തലതാഴ്ത്താം കേരളമേ, എന്‍ഡോസള്‍ഫാന്‍ ഇരകളിതാ വീണ്ടും തെരുവില്‍..!
അജേഷ് ചന്ദ്രന്‍
തിരുവനന്തപുരം: ബാക്കിയെല്ലാം വിഷമെടുത്ത് കൊണ്ടുപോയപ്പോള്‍ അവരില്‍ അവശേഷിപ്പിച്ചത് ജീവന്റെ ചെറുചലനങ്ങള്‍ മാത്രം. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള 'പരീക്ഷണ'ങ്ങള്‍ അവസാനിക്കുന്നില്ല. സര്‍വവും നഷ്ടപ്പെട്ട് രോഗത്തോട് മല്ലടിക്കുന്നവര്‍ക്ക് നീതി കൂടി നിഷേധിക്കപ്പെടുകയാണ്. നമുക്ക് ലജ്ജിച്ച് തലതാഴ്ത്താം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നീതിക്കായി ഇതാ വീണ്ടും തെരുവിലാണ്.
മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും അഞ്ചുലക്ഷം രൂപ നല്‍കണമെന്ന സുപ്രിംകോടതി വിധി ഇതുവരെ നടപ്പായില്ല. ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍ തീരുമാനവും പാതിവഴിയിലാണ്. ഇത്തരത്തിലുള്ള സര്‍ക്കാര്‍ വാഗ്ദാന ലംഘനത്തെ തുടര്‍ന്ന് പ്രതിഷേധ സമരവുമായി ഭരണസിരാകേന്ദ്രത്തിന് മുന്നിലെത്തിയതാണവര്‍. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉള്‍പ്പെടെ 200ഓളം ദുരിതബാധിതരാണ് ഇന്നലെ പ്രതിഷേധസമരത്തിനെത്തിയത്. വിവിധ പ്രായങ്ങളിലുള്ള രോഗബാധിതരായ കുട്ടികളെ എടുത്തുകൊണ്ടാണ് അമ്മമാര്‍ പ്രതിഷേധിച്ചത്. വര്‍ഷങ്ങളായി അനുഭവിക്കുന്ന അവഗണനകള്‍ അവരുടെ കണ്ണുകളില്‍ തെളിഞ്ഞിരുന്നു.
ഇത്രയേറെ ദുരിതമനുഭവിച്ചിട്ടും അവരില്‍ പലരും എന്‍ഡോസള്‍ഫാന്‍ ഇരകളെല്ലെന്നതാണ് അധികൃതരുടെ കണ്ടെത്തല്‍. ഇരകള്‍ക്കുള്ള ആനുകൂല്യം നല്‍കാതിരിക്കാനുള്ള എളുപ്പവഴിയാണിതെന്ന് എല്ലാവര്‍ക്കും അറിയാം. അധികാരികളുടെ മനോഭാവം ഉടന്‍ മാറില്ലെന്നും അവര്‍ക്കറിയാം. എങ്കിലും തങ്ങളുടെ മക്കള്‍ക്ക് ജീവന്‍ ബാക്കിവച്ചതുപോലുള്ള ഒരു പ്രതീക്ഷയുടെ മിന്നലാട്ടം ആ അമ്മമാരില്‍ ബാക്കിനില്‍പ്പുണ്ട്.
പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ നേതൃത്വത്തിലാണ് അവര്‍ സമരത്തിനെത്തിയത്. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രത്യേക മെഡിക്കല്‍ ക്യാംപില്‍ നിന്നും കണ്ടെത്തിയ 2000ഓളം വരുന്ന അര്‍ഹരായ ദുരിതബാധിതരെ പട്ടികയില്‍പ്പെടുത്തി സൗജന്യ ചികിത്സയും മറ്റു സൗകര്യങ്ങളും നല്‍കുക, ഒഴിവാക്കിയ 610 പേര്‍ക്കും സഹായങ്ങള്‍ നല്‍കുക, സുപ്രിംകോടതി മുഴുവന്‍ ദുരിതബാധിതര്‍ക്കും നല്‍കാന്‍ ആവശ്യപ്പെട്ട 5 ലക്ഷം രൂപയടക്കം ആജീവനാന്ത ചികിത്സ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം 26 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്താനാണ് ഇവരുടെ തീരുമാനം. രാവിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിയ ഇവര്‍ നിയമസഭാ മാര്‍ച്ചും നടത്തി.
നിയമസഭാ മാര്‍ച്ചിനു ശേഷം സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന സത്യഗ്രഹം കൂടംകുളം സമരസമിതി നേതാവ് ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവര്‍ത്തക ദയാബായി പ്രസംഗിച്ചു. ഏകാംഗ നാടകം, പാട്ട് തുടങ്ങിയ കലാപരിപാടികള്‍ നടക്കുന്നതിനിടയില്‍ ബി.ജെ.പി പ്രകടനം എത്തി. സംഘര്‍ഷാവസ്ഥയായി. ഇതോടെ കുട്ടികളുമായി ഇവര്‍ സ്റ്റാച്യുവിലെ താമസ സ്ഥലത്തേക്കും വൈകിട്ടു കാസര്‍കോട്ടേക്കും മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."