ഇന്ത്യ- ന്യൂസിലന്റ് മത്സരത്തിന് ഒരുക്കങ്ങള്‍ തുടങ്ങി; ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തില്‍
കഠിനംകുളം: ഇരുപത്തി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം തലസ്ഥാന ജില്ല വേദിയാകുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വരുന്ന നവംബര്‍ ഏഴിന് ന്യൂസിലന്‍ഡും ഇന്ത്യയും തമ്മിലുള്ള ടി20 മത്സരത്തിന് സ്‌റ്റേഡിയവും പരിസരവും തയാറെടുപ്പ് തുടങ്ങിയതോടെ തലസ്ഥാന ജില്ലയിലെ ക്രിക്കറ്റ് പ്രേമികള്‍ ആഹ്ലാദത്തിമിര്‍പ്പിലാണ്. മൂന്ന് പതിറ്റാണ്ടിന്റെ നീണ്ട ഇടവേളക്ക് ശേഷം ജില്ലയിലെത്തുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തെ ക്രിക്കറ്റ് ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത് സ്വീകരിച്ച് കഴിഞ്ഞു. മത്സരം അരങ്ങേറാന്‍ ഇനി മൂന്ന് മാസം നിലനില്‍ക്കേ ജില്ലയിലെ ക്രിക്കറ്റ് പ്രേമികള്‍ കളി കാണാനുള്ള വഴികള്‍ ഇതിനകം തന്നെ അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിനായി കെ.സി.എയേയും സ്റ്റഡിയം അധികൃതരേയും ദിവസവും നൂറുകണക്കിന് പേരാണ് ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നത്.
എന്നാല്‍ ടിക്കറ്റ് വിലയും മറ്റും ഇതേവരേ തീരുമാനത്തെതിനാല്‍ കെ.സി.എ ഈ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. നവംബര്‍ ഏഴിന് കളി കാണാനായി ഐ.ടി നഗരമായ കഴക്കൂട്ടം ഉള്‍പ്പെടെ നഗരത്തിലെ പ്രധാന ഹോട്ടലുകളില്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള ക്രിക്കറ്റ് ആസ്വാദകരുടെ ബുക്കിംങ് ആരംഭിച്ച് കഴിഞ്ഞു. കഴക്കൂട്ടത്തെ ഹോട്ടല്‍ മുറികള്‍ ഇതിനകം തന്നെ പൂര്‍ണമായും ബുക്ക് ചെയ്യ്തു കഴിഞ്ഞു. 2015 ജനുവരി 30 മുതല്‍ പതിനഞ്ച് ദിവസക്കാലം നീണ്ട് നിന്ന മുപ്പത്തി അഞ്ചാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാട സമാപന ചടങ്ങുകള്‍ക്ക് സാക്ഷിയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അന്നുതന്നെ ജനസാഗരമായി മാറിയിരുന്നു. തുടര്‍ന്ന് 2015 അവസാനത്തില്‍ ഇവിടെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റായ സാഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അരങ്ങേറിയപ്പോഴും സംഘാടകര്‍ പ്രതീക്ഷിക്കാത്ത കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്.
അഫ്ഗാനിസ്താനും ഇന്ത്യയുമായുള്ള ഫൈനല്‍ മത്സര ദിവസംസ്‌റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു. ഏകദേശം 50,000 ത്തോളം കാണികളാണ് ഫൈനല്‍ മത്സരം കാണാനെത്തിയത്. നൂറ് കണക്കിന് പേര്‍ കളി കാണാനാകാതെ നിരാശരായി മടങ്ങുകയും ചെയ്തു. നഗരവാസികളുടെയും ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ളവരുടെയും ഇപ്പോഴുള്ള ആവേശം കണക്കാക്കുമ്പോള്‍ നവംബര്‍ 7 ലെ ടി20 മത്സരം കാണാന്‍ സ്റ്റേഡിയം നിറഞ് കവിയും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ക്രിക്കറ്റിനും ഫുട്‌ബോളിനും ഒരു പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇതിനകം ലോക ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സംവിധാനങ്ങളുള്ള ചുരുക്കം ചില സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ ഗ്രീന്‍ഫീല്‍ഡ് ഇതിനകം ഇടം പിടിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ 180 ദിവസത്തെ കരാറാണ് ഗ്രീന്‍ഫീല്‍ഡും കേരളാ ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ളത്. അതിനാല്‍ ഇനിയും നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് തലസ്ഥാന ജില്ല വേദിയാകും.
50000ത്തിന് പുറത്ത് കാണികളെ ഉള്‍ക്കൊള്ളാനാകുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മാണം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് കൊണ്ടാണ്. കാണികളുടെ ഒഴുക്ക് പോലെയിരിക്കും ഇനി വരാനിരിക്കുന്ന മത്സരങ്ങളും. ജനശ്രദ്ധ പിടിച്ച് പറ്റുന്നതിലേക്ക് സ്റ്റേഡിയത്തില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. 37 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന സ്റ്റേഡിയത്തില്‍ തിയറ്റര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, നീന്തല്‍കുളങ്ങള്‍, ടെന്നീസ് കോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ വര്‍ഷവും ഒക്‌റ്റോബര്‍ ഒന്നുമുതല്‍ ജനുവരി 31 വരേയും ഏപ്രില്‍ ഒന്നു മുതല്‍ മെയ് 30 വരേയുമാണ് സ്‌റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിക്കുന്നത്. ബാക്കിയുള്ള സമയങ്ങളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കാകും സ്റ്റേഡിയം വേദിയാവുക.
നീണ്ട ഇടവേളക്ക് ശേഷം അനന്തപുരിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ബി. സി.സി.സി.ഐ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."