പൊതുവിതരണ വകുപ്പിനെതിരെ സമരം നയിച്ച് സി.പി.എം പഞ്ചായത്ത് അംഗം
മുഹമ്മ: സി.പി.ഐയുടെ മന്ത്രി പി തിലോത്തമന് ഭരിക്കുന്ന പൊതുവിതരണ വകുപ്പിനെതിരെ സമരം നയിച്ച് സി പി എം പഞ്ചായത്ത് അംഗം.
മുഹമ്മ പഞ്ചായത്തിനെ കാല് നൂറ്റാണ്ടിലധികം കാലം നയിച്ച പ്രസിഡന്റും മുതിര്‍ന്ന സി പി എം നേതാവുമായ സി കെ ഭാസ്ക്കരന്റെ മകനും നിലവില്‍ പഞ്ചായത്ത് അംഗവുമായ സി ബി ഷാജികുമാറാണ് പൊതുവിതരണ വകുപ്പിനെതിരെ സമരത്തിന് നേതൃത്വം നല്‍കുന്നത്.
ഓള് കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഷാജികുമാര്‍ റേഷന്‍ വ്യാപാരികള്‍ക്ക് അടിസ്ഥാന വേതനം നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരരംഗത്തുള്ളത്. അസോസിയേഷന് അമ്പലപ്പുഴ താലൂക്ക് കമ്മറ്റി നേതൃത്വത്തില്‍ ഇന്നലെ റേഷന്‍ വ്യാപാരികള്‍ പണിമുടക്കി ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി.
യു.എന്‍ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ സര്‍വേ റിപ്പോര്‍ട്ടില്‍ കമ്മീഷന് ഒഴിവാക്കി വേതനം നല്‍കണമെന്ന ശുപാര്‍ശ നടപ്പാക്കണമെന്നും ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. തുച്ഛമായ കമ്മീഷന് ലഭിക്കുന്നതിനാലാണ് വ്യാപാരികള്‍ റേഷന്‍ സാധനങ്ങള്‍ മറിച്ചുവില്ക്കുന്നതെന്നും പോലീസിന്റെ കട പരിശോധന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുവിതരണ വകുപ്പിനെതിരെ സമരം ആരംഭിച്ചിരിക്കുന്നത്.
റേഷനരി മറിച്ചുവിറ്റതിന് മണ്ണഞ്ചേരിയില്‍ അടുത്തിടെയാണ് റേഷന്‍ വ്യാപാരിയെ പോലീസ് പിടികൂടിയത്. ഇതിലും പ്രതിഷേധിച്ചാണ് അസോസിയേഷന്റെ സമരം. മിനി സിവില്‍ സ് റ്റേഷന് മാര്‍ച്ചിനു ശേഷം നടന്ന ധര്‍ണ്ണ സി ബി ഷാജികുമാറാണ് ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."