടെത്തിയിരുന്നുവെന്നും ഇതിന്റെയടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി പിന്‍വലിച്ചതെന്നും സര്‍വകലാശാല വിശദീകരിക്കുന്നു.
അപാകതകളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വിദ്യാര്‍ഥികളില്‍നിന്ന് തെളിവെടുപ്പും നടത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടനയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി സര്‍വകലാശാല പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
മോഡറേഷനിലുണ്ടായ മാര്‍ക്ക് വ്യതിയാനം പരിശോധിച്ച് പുതിയ മാര്‍ക്ക് ലിസ്റ്റുകള്‍ ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. പരീക്ഷാ സോഫ്റ്റ്‌വെയര്‍ കുറ്റമറ്റരീതിയില്‍ നവീകരിക്കുന്നതിനായി സിഡാകിന്റെ സഹായത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും സര്‍വകലാശാല വ്യക്തമാക്കി.
കേരള സര്‍വകലാശാല 2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെ നടത്തിയ ബി.ബി.എ, ബി.സിഎ, ബി.കോം ഹോട്ടല്‍ മാനേജ്‌മെന്റ് സ്ട്രീമുകളിലെ 12 പരീക്ഷകളിലാണ് മോഡറേഷന്‍ മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ അപാകതകളുണ്ടായത്.
മോഡറേഷനായി 76 മാര്‍ക്ക് നല്‍കേണ്ടിടത്ത് 132 മാര്‍ക്ക് രേഖപ്പെടുത്തുകയായിരുന്നു.
അസ്വാഭാവിക വിജയത്തില്‍ സംശയംതോന്നി വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ വന്നു അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."