ഭീതിയൊഴിയാതെ യാത്രക്കാര്‍; മഴ വകവയ്ക്കാതെ സുരക്ഷാ വിഭാഗം; വിമാനം നിയന്ത്രിച്ചുനിര്‍ത്തി വൈമാനികന്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ സ്‌പെയ്‌സ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറിയ സംഭവം വിമാനത്താവളത്തില്‍ ഭീതിയും ആശങ്കയും പരത്തി. ഇന്നലെ രാവിലെ എട്ടിനാണ് യാത്രക്കാരെയും അധികൃതരെയും ഭീതിയിലാക്കിയ അപകടം സംഭവിച്ചത്.
ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി റണ്‍വേയില്‍നിന്നു പുറത്തേക്കു നീങ്ങുകയായിരുന്നു. വന്‍ അപകടത്തില്‍നിന്നു വൈമാനികന്‍ വിമാനം നിയന്ത്രിച്ചു റണ്‍വേ ഏപ്രണില്‍ സുരക്ഷിതമായി എത്തിച്ചെങ്കിലും വിമാനത്താവള പ്രവര്‍ത്തനത്തെയും യാത്രക്കാരെയും ഇത് ഏറെ ബാധിച്ചു. കനത്ത മഴ വകവയ്ക്കാതെ അഗ്നിശമനസേനയും സുരക്ഷാ സേനയും അതോറിറ്റിയും ഒരുമിച്ചു പ്രവര്‍ത്തിച്ചതുകാരണമാണ് പ്രശ്‌നങ്ങള്‍ വഷളാകാതിരുന്നത്.
68 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം കുലുങ്ങുന്നതായും വശത്തേക്കു ചെരിയുന്നതായും തോന്നിയതോടെ യാത്രക്കാര്‍ പലരും നിലവിളിച്ചു. പിന്നീട് വിമാന ജീവനക്കാര്‍ യാത്രക്കാരോടു ഭയപ്പെടേണ്ടതില്ലെന്നു പറഞ്ഞെങ്കിലും വിമാനത്തില്‍നിന്നു പുറത്തിറങ്ങിയതോടെയാണ് പലര്‍ക്കും ശ്വാസം നേരെവീണത്.
കനത്ത മഴയില്‍ മഞ്ഞു മൂടിയതിനാല്‍ കാലാവസ്ഥയും പ്രതികൂലമായിരുന്നു.
ഗള്‍ഫില്‍നിന്നുള്ള വിമാനങ്ങള്‍ ഒന്നിച്ചെത്തുന്ന സമയത്താണ് സ്‌പെയ്‌സ് ജെറ്റ് വിമാനം അപകടത്തില്‍പെട്ടത്. ഈ സമയം എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കറ്റ്, ഇത്തിഹാദ് എയറിന്റെ അബുദാബി, എയര്‍ഇന്ത്യയുടെ മുംബൈ വിമാനങ്ങള്‍ ലാന്‍ഡിങ്ങിനായി വിമാനത്താവളത്തിനു മുകളിലെത്തിയിരുന്നു. അപകടത്തെ തുടര്‍ന്നു റണ്‍വേ താല്‍ക്കാലികമായി അടക്കേണ്ടതിനാല്‍ ഇവ കൊച്ചിയിലേക്കു തിരിച്ചുവിടുകയായിരുന്നു. ദുബൈയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനവും 20 മിനിറ്റ് വൈകി.
വിമാനങ്ങളുടെ താളംതെറ്റല്‍ യാത്രക്കാരെയും ഇവരെ കാത്തുനിന്നവരെയും ഈ വിമാനങ്ങളില്‍ ഗള്‍ഫിലേക്കു പോകാനെത്തിയവരെയും വലച്ചു. അപകടം നടന്ന റണ്‍വേയിലെ ചളി നീക്കം ചെയ്തു റണ്‍വേയുടെ വശത്തെ ലൈറ്റുകള്‍ പുനഃസ്ഥാപിച്ചാണ് പിന്നീട് വിമാനങ്ങള്‍ക്കു ലാന്‍ഡിങ്ങിനുള്ള അനുമതി നല്‍കിയത്. കൊച്ചിയിലേക്കു തിരിച്ചുവിട്ട വിമാനങ്ങള്‍ കരിപ്പൂരിലെത്തി തുടര്‍ സര്‍വിസ് നടത്തി. അപകടത്തില്‍പെട്ട വിമാനത്തിന്റെ ചെന്നൈ, ബംഗളൂരു സര്‍വിസ് റദ്ദാക്കി.
സംഭവത്തില്‍ വിമാനത്താവള അതോറിറ്റി പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്രത്തിനു കൈമാറിയിട്ടുണ്ട്. അപകടത്തില്‍ റണ്‍വേയുടെ അതിര്‍ത്തിയില്‍ വിമാനത്താവള അതോറിറ്റി സ്ഥാപിച്ച അഞ്ചു ലൈറ്റുകളാണ് തകര്‍ന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."