പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി പരാതി; കേരളത്തില്‍ വ്യവസായം നിര്‍ത്താനൊരുങ്ങി യുവസംരഭകന്
പടിഞ്ഞാറങ്ങാടി: രഹ്ന ഹോംസ് ആന്‍ഡ് ഡവലപ്പേഴ്സ് ഉടമ പേരമംഗലം സ്വദേശി സക്കീര്‍ ഹുസൈന് പാര്‍ട്ടി ഭീഷണിമൂലം വ്യവസായം അവസാനിപ്പിക്കാനൊരുങ്ങുന്നു. തൃശൂര്‍, കൊച്ചി, പാലക്കാട് ജില്ലകളില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്കുന്ന സക്കീര്‍ ഹുസൈനിന്റെ പാലക്കാട് പ്രൊജക്ടാണ് സി.പി.എം പ്രാദേശിക നേതൃത്വം ഇടപെട്ട് തടഞ്ഞത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ ചികിത്സാ കേന്ദ്രവും, ഫാം ടൂറിസവും ആരംഭിക്കുന്നതിനായി തൃത്താല - പടിഞ്ഞാറങ്ങാടി ദേശിയ പാതക്കരികില്‍ എട്ട് ഏക്കര്‍ സ്ഥലം സക്കീര്‍ ഹുസൈന് വാങ്ങിയിരുന്നു. സ്ഥലം വാങ്ങിയ അന്ന് മുതല്‍ സി.പി.എം പ്രാദേശിക നേതൃത്വം പല കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഭീഷണി ആരംഭിച്ചതായി സക്കീര്‍ ഹുസൈന് പറയുന്നു. പണം നല്‍കിയില്ലെങ്കില്‍ നിന്റെ പ്രൊജക്ട് ഞങ്ങള്‍ തകര്‍ക്കുകയും, ഒരു ഇഷ്ടിക പോലും ഇറക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ലെന്നും പട്ടിത്തറ പഞ്ചായത്തില്‍ ഞങ്ങള്‍ക്കാണ് ഭരണം അത് കൊണ്ട് നിങ്ങളെ ഞങ്ങള്‍ തകര്‍ക്കുമെന്നും സി.പി.എം ഭീഷണിപ്പെടുത്തിയതായി സക്കീര്‍ ഹുസൈന് പറഞ്ഞു.
പണം കൊടുക്കുന്ന സമയത്ത് അവര്‍ എതിര്‍പ്പുകളൊന്നും പ്രകടിപ്പിക്കുകയില്ലെന്നും, കൊടുക്കാതിരിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ ഞാന്‍ സാമ്പത്തികമായി പിന്നിലാണെന്നും, പിന്നീട് നല്‍കാമെന്ന് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ലെന്നും അവരുടെ ഭീഷണിക്ക് വഴങ്ങാത്തത് കാരണമാണ് പി.ഡബ്ല്യു.ഡി അനുമതി പ്രകാരം സൗന്ദര്യവത്കരണാര്ഥം പാതയോരത്ത് പ്രൊജക്ടിന്റെ മുന്‍വശത്ത് നട്ട് പിടിപ്പിച്ച ചെടികളും, പുല്ലുകളും, മരങ്ങളും മറ്റും നഷിപ്പിച്ച് അവരുടെ കൊടി നാട്ടിയതെന്നും സക്കീര്‍ ഹുസൈന് പറഞ്ഞു.
ഇവരുടെ ഭീഷണി നേരിടാനുള്ള മനഃക്കരുത്ത് എനിക്കില്ലെന്നും ഇതു കാരണമായി കേരളത്തിലെ എല്ലാ വ്യവസായങ്ങളും അവസാനിപ്പിക്കുകയാണെന്നും നൂറ് കോടി കണക്കാക്കിയ ഈ പ്രൊജക്ടിന് വേണ്ടി ഇരുപത് കോടി ഇറക്കിയിട്ടുണ്ടെന്നും ഇനി പണം ഇറക്കുകയില്ലെന്നും, തമിഴ്നാട്ടിലേക്കോ മറ്റേതെങ്കിലും സംസ്ഥാനത്തിലേക്കോ എന്റെ പ്രൊജക്ടുകള്‍ കൊണ്ടു പോവുകയാണെന്നും സക്കീര്‍ ഹുസൈന് പറഞ്ഞു.
യുവവ്യവസായ സംരഭകര്‍ക്കുള്ള നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തി കൂടിയാണ് സക്കീര്‍ ഹുസൈന്. കേരളത്തിലെ വ്യവസായങ്ങള്‍ക്ക് രക്ഷയില്ലെന്ന വ്യവസായികളുടെ വാദത്തിലെ അവസാനത്തെ ഉദാഹരണമാവുകയാണ് ഈ ചെറുപ്പക്കാരന്.
വര്‍ഷങ്ങളോളമായി പഞ്ചായത്ത് ഭരണം കയ്യാളുന്ന സി.പി.എം രണ്ടു വര്‍ഷക്കാലമായി നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉന്നയിക്കാതിരിക്കുകയും, ഇപ്പോള്‍ ഉന്നയിക്കുകയും ചെയ്യുന്നത് സക്കീര്‍ ഹുസൈനിന്റെ ആരോപണത്തേയും, ഉടമയുടെ കയ്യില്‍ നിന്നും ആരൊക്കെയോ പണം പറ്റുന്നുണ്ടെന്നും തുടര്‍ന്നും കിട്ടാതെ വരികയും ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് എന്ന പൊതുജനങ്ങളുടെ ആരോപണത്തേയും ബലപ്പെടുത്തുന്നതാണ്. സ്ഥലം കയ്യേറിയാലും ഇല്ലെങ്കിലും ആരും തിരിഞ്ഞ് നോക്കാത്ത കാട് മൂടിക്കിടന്നിരുന്ന ഈ പാതയോരം ഈ പ്രൊജക്ടിന് തുടക്കം കുറിച്ചതോടെയാണ് പച്ചപ്പണിഞ്ഞത്. ആ സൗന്ദര്യമാണ് ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."