പരമേശ്വരന്റേയും കുമാരിയുടേയും സ്വപ്നത്തിന് ഇനി 'ലൈഫ്'
പാലക്കാട്: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പൂര്‍ത്തിയായ വീട്ടില്‍ കാലെടുത്ത്‌വെച്ച നിമിഷം പരമേശ്വരന്റെയും കുമാരിയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളിലൊന്നായി. ഏതൊരു സാധാരണക്കാരേയും പോലെ സ്വന്തം വീടെന്ന സ്വപ്നം സഫലമായതിനാല്‍ മാത്രമല്ല, ഒരുപക്ഷേ ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന സ്വപ്നം യാഥാര്‍ഥ്യമായതിനാലാണിത്. തേങ്കുറിശ്ശി പഞ്ചായത്തിലെ പട്ടിമാര്‍ത്തറ ഒന്നാംവാര്‍ഡ് സ്വദേശി കുമാരി കഴിഞ്ഞ അഞ്ചു വര്‍ഷമായി കാന്‍സര്‍ ബാധിതയായി ചികിത്സയിലാണ്. ഭര്‍ത്താവ് പരമേശ്വരന്‍ കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലായിരുന്നു കുമാരിയുടെ ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവുമെല്ലാം നടന്നിരുന്നത്. സ്വന്തമായി കുറച്ച് ഭൂമിയുണ്ടായിരുന്നെങ്കിലും ഒരു പുതിയ വീട് നിര്‍മിക്കുക എന്നത് അവരുടെ ചിന്തകള്‍ക്കതീതമായിരുന്നു.
തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീടിനായി അപേക്ഷ നല്‍കിയത്. സ്വന്തമായി ഭൂമിയുണ്ടായിരുന്നതിനാല്‍ പഞ്ചായത്തില്‍ നിന്ന് ഇവരുടെ അപേക്ഷ ഉടന്‍ പരിഗണിച്ച് സഹായം ലഭ്യമാക്കി. എന്നാല്‍ കുമാരിയുടെ ചികിത്സയ്ക്കായി ധാരാളം പണം ആവശ്യം വരികയും വീട് നിര്‍മാണം നിര്‍ത്തേണ്ടി വരുമെന്ന സാഹചര്യമുണ്ടായപ്പോള്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ കാര്യക്ഷമമായ ഇടപെടലിലൂടെ പ്രതിസന്ധി തരണം ചെയ്തു. വീട് നിര്‍മാണത്തിനാവശ്യമായ ധനസഹായവും മറ്റു സഹായങ്ങളും യഥാസമയത്ത് എത്തിച്ച് മൂന്നു മാസത്തിനുള്ളില്‍ വീടുപണി പൂര്‍ത്തിയാക്കി താമസമാരംഭിക്കുകയും ചെയ്തു. 400 സ്‌ക്വയര്‍ഫീറ്റില്‍ രണ്ട് മുറികള്‍, ഹാള്‍, അടുക്കള, ടോയ്‌ലറ്റ് എന്നിവ ഉള്‍പ്പെടുന്ന വീടിന്റെ താക്കോല്‍ തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഇന്ദിര ഇരുവര്‍ക്കും കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."