പൊന്നാനി കോടതി കെട്ടിട സമുച്ചയ സംരക്ഷണ പദ്ധതിക്ക് തുടക്കം
പൊന്നാനി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൊന്നാനി കോടതി കെട്ടിട സമുച്ചയ സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഡോക്യുമെന്റേഷന്‍ പ്രവൃത്തികള്‍ ആരംഭിച്ചു. ഒരു നൂറ്റാണ്ടിലേറെക്കാലം പഴക്കമുള്ള പൊന്നാനി കോടതി കെട്ടിടത്തിന്റെ പഴയകാല തനിമയും പ്രൗഡിയും നിലനിര്‍ത്തി കൊണ്ടുള്ള സംരക്ഷണ പ്രവൃത്തികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് ആര്‍ക്കിടെക്ച്ചറല്‍ വിംഗിന്റെയും പി.ഡബ്ലിയു.ഡി.കെട്ടിട വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് ഡോക്യുമെന്റേഷന്‍ പ്രവൃത്തികള്‍ നടക്കുന്നത്.
പൈതൃക സംരക്ഷണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടു തന്നെ കെട്ടിടത്തിന്റെ കാലപ്പഴക്ക നിര്‍ണയവും ബലക്ഷയം സംഭവിച്ച ഭാഗങ്ങള്‍ കണ്ടെത്തുകയും ആവശ്യമായ മാറ്റങ്ങള്‍ തിട്ടപ്പെടുത്തുകയും ചെയ്യുന്ന പ്രാരംഭ നടപടികള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. നിലവിലെ കെട്ടിടത്തിന്റെ അടിത്തറ ഉള്‍പ്പെടെയുള്ളവയ്ക്ക് കാര്യമായ ബലക്ഷയം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇതിനാല്‍ കാലപ്പഴക്കം മൂലം ചുമരുകളില്‍ ചിലയിടത്ത് സംഭവിച്ച കേടുപാടുകള്‍ പഴയ രീതിയില്‍ തന്നെ കുമ്മായം ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് തീര്‍ക്കുകയും മേല്‍ക്കൂരയിലെ തകര്‍ന്ന ഓടുകള്‍ മാറ്റി സ്ഥാപിക്കുകയും മേല്‍ക്കൂരയിലെ ദ്രവിച്ച മരകഷ്ണങ്ങളുടെ അറ്റകുറ്റപണികള്‍ നടത്താനുമാണ് ആലോചിക്കുന്നത്.
കൂടാതെ കെട്ടിടത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ പൊളിച്ചുനീക്കി പഴയ കെട്ടിടത്തെ തനത് ശൈലിയില്‍ തന്നെ പുനര്‍നിര്‍മ്മിക്കുകയും ചെയ്യും. പൊന്നാനിയുടെ പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച കോടതി സമുച്ചയവും പഴയകാലത്തിന്റെ തനിമ നിലനിര്‍ത്തി കൊണ്ടു തന്നെ സംരക്ഷിക്കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്. പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് ഒരു മാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും. തുടര്‍ന്ന് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനം കൈകൊള്ളും.
പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ നിലവില്‍ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടി വരും. കോടതി കെട്ടിട സംരക്ഷണവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പി.ഡബ്യു.ഡി. ചീഫ് ആര്‍ക്കിടെക്ടിന് നല്‍കിയ കത്തിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.പി.ഡബ്യു.ഡി ആര്‍ക്കിടെക്റ്റ് എ. ജോസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന് പുറമെ പി.ഡബ്യു.ഡി കെട്ടിട വിഭാഗം പരപ്പനങ്ങാടി അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി.കെ ധന്യ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം പൊന്നാനി അസി.എന്‍ജിനീയര്‍ ആന്റോ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഡോക്യുമെന്റേഷന്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."