ജനറല്‍ ആശുപത്രിക്കും വേണം വിദഗ്ധ ചികിത്സ
കാസര്‍കോട്: ജനറല്‍ ആശുപത്രിക്കും വേണം വിദഗ്ധ ചികിത്സ. എന്നാല്‍ ഇതിന് ആര് പരിഹാരം കാണുമെന്ന രോഗികളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അധികൃതര്‍ക്കാവുന്നില്ല. പഴയ കാസര്‍ക്കോട് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ആശുപത്രിയില്‍ ജീവനക്കാരും, രോഗികളും അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിയില്ല. ഏഴുനിലയുള്ള ജനറല്‍ ആശുപത്രി കെട്ടിടം നിര്‍മിച്ചു കഴിഞ്ഞതിനു ശേഷമാണ് അധികൃതര്‍ക്ക് ഇത് ആശുപത്രി കെട്ടിടമാണെന്ന ബോധമുണ്ടായത്. അത്യാസന്ന നിലയിലുള്ള രോഗികളെ സ്‌ട്രെക്ച്ചറിലോ, വീല്‍ ചെയറിലോ മുകള്‍ നിലയിലേക്ക് കൊണ്ട് പോകണമെങ്കില്‍ റാമ്പ് വേണം. എന്നാല്‍ കെട്ടിടത്തിന്റെ പ്ലാന്‍ തയാറാക്കിയ എന്‍ജിനീയര്‍ക്കു പറ്റിയ പിഴവോ, നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്കോ ആശുപത്രിയില്‍ റാമ്പ് വേണമെന്ന ബോധം ഇല്ലാതെ വന്നതോടെ ഇത് ആശുപത്രിക്കു അന്യമായി. ഇതേ തുടര്‍ന്ന് കെട്ടിടത്തിലുള്ള ചവിട്ടുപടി മാത്രമായി ആശുപത്രിയിലെത്തുന്ന ആളുകള്‍ക്ക് ആശ്രയം. റാമ്പില്ലാത്ത സംഭവവുമായി ഒട്ടനവധി നിവേദനകളും മറ്റും ഉന്നത തലങ്ങളില്‍ അയക്കുകയും മാറിമാറിവന്ന ഭരണാധികാരികള്‍ക്കും വകുപ്പ് മന്ത്രിക്കും പലരും നല്‍കിയെങ്കിലും ഇവ പരിഗണിക്കാന്‍ അധികൃതര്‍ തയാറായില്ല. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ എത്തുന്ന രോഗികളെ മുകള്‍ നിലയിലെ വാര്‍ഡ്, ഐ.സി.യു, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിയവയിലേക്കു ചുമന്നുകൊണ്ട് പോകേണ്ട അവസ്ഥയാണ് നിലവില്‍. ആശുപത്രിയില്‍ സ്ഥാപിച്ച ലിഫ്റ്റ് വര്‍ഷത്തില്‍ പത്തു മാസവും കേടായി കിടക്കുന്നതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ഏതെങ്കിലും രോഗികളുടെ അടുത്ത് ഡോക്ടര്‍മാര്‍ക്കോ, ജീവനക്കാര്‍ക്കോ, രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കോ ഓടിയെത്തണമെങ്കില്‍ താഴത്തെ നിലയില്‍ നിന്നും ഏഴാം നില വരെയുള്ള സ്ഥലങ്ങളിലേക്ക് ചവിട്ടുപടി താണ്ടേണ്ട അവസ്ഥയും ഇവരെ വല്ലാതെ തളര്‍ത്തുന്നുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റായ ശേഷം മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മുകള്‍ നിലയിലെ വാര്‍ഡുകളില്‍ നിന്നും താഴത്തെ നിലയിലെത്തിക്കാന്‍ രോഗികളുടെ ബന്ധുക്കളും ആശുപത്രി ജീവനക്കാരും അനുഭവിക്കുന്ന പ്രയാസങ്ങളും ചെറുതല്ല. അടിക്കടി പണിമുടക്കുന്ന ലിഫ്റ്റ് നന്നാക്കണമെങ്കില്‍ ആശുപത്രി സൂപ്രണ്ട് ഒട്ടനവധി കടമ്പകള്‍ കടക്കണം. ലിഫ്റ്റ് കേടായാല്‍ ഇത് സ്ഥാപിച്ച കമ്പനിയുടെ ടെക്‌നീഷ്യന്മാര്‍ക്കു രേഖാപരമായി വിവരം അറിയിച്ചു തുടര്‍നടപടികളും സ്വീകരിച്ചാല്‍ മാത്രമേ നന്നാക്കാന്‍ ആളെത്തുകയുള്ളൂ. ഇതിനു ഏകദേശം ഒരുമാസത്തോളം സമയമെടുക്കുന്നുവെന്നതാണ് മറ്റൊരു കാര്യം. ടെക്‌നീഷ്യന്‍ വന്നു ലിഫ്റ്റ് പരിശോധിച്ച ശേഷം വല്ല സ്‌പെയര്‍ പാര്‍ട്‌സുകളും മാറ്റേണ്ടി വരുകയാണെങ്കില്‍ ഇത് വാങ്ങി വരാമെന്നു പറഞ്ഞു പോവുകയും ആഴ്ചകള്‍ക്കു ശേഷം സാധനങ്ങളുമായി വന്നു ലിഫ്റ്റ് നന്നാക്കുകയുമാണ് പതിവ്. ജില്ലാ ആസ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിലെ എയര്‍ കണ്ടീഷന്‍ കേടായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇവയും നന്നാക്കിയിട്ടില്ലെന്ന പരാതിയും രോഗികള്‍ക്കിടയിലുണ്ട്.
ആശുപത്രിയില്‍ വച്ച് മരിച്ച ഒട്ടനവധി ആളുകളുടെ മൃതദേഹങ്ങള്‍ ആറും, ഏഴും നിലകളില്‍ നിന്നും താഴേക്കിറക്കാന്‍ മരിച്ചവരുടെ ബന്ധുക്കളും, ജീവനക്കാരും ചവിട്ടുപടിയില്‍ അതിസാഹസം തന്നെ നേരിടേണ്ടി വരുന്നു. വര്‍ഷങ്ങള്‍ പിന്നിടുന്തോറും ദുരിത പര്‍വ്വം കൂടിക്കൂടി വരുന്ന ആശുപത്രിക്കു അടിയന്തിര ചികിത്സ വേണമെന്ന ആവശ്യമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്.
രണ്ടു മാസം മുന്‍പ് നന്നാക്കിയ ലിഫ്റ്റ് കേടായിട്ട് ഇപ്പോള്‍ രണ്ടുവാരം പിന്നിട്ടു. ഇതിനിടയില്‍ ആശുപത്രിയില്‍ വച്ച് മരിച്ചവരുടെ മൃതദേഹങ്ങളെയും അത്യാസന്ന നിലയിലുള്ള രോഗികളെയും വീണ്ടും ചുമന്നു കൊണ്ട് പോകേണ്ട ഗതികേടിലാണ് ആശുപത്രി ജീവനക്കാരും രോഗികളുടെ ബന്ധുക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."