യമനില്‍ അല്‍ഖാഇദ ചാവേര്‍ ആക്രമണം; ആറു സൈനികര്‍ കൊല്ലപ്പെട്ടു
റിയാദ്: സഊദി അറേബ്യയുടെ നേതൃത്വത്തില്‍ വിമതര്‍ക്കെതിരെ യമനില്‍ യുദ്ധത്തിലേര്‍പ്പെട്ട സൈനികര്‍ക്കെതിരെ അല്‍ഖാഇദ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ആറുസൈനികര്‍ കൊല്ലപ്പെട്ടു. തെക്കന്‍ യമനില്‍ ബുധനാഴ്ച അല്‍ഖാഇദ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ സഖ്യസേനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് യമന്‍ സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
യമനിലെ ശബ്വ പ്രവിശ്യയില്‍ അടുത്തിടെ നിര്‍മിച്ച സൈനിക കേന്ദ്രകവാടത്തിനരികില് വാഹനത്തില്‍ എത്തിയ ചാവേറാണു പൊട്ടിത്തെറിച്ചതെന്നു സൈനിക ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ആക്രമണത്തില്‍ രണ്ടണ്ടു സൈനിക കവചിത വാഹനങ്ങള്‍ തകരുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചില സൈനികരെ അല്‍ഖാഇദ ഭീകരര്‍ ബലം പ്രയോഗിച്ചു കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. യു.എ.ഇ സൈന്യത്തിലെ എലൈറ്റ് യൂനിറ്റിലെ അംഗങ്ങളാണ് ആക്രമണത്തിനിരയായത്.
യമനിലെ അടുത്തിടെ അല്‍ഖാഇദ പ്രവര്‍ത്തനം ശക്തിപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഔദ്യോഗിക സര്ക്കാരിനനുവേണ്ടി പ്രവര്‍ത്തിക്കുന്ന സഖ്യസൈന്യം വിമതവിഭാഗമായ ഹൂതികളില്‍നിന്ന് യമന്‍ മോചിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആരംഭിച്ചിട്ടു മൂന്നുവര്ഷമാകാനായിട്ടും വിജയം കാണാത്ത അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."